'ഡായ് ഡായ്...' പാടി ഷക്കീറയും ബർണ ബോയും; അസ്ടെക്കയെ ഇളക്കിമറിച്ച് ലോകകപ്പ് ഉദ്ഘാടനം
text_fieldsമെക്സിക്കോ സിറ്റി: ലോകം കാത്തിരുന്ന കാൽപ്പന്ത് ആവേശത്തിന് കൊടിയേറ്റം കുറിച്ചുകൊണ്ട് 2026 ഫിഫ ലോകകപ്പിന്റെ വർണ്ണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് ചരിത്രപ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിൽ പര്യവസാനം. കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണ ബോയും ചേർന്ന് ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ ആലപിച്ചതോടെ ഗാലറികൾ ആവേശക്കടലായി മാറി. ഉദ്ഘാടനച്ചടങ്ങുകൾ അവസാനിച്ചതോടെ ഇനി ഫുട്ബാൾ ലോകത്തിന്റെ കണ്ണ് ഉദ്ഘാടന മത്സരത്തിലേക്കാണ്. ആദ്യ പോരാട്ടത്തിൽ സഹആതിഥേയരായ മെക്സിക്കോ ആഫ്രിക്കൻ കരുത്തുമായെത്തുന്ന ദക്ഷിണാഫ്രിക്കയെ നേരിടും.
ഹരിതക്കടലായി അസ്ടെക്ക; ദക്ഷിണാഫ്രിക്ക എത്തി
സ്വന്തം നാടിനെ പിന്തുണയ്ക്കാനായി മെക്സിക്കൻ ആരാധകർ കൂട്ടത്തോടെ പച്ചക്കുപ്പായമണിഞ്ഞ് എത്തിയതോടെ അസ്ടെക്ക സ്റ്റേഡിയം പൂർണ്ണമായും ഹരിതക്കടലായി മാറി. ഉദ്ഘാടന മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീമും സ്റ്റേഡിയത്തിൽ എത്തിക്കഴിഞ്ഞു. കിക്കോഫിന് തൊട്ടുമുമ്പ് മെക്സിക്കൻ സംസ്കാരം വിളിച്ചോതുന്ന പ്രത്യേക ചടങ്ങുകളും ഗ്രൗണ്ടിൽ അരങ്ങേറി. 2010 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ ആവർത്തനം കൂടിയാണ് ഇന്ന് നടക്കുന്നത്. അന്ന് ജൊഹാനസ്ബർഗിൽ നടന്ന നാടകീയമായ മത്സരത്തിൽ ഇരുടീമുകളും 1-1 സമനിലയിൽ പിരിയുകയായിരുന്നു.
നിരവധി പുതുമകളോടെയാണ് ഈ ലോകകപ്പ് അരങ്ങേറുന്നത്. ചരിത്രത്തിലാദ്യമായി 32 ടീമുകളിൽ നിന്ന് 48 ടീമുകളായി ടൂർണമെന്റ് വ്യാപിപ്പിച്ചു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ആതിഥേയ രാജ്യത്തിന്റെയും ആദ്യ മത്സരത്തിന് മുൻപായി പ്രത്യേക ഉദ്ഘാടനച്ചടങ്ങുകൾ ഉണ്ടായിരിക്കും. ഇത്തരത്തിൽ മൂന്ന് ഉദ്ഘാടനച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്ന ആദ്യ ലോകകപ്പ് കൂടിയാണിത്.
പന്തുരുളുന്നതിന് മുൻപ് തന്നെ നിരവധി വിവാദങ്ങളാണ് ഈ ലോകകപ്പിനെ വലിഞ്ഞുമുറുക്കിയത്. വിസ പ്രശ്നങ്ങൾ കാരണം റഫറിമാർ ഉൾപ്പെടെയുള്ളവർക്ക് യാത്രാ അനുമതി നിഷേധിക്കപ്പെട്ടതും, അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള കടുത്ത രാഷ്ട്രീയ സംഘർഷങ്ങളും കായിക ലോകത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ എല്ലാ വിവാദങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് ലോകം ഇനി അടുത്ത ഒരു മാസക്കാലം ഫുട്ബാൾ ലഹരിയിലേക്ക് മുഴുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

