അർജന്റീനയുടെ ജനിതക വ്യതിയാനം
text_fieldsTen days that shook the world- 1917ലെ റഷ്യൻ വിപ്ലവം നേരിട്ടു കണ്ടതിനെക്കുറിച്ച് അമേരിക്കൻ മാധ്യമപ്രവർത്തകൻ ജോൺ റീഡ് എഴുതിയ വിഖ്യാത പുസ്തകമാണിത്. റീഡിന്റെ ഈ പുസ്തകത്തിന്റെ തലക്കെട്ട് പിന്നീട് കലയിലും സാഹിത്യത്തിലും സ്പോർട്സിലുമെല്ലാം സമാനമായ പ്രയോഗങ്ങൾക്കു പ്രചോദനമായിട്ടുണ്ട്. ഇത്തവണ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ 79ാം മിനിറ്റു വരെ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചു ജയിച്ച അർജന്റീനയെക്കുറിച്ച് ഭാവിയിൽ ഒരു സിനിമ വരുകയാണെങ്കിൽ അതിന്റെ തലക്കെട്ട് ഇങ്ങനെയായിരിക്കും- 13 minutes that shook the world, ലോകത്തെ പിടിച്ചുകുലുക്കിയ 13 മിനിറ്റുകൾ! പിടിച്ചുകുലുക്കി എന്നു പറയുന്നത് അക്ഷരാർഥത്തിൽ ശരിയാണ്. കാരണം പെരുമഴക്കുശേഷം മരം പെയ്യുന്നതുപോലെ മത്സരത്തെച്ചൊല്ലിയുള്ള ചർച്ചകളും വിവാദങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. ഫുട്ബാൾ ലോകം രണ്ടായി തിരിയുന്ന തരത്തിലുള്ള ചേരിപ്പോര്. ചർച്ചകളും വിവാദങ്ങളും തുടരട്ടെ. പക്ഷേ, എങ്ങനെയാണ് അർജന്റീന അവിസ്മരണീയമായ ഈ തിരിച്ചുവരവ് സാധ്യമാക്കിയത്. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ പെനാൽറ്റി നഷ്ടം ഉൾപ്പെടെ തൊട്ടതെല്ലാം പിഴച്ചു എന്നു തോന്നിച്ച ഒരു മത്സരം അവസാനം എങ്ങനെയാണ് അവർ തങ്ങളുടെ പേരിലെഴുതിയത്? മൈതാനത്തെ തന്ത്രങ്ങൾക്കൊപ്പം തന്നെ 2021 കോപ്പ അമേരിക്ക മുതൽക്കുള്ള അർജന്റീന ദേശീയ ടീമിന്റെ ജനിതക വ്യതിയാനത്തിലാണ് അതിന്റെ ഉത്തരം.
ശൈത്യകാലത്തിനു പിന്നാലെ...
nacimos para sufrir എന്നൊരു ചൊല്ലുണ്ട് അർജന്റീനയിൽ. നമ്മൾ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവരാണ് എന്നാണ് ഈ സ്പാനിഷ് പ്രയോഗത്തിന്റെ അർഥം. രാഷ്ട്രീയത്തിലും ഫുട്ബാളിലുമെല്ലാം ഈ തത്ത്വശാസ്ത്രത്തിൽ അഭയം കണ്ടെത്തുന്നവരാണ് അർജന്റീനക്കാർ. രാജ്യത്തെ അസ്ഥിരമായ ഭരണകൂടങ്ങളെപ്പോലെ ദേശീയ ഫുട്ബാൾ ടീമിന്റെ അസ്തിത്വ പ്രതിസന്ധികളുമാണ് അർജന്റീനക്കാരെ ഇങ്ങനെയൊരു മനോഗതിയിലെത്തിച്ചത്. ബ്രസീലിനും ഒരു വ്യാഴവട്ടം മുമ്പേ ആദ്യ രാജ്യാന്തര മത്സരം കളിച്ചിട്ടുണ്ട് അർജന്റീന. 1902ൽ ഉറുഗ്വായിക്കെതിരെയായിരുന്നു അത്. എന്നാൽ, മുക്കാൽ നൂറ്റാണ്ടോളം അയൽക്കാരുടെ ലോക കിരീടനേട്ടങ്ങൾ കണ്ടുനിൽക്കാനായിരുന്നു അവരുടെ വിധി. 1950നുള്ളിൽ ഉറുഗ്വായി രണ്ട് ലോകകപ്പും 1970നുള്ളിൽ ബ്രസീൽ മൂന്നു ലോകകപ്പും നേടിയപ്പോൾ അർജന്റീനയുടെ ഷെൽഫ് ശൂന്യമായി തുടർന്നു. ഒടുവിൽ 1978ൽ സ്വന്തം നാട്ടിൽ ആദ്യമായി ലോകജേതാക്കളായപ്പോൾ സൈനിക ഭരണകൂടത്തിന്റെ തണലിലായിരുന്നു ആ നേട്ടം എന്ന ആരോപണം അവരെ പിന്തുടർന്നു. ഒടുവിൽ അവർക്കു ശാപമോഷം നൽകിയത് ഡിയേഗോ മറഡോണയാണ്. ടീമിനെ ഏറക്കുറെ ഒറ്റക്ക് തോളിലേറ്റി മറഡോണ 1986ൽ രാജ്യത്തെ ലോകജേതാക്കളാക്കിയപ്പോൾ അർജന്റീനക്കാർ ആശ്വസിച്ചു-തങ്ങളുടെ നല്ലകാലം വന്നെന്ന്. എന്നാൽ, മറ്റൊരു സഹനകാലത്തിന്റെ തുടക്കമായിരുന്നു അത്. മൂന്നര പതിറ്റാണ്ടു വേണ്ടിവന്നു അവർക്കാ കാലം കടക്കാൻ.
വസന്തം വരാതിരിക്കുമോ..
അർജന്റീനയുടെ ജനിതക വ്യതിയാനത്തിന്റെ കഥ 2021 കോപ്പ അമേരിക്കയിൽ തുടങ്ങുന്നു. എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവരാണ് എന്ന മനോഭാവത്തിൽ നിന്ന് ഏതു ദുരിതകാലവും അതിജീവിക്കാൻ കഴിവുള്ളവരാണ് തങ്ങളെന്ന് അർജന്റീന ദേശീയ ടീം സ്വയം തിരിച്ചറിഞ്ഞ ടൂർണമെന്റായിരുന്നു അത്. ഫൈനലിനു തൊട്ടുമുമ്പ് മെസ്സി ടീമിനോടു നടത്തിയ ഒന്നര മിനിറ്റ് പ്രസംഗമായിരുന്നു ആ തിരിച്ചുവരവിന്റെ ബ്ലൂപ്രിന്റ്. ഈ 45 ദിവസങ്ങൾക്ക് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. യാത്രയെക്കുറിച്ച്, താമസത്തെക്കുറിച്ച്, ഭക്ഷണത്തെക്കുറിച്ച് പരാതിയില്ലാതെ, കുടുംബത്തെക്കാണാതെ 45 ദിവസങ്ങൾ നമ്മൾ ഒരുമിച്ചു മുന്നേറി. എൽ ദിബു (എമിലിയാനോ മാർട്ടിനസ്) ഇതിനിടെ ഒരു പിതാവായി.
തന്റെ കുഞ്ഞിനെപ്പോലും കാണാൻ പോവാതെയാണ് അദ്ദേഹം നമുക്കൊപ്പം തുടരുന്നത്..മെസ്സിയുടെ ആ പ്രസംഗം യൂട്യൂബിലൂടെ ഇപ്പോൾ വീണ്ടും കേൾക്കുമ്പോൾ ഒരു വിപ്ലവാഹ്വാനം പോലെ തോന്നാം. കാരണം അതിനു ശേഷമാണ് കോച്ച് ലയണൽ സ്കലോനിയുടെ കീഴിൽ അർജന്റീനയും മെസ്സിയും സ്വയം തിരിച്ചറിഞ്ഞത്. ശേഷം ഒരു തിരിച്ചടികളിലും അവർ തളർന്നിട്ടില്ല. 2022 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയപ്പോൾ ഉൾപ്പെടെ.
മെസ്സിയുടെ ആ പ്രസംഗത്തിന് അർജന്റീന താരങ്ങൾ മറുപടി പറഞ്ഞത് ഡ്രസ്സിങ് റൂമിൽ വെച്ചല്ല. മൈതാനത്ത് കരളുപറിച്ചു നൽകിയാണ്. അറ്റ്ലാന്റയിൽ ഈജിപ്തിനെതിരെ കണ്ടതും അതാണ്. പെനാൽറ്റി പാഴാക്കിയതിന്റെ നിരാശയിൽ തലകുനിച്ചുനിന്ന നായകനെ അവർ തോളിൽ തട്ടി ആശ്വസിപ്പിച്ചു. രണ്ടു ഗോളിനു പിന്നിലായിട്ടും വിശ്വാസം കൈവിട്ടില്ല. ടിക് ടിക് എന്ന് അതിവേഗം നീങ്ങിയ ക്ലോക്കിലെ സമയത്തെ പിടിച്ചു നിർത്തി. അവസാനം മെസ്സി മുദ്രയുള്ള ഗോളുകളിലൂടെ തന്നെ അസാധ്യമെന്നു കരുതിയ വിജയം നേടിയെടുത്തു. അതിനപ്പുറം കൂടുതൽ കൂടുതൽ ടാക്റ്റിക്കൽ ആയി മാറിക്കൊണ്ടിരിക്കുന്ന ലോകഫുട്ബാളിനെ വീണ്ടും മനുഷ്യശേഷിയുടെ ഉജ്ജ്വല പ്രദർശനമാക്കി മാറ്റിയെടുത്തു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

