1986ലെ 'കടുംനീല' ഭാഗ്യം; സെമിയിൽ അർജന്റീന എവേ ജഴ്‌സി ആവശ്യപ്പെട്ടതിന് പിന്നിൽ...
text_fieldsഅറ്റ്ലാന്റ: 2026 ലോകകപ്പിന്റെ സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ് അർജന്റീന. അറ്റ്ലാന്റയിൽ നടക്കുന്ന ഈ നിർണായക പോരാട്ടത്തിന് മുൻപായി ഫിഫയ്ക്ക് മുന്നിൽ ഒരു പ്രത്യേക ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മെസ്സിയും സംഘവും. തങ്ങളുടെ പരമ്പരാഗത ഹോം ജഴ്‌സിക്ക് പകരം കടും നീല നിറത്തിലുള്ള എവേ ജഴ്‌സി ധരിച്ച് കളിക്കാൻ അനുവദിക്കണമെന്നാണ് അർജന്റീനയുടെ ആവശ്യം.
അർജന്റീന ദേശീയ ടീമിനെ സ്ഥിരമായി പിന്തുടരുന്ന പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എഡുൾ ആണ് ഈ വാർത്ത പുറത്തുവിട്ടത്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ നീല ജഴ്‌സി ധരിക്കാനായി അർജന്റീന ഫിഫയോട് ഔദ്യോഗികമായി അഭ്യർഥിച്ചിട്ടുണ്ടെന്നും, ചൊവ്വാഴ്ചയോടെ ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. ഈ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ജോർഡനെതിരെ (3-1) മാത്രമാണ് ടീം കടും നീല ജഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങിയത്.
കടും നീല ജഴ്‌സിക്കായുള്ള ആവശ്യത്തിന് പിന്നിലെ ഔദ്യോഗിക കാരണം വ്യക്തമല്ലെങ്കിലും, 1986-ൽ ഡിയേഗോ മറഡോണയുടെ വിഖ്യാതമായ 'നൂറ്റാണ്ടിന്റെ ഗോൾ' പിറന്ന ക്വാർട്ടർ ഫൈനലിലും, 1998-ൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇംഗ്ലണ്ടിനെ തകർത്ത പ്രീക്വാർട്ടറിലുമാണ് അർജന്റീന വിജയം രുചിച്ചത്. ഈ രണ്ട് ചരിത്രവിജയങ്ങളിലും അർജന്റീന തങ്ങളുടെ പ്രശസ്തമായ വെള്ളയും ഇളംനീലയും കലർന്ന ജഴ്‌സിക്ക് പകരം കടും നീല നിറത്തിലുള്ള എവേ ജഴ്‌സിയാണ് അണിഞ്ഞിരുന്നത്. ഈ ചരിത്രം സെമിയിലും ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് പുതിയ നീക്കമെന്ന് കരുതപ്പെടുന്നു.
ഇംഗ്ലണ്ടിന്റെ വെള്ള ജേഴ്സിയുമായി അർജന്റീനയുടെ നീലയും വെള്ളയും വരകളുള്ള ജേഴ്സിക്ക് വലിയ നിറവ്യത്യാസമില്ലാത്തതിനാൽ കളത്തിൽ ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയില്ലാഞ്ഞിട്ടും കടും നീല ജേഴ്‌സി ആവശ്യത്തിന് പിന്നിൽ അർജന്റീനിയൻ ഫുട്ബാൾ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ 'കബാല' ആണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ അഞ്ച് തവണയാണ് അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ വന്നത്. ഇതിൽ മൂന്ന് തവണ ഇംഗ്ലണ്ട് ജയിച്ചപ്പോൾ, രണ്ട് തവണ വിജയം അർജന്റീനയ്‌ക്കൊപ്പമായിരുന്നു.
ഫിഫയുടെ ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം സെമിഫൈനലിൽ ഇംഗ്ലണ്ടാണ് 'ഹോം' ടീം. അതിനാൽ ഇംഗ്ലണ്ടിന് അവരുടെ ഹോം ജഴ്‌സി ധരിക്കാം. സ്വാഭാവികമായും 'എവേ' ടീമായ അർജന്റീനയ്ക്ക് അവരുടെ എവേ ജഴ്‌സി അണിയാൻ സാങ്കേതികമായി തടസ്സങ്ങളുണ്ടാകില്ല. എന്തായാലും ബുധനാഴ്ച ജൂഡ് ബെല്ലിങ്ഹാമും സംഘവും ഫുട്ബാൾ ഇതിഹാസങ്ങളെ വീഴ്ത്താമെന്ന പ്രതീക്ഷകളുമായി ഇറങ്ങുമ്പോൾ, ലയണൽ മെസ്സിക്കും അർജന്റീനയ്ക്കും ഈ ലോകകപ്പിലെ ഏറ്റവും വലിയ വെല്ലുവിളിയാകും അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

