നാൻ വീഴ്വേൻ എന്ന് നിനൈത്തായോ; ഇത് കിരീടവും ചെങ്കോലുമേന്തിയ യഥാർത്ഥ രാജാവ്
text_fieldsഅറ്റ്‌ലാന്റ: മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിലെ ക്ലോക്കിൽ സമയം 78 മിനിറ്റ് പിന്നിടുന്നു. സ്കോർബോർഡിൽ അർജന്റീന 0, ഈജിപ്ത് 2. ലോകചാമ്പ്യന്മാർ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്ന യാഥാർഥ്യം ഫുട്ബാൾ ലോകം ഉൾക്കൊണ്ടു തുടങ്ങിയിരുന്നു. ആദ്യ പകുതിയിൽ ലയണൽ മെസ്സി പെനാൽറ്റി പാഴാക്കിയതിന്റെ ഭാരവും, മുസ്തഫ സിക്കോയിലൂടെ ഈജിപ്ത് നടത്തിയ കൗണ്ടർ അറ്റാക്കിന്റെ ആഘാതവും അർജന്റീനയെ വല്ലാതെ തളർത്തിയിരുന്നു. എന്നാൽ പിന്നീട് അറ്റ്‌ലാന്റ കണ്ടത് ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉയിർത്തെഴുന്നേൽപ്പുകളിലൊന്നാണ്.
അവസാന 11 മിനിറ്റിൽ ലോകചാമ്പ്യന്മാർ തങ്ങളുടെ യഥാർത്ഥ കരുത്ത് പുറത്തെടുത്തു. കേപ് വെർഡെക്കെതിരെ എക്സ്ട്രാ ടൈമിൽ 3-2ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ കൃത്യമായ തനിയാവർത്തനം. പ്രതിസന്ധികളിൽ തളരാതെ പൊരുതാനുള്ള ലയണൽ സ്കലോണിയുടെ സംഘത്തിന്റെ അസാമാന്യമായ നിശ്ചയദാർഢ്യമാണ് അവിടെ കണ്ടത്. ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴിയിൽ നിന്ന്, അവർ വീണ്ടും ജീവൻ വീണ്ടെടുക്കുകയായിരുന്നു.
ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്തഫ ഷൊബെയ്റിന് മുന്നിൽ 21-ാം മിനിറ്റിൽ പെനാൽറ്റി പാഴാക്കിയപ്പോൾ, ഒരു ലോകകപ്പിൽ രണ്ട് പെനാൽറ്റികൾ (ഷൂട്ടൗട്ട് ഒഴികെ) പാഴാക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന മോശം റെക്കോർഡ് മെസ്സിയെ തേടിയെത്തിയിരുന്നു. ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോടേറ്റ തോൽവിയുടെ ഓർമ്മകൾ ആരാധകരെ വീണ്ടും വേട്ടയാടി. എന്നാൽ ഒരു യഥാർത്ഥ പോരാളി വലിയ വീഴ്ചകളിൽ നിന്നാണ് അതിശക്തമായി തിരിച്ചുവരുന്നത്.
79-ാം മിനിറ്റിൽ വലതു പാർശ്വത്തിൽ നിന്നും മെസ്സി അളന്നുമുറിച്ചു നൽകിയ അതിമനോഹരമായ ക്രോസ് ക്രിസ്റ്റ്യൻ റൊമേറോ ഹെഡറിലൂടെ വലയിലാക്കി. ഈ ഒരൊറ്റ അസിസ്റ്റിലൂടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ലോകകപ്പ് അസിസ്റ്റുകളുടെ റെക്കോർഡും മെസ്സി പഴങ്കഥയാക്കി. ചരിത്രത്തിന്റെ ഭാരം മെസ്സി ഒറ്റനിമിഷം കൊണ്ട് കുടഞ്ഞെറിഞ്ഞു.
നാല് മിനിറ്റുകൾക്ക് ശേഷം സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു. ഗോൺസാലോ മോണ്ടിയൽ നൽകിയ പാസിൽ നിന്ന് ബോക്സിനുള്ളിൽ വെച്ച് തന്റെ സ്വതസിദ്ധമായ ശൈലിയിൽ, ഒരു കിടിലൻ ഇടങ്കാലൻ ഷോട്ടിലൂടെ മെസ്സി അർജന്റീനയെ ഒപ്പമെത്തിച്ചു. ടൂർണമെന്റിൽ താരത്തിന്റെ എട്ടാം ഗോളായിരുന്നു ഇത്. ഇതോടെ കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ് എന്നിവരെ മറികടന്ന് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സി ഒറ്റയ്ക്ക് ഒന്നാമതെത്തുകയും ചെയ്തു.
പിന്നീട് ഇഞ്ചുറി ടൈമിൽ (90+2) ലൗട്ടാരോ മാർട്ടിനസിന്റെ പാസിൽ നിന്ന് എൻസോ ഫെർണാണ്ടസ് വിജയഗോൾ കൂടി നേടിയതോടെ ആഫ്രിക്കൻ വൻമതിൽ പൂർണ്ണമായും തകർന്നു വീണു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ആശ്വാസത്തോടെ ഗ്രൗണ്ടിൽ മുട്ടുകുത്തി കരയുന്ന മെസ്സിയെയാണ് ലോകം കണ്ടത്. കേപ് വെർഡെക്കെതിരായ മത്സരത്തിന് സമാനമായി, പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് പൊരുതിക്കയറി ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുകയാണ് അർജന്റീന. തോൽവിയുടെ വക്കിൽ നിൽക്കുമ്പോഴാണ് ഈ ടീം ഏറ്റവും അപകടകാരികളാകുന്നത് എന്ന് അവർ വീണ്ടും തെളിയിച്ചിരിക്കുന്നു. തങ്ങളെ എഴുതിത്തള്ളാൻ സമയമായിട്ടില്ലെന്ന കൃത്യമായ മുന്നറിയിപ്പോടെ ലോകചാമ്പ്യന്മാർ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

