'വാർ' ഉള്ളപ്പോൾ ആർക്കാണ് കള്ളക്കളി നടത്താനാവുക; അർജന്റീന പരിശീലകൻ സ്കലോണി
text_fieldsന്യൂയോർക്ക്: ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയുടെയും റഫറിമാരുടെയും വഴിവിട്ട സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കോച്ച് ലയണൽ സ്കലോണി. സ്വിറ്റ്സർലൻഡിനെതിരായ നിർണായക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ വീണ്ടും ലോകകപ്പ് നേടുന്നത് കാണാൻ ആഗ്രഹിക്കാത്ത ചിലരാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്ന് സ്കലോനി തുറന്നടിച്ചു.
കഴിഞ്ഞ ലോകകപ്പിൽ അർജന്റീന ചാമ്പ്യന്മാരായതു കൊണ്ടുതന്നെ തങ്ങൾ ഇത്തവണ തോൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ ലോകത്തുണ്ടെന്ന് സ്കലോനി പറഞ്ഞു. ഈ നെഗറ്റീവ് പ്രചാരണങ്ങൾ കളിക്കാരുടെ ചെവിയിലുമെത്തുന്നുണ്ടെന്നും എന്നാൽ ഇത് ടീമിന് ഗുണകരമാവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇത്തരം കടുത്ത വിമർശനങ്ങളെയും ഒളിയമ്പുകളെയും ഞങ്ങൾ മൈതാനത്ത് ഒരു പോരാട്ടവീര്യമായാണ് മാറ്റിയെടുക്കുന്നത്. വിമർശിക്കുന്നവരോട് കലഹിക്കാനും അതിലൂടെ കൂടുതൽ മികച്ച കളി പുറത്തെടുക്കാനും കളിക്കാർക്ക് ഇത് ഊർജ്ജം നൽകും," സ്കലോനി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരായ മത്സരത്തിലെ ചില വിധിനിർണ്ണയങ്ങളാണ് പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടത്. ഈജിപ്തിന്റെ ഒരു ഗോൾ വി.എ.ആർ പരിശോധനയിലൂടെ റദ്ദാക്കിയതും അവർക്ക് അനുകൂലമായ പെനാൽറ്റി അപ്പീൽ റഫറി നിരസിച്ചതുമാണ് സോഷ്യൽ മീഡിയയിലും ഫുട്ബാൾ ആരാധകർക്കിടയിലും വലിയ ചർച്ചയായത്. ലയണൽ മെസ്സി ടൂർണമെന്റിൽ തുടരുന്നത് ഫിഫയ്ക്ക് സാമ്പത്തികമായി നേട്ടമാണെന്ന വാദവും വിമർശകർ ഉയർത്തുന്നുണ്ട്.
എന്നാൽ ഇതൊക്കെ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് സ്കലോനി തള്ളിപ്പറഞ്ഞു. 1986-ൽ അർജന്റീന കപ്പടിച്ചപ്പോഴും ആളുകൾ ഇതേ കാര്യങ്ങൾ പറഞ്ഞിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. അർജന്റീന എപ്പോഴും ടൂർണമെന്റുകളിൽ കനത്ത പോരാട്ടം കാഴ്ചവെക്കുന്ന ടീമാണെന്നും അതുകൊണ്ട് തന്നെ ഇത്തരം അസൂയകൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാങ്കേതികവിദ്യയുടെ കാലത്ത് റഫറിമാർക്ക് ആരെയും സഹായിക്കാനാകില്ലെന്നും സ്കലോനി ചൂണ്ടിക്കാട്ടി. "വി.എ.ആർ ഉള്ള ഈ കാലത്ത് ഒരു ടീമിനെ മാത്രം പ്രത്യേകമായി സഹായിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം വി.എ.ആർ ദൃശ്യങ്ങൾക്ക് മറ്റ് വ്യാഖ്യാനങ്ങൾ നൽകാനാകില്ല. ലോകകപ്പിന് മുൻപ് ഫിഫ നൽകിയ ക്ലാസുകളിൽ നിയമങ്ങൾ എങ്ങനെയൊക്കെയായിരിക്കുമെന്ന് കൃത്യമായി വ്യക്തമാക്കിയിരുന്നതാണ്. നിലവിൽ റഫറിമാർ ആ നിയമങ്ങൾ അതേപടി പാലിക്കുക മാത്രമാണ് ചെയ്യുന്നത്," കോച്ച് പറഞ്ഞു. ഞായറാഴ്ച (ജൂലൈ 12) നടക്കുന്ന വാശിയേറിയ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീന സ്വിറ്റ്സർലൻഡിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

