Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഅ​ർ​ജ​ന്റീ​ന​യു​ടെ...

അ​ർ​ജ​ന്റീ​ന​യു​ടെ ആ​ന്റി ഫു​ട്ബാൾ

text_fields
bookmark_border
അ​ർ​ജ​ന്റീ​ന​യു​ടെ ആ​ന്റി ഫു​ട്ബാൾ
cancel
camera_alt

എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സി​ന് ചു​വ​പ്പ് കാ​ർ​ഡ്

Objects in the mirror are closer than they appear എന്നു പറയാറുണ്ടല്ലോ. കണ്ണാടിയിൽ വിദൂരമായി തോന്നുന്ന വസ്തുക്കൾ യഥാർഥത്തിൽ

അടുത്തായിരിക്കാം എന്ന ഡ്രൈവിങ് മുന്നറിയിപ്പാണത്. എന്നാൽ ഓർമകൾക്ക് ഇതിന്റെ എതിർസ്വഭാവമാണ്. സമീപകാലത്തെ നല്ല ഓർമകൾ പോലും അതിവിദൂരകാലത്തെ സ്മൃതിയായി നമുക്ക് അനുഭവപ്പെട്ടേക്കാം.

2022 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീന നേടിയ രണ്ടാം ഗോളിന്റെ വിഡിയോ ദൃശ്യം ഒന്നു കൂടി കണ്ടു നോക്കൂ. അന്ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ, എമിലിയാനോ മാർട്ടിനസിൽ തുടങ്ങി, മെസ്സിയിലൂടെ പാകപ്പെട്ട്, അൽവാരസിലൂടെ മുന്നേറി, മക്കലിസ്റ്ററിലൂടെ കൈമാറ്റം ചെയ്യപ്പെട്ട്, ഡിമരിയയിലൂടെ പൂർത്തീകരിക്കപ്പെട്ട ആ ഗോൾ കോച്ച് ലയണൽ സ്കലോണിക്കു കീഴിൽ അർജന്റീന ടീം കൈവരിച്ച സുന്ദരഫുട്ബോളിന്റെ ആവിഷ്ക്കാരമായിരുന്നു. പക്ഷേ മൂന്നര വർഷങ്ങൾക്കു ശേഷം ഒരിക്കൽ കൂടി കാണുമ്പോൾ ആ ഗോൾ ഗൃഹാതുരമായ ഒരു ഓർമയായി മാത്രമേ അനുഭവപ്പെടൂ.

കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ സ്പെയിനെതിരെ മറ്റൊരു ലോകകപ്പ് ഫൈനലിൽ അതേ അർജന്റീന (അന്നത്തെ ഗോൾ സ്കോറർ ഡിമരിയ ഇല്ല എന്നതൊഴിച്ചാൽ) കാഴ്ച വച്ച കളിയിൽ ആ ഗോളിന്റെ ഒരംശം പോലും നമുക്ക് കണ്ടെടുക്കാൻ കഴിയുന്നില്ല. കാരണം ഈ മത്സരത്തിൽ അർജന്റീന കളിച്ചത് ഫുട്ബോളായിരുന്നില്ല, ആന്റി ഫുട്ബോളായിരുന്നു.

വിജയങ്ങളുടെ തടവറയിൽ അകപ്പെട്ട് ഒടുവിൽ അതിൽനിന്നു പുറത്തു കടക്കാവാതെ പോയ ഒരു പരിശീലകന്റെ മുഖമായിരുന്നു ഈ ഫൈനലിൽ സ്കലോനിക്ക്. നാലു വർഷം മുൻപ് നേടിയ ലോക കിരീടത്തിന്റെ കീർത്തി, അതു നിലനിർത്താനുള്ള അദമ്യമായ ആഗ്രഹം, അതിനു വേണ്ടിയുള്ള അതിരുവിട്ട തന്ത്രങ്ങൾ, ഒടുവിൽ അനിവാര്യമായ പതനം. അർജന്റീനയുടെ ഈ തോൽവി അവരുടെ മുൻ വിജയങ്ങളെയെല്ലാം റദ്ദ് ചെയ്യുന്നില്ലായിരിക്കാം. പക്ഷേ ഈ മത്സരത്തെ അവർ നേരിട്ട രീതി, സ്കലോണിക്കു കീഴിലുള്ള ഈ സുവർണ തലമുറയുടെ സൗന്ദര്യാത്മക പതനം തന്നെയാണ്.

വിജയിക്കാൻ വേണ്ടി ഏതു വിപരീതവഴികളും സ്വീകരിക്കുന്ന ആന്റി ഫുട്ബോൾ എന്ന സംജ്ഞയുടെ പിറവി അർജന്റീന ഫുട്ബോളിൽ

നിന്നു തന്നെയാണ്. 1968 ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന അർജന്റൈൻ ക്ലബ് എസ്റ്റുഡിയാന്റെയുടെ കളിയെ അവിടുത്തെ മാസികയായ എൽ ഗ്രാഫിക്കോ വിശേഷിപ്പിച്ചതാണത്. ഇരുപാദങ്ങളിലുമായി നടന്ന ആ ഫൈനലിനെ ഒസ്‌വാൾഡോ സുബെൽഡിയ പരിശീലകനായ എസ്റ്റുഡിയാന്റെ നേരിട്ടത് അക്രമാസക്തമായിട്ടാണ്. പരുക്കൻ ഫൗളുകളും കാർഡുകളുമെല്ലാം നിറ‍ഞ്ഞ മത്സരത്തിൽ മൈതാനത്ത് സുബെൽഡിയയുടെ പടനായകരിലൊരാൾ കാർലോസ് ബിലാർ‍ഡോ ആയിരുന്നു. പിൽക്കാലത്ത് 1986 ലോകകപ്പിൽ അർജന്റീനയെ വിജയത്തിലേക്കു നയിച്ച പരിശീലകൻ ബിലാർഡോ തന്നെ. വിലക്കപ്പെട്ടത് എന്ന അർഥത്തിൽ ഹറാംബാൾ എന്നെല്ലാം പുതിയകാലത്ത് വിശേഷിപ്പിക്കപ്പെടുന്ന ആന്റി ഫുട്ബോളിനെ വിജയത്തിനുള്ള വഴിയായി സ്കലോനിയുടെ അർജന്റീനയും കാണുന്നു എന്നത് നിരാശാജനകമായ കാര്യമാണ്. അതും ലോകത്ത് ഏറ്റവും ഓമനത്തത്തോടെ പന്തിനെ പരിപാലിക്കുന്ന കളിക്കാരൻ ടീമിലുള്ളപ്പോൾ തന്നെ!

രണ്ടു മണിക്കൂർ നീണ്ട മത്സരത്തിൽ, ഷോട്ടുകളിലും പാസുകളിലുമെല്ലാം സ്പെയിനിന്റെ അടുത്തെങ്ങുമില്ലാതെ പോയ അർജന്റീന ഈ മത്സരത്തിൽ മുന്നിൽ നിൽക്കുന്നത് പ്രധാനമായും രണ്ടു കണക്കുകളിലാണ്- ഫൗളുകളിലും കാർഡുകളിലും! പല ഫൗളുകളിലും റഫറിയുടെ കാരുണ്യം കൊണ്ടു മാത്രം അവർ രക്ഷപ്പെടുകയും ചെയ്തു. മത്സരത്തിൽ അവർ സ്വീകരിച്ച സമീപനത്തിന്റെ തെളിവു തന്നെയാണത്. മെസ്സിയെ മാറ്റി നിർത്തിയാൽ സ്പെയിൻ ടീമിന്റെ വിഭവശേഷിയോടു മത്സരിക്കാനുള്ള ത്രാണി തന്റെ ടീമിനില്ല എന്നതു മനസ്സിലാക്കിയിട്ടാവണം സ്കലോണി ആ ടാക്റ്റിക്സിലേക്കു പോയത്. ഇംഗ്ലണ്ടിനെതിരെ സെമിഫൈനലിന്റെ ആദ്യ പകുതിയിൽ അതു ഫലിച്ചതിന്റെ ആത്മവിശ്വാസവും അദ്ദേഹത്തെ നയിച്ചിട്ടുണ്ടാവാം. എന്നാൽ ഇംഗ്ലണ്ടിനെപ്പോലെയായില്ല സ്പെയിൻ. അർജന്റീന താരങ്ങളുടെ പരുക്കൻ അടവുകളിൽ വീണു പോവാതെ സ്വന്തം കളിയിൽ അവർ ആത്മവിശ്വാസം പുലർത്തി. ഫലം, അപാരമായ ഭാഗ്യം കൊണ്ടു മാത്രം കളിയിൽ ആയുസ്സ് നീട്ടിയെടുത്തെങ്കിലും അവസാനം അർഹിച്ച തോൽവി അർജന്റീനയെ തേടിയെത്തി.

എൻസോ ഫെർണാണ്ടസ് മുതൽ ലിയാൻഡ്രോ പരദേസ് ഉൾപ്പെടെയുള്ള അർജന്റീന താരങ്ങൾ ഈ മത്സരത്തിലൂടെ തോൽപിച്ചു കള‍ഞ്ഞത് ലോകമെങ്ങുമുള്ള ആൽബിസെലസ്റ്റെ ആരാധകരെ മാത്രമല്ല, തന്റെ 39-ാം വയസ്സിലും അതുല്യമായ പ്രതിഭയോടെ ടീമിനെ മുന്നോട്ടു നയിച്ച ലയണൽ മെസ്സി എന്ന ഇതിഹാസത്തെ കൂടിയാണ്. അനാവശ്യമായി റഫറിയോട് തർക്കിച്ചതിനാണ് എൻസോ മത്സരത്തിൽ ആദ്യ മഞ്ഞക്കാർഡ് വാങ്ങുന്നത്. ഒടുവിൽ രണ്ടാമതൊരു ഫൗളിൽ എൻസോയോടു കാരുണ്യം കാണിക്കാൻ റഫറിക്കു പോലും കഴിഞ്ഞില്ല. രണ്ടു മണിക്കൂറോളം നീണ്ട മത്സരത്തിനു ശേഷവും അർജന്റീനയുടെ ആന്റി ഫുട്ബോൾ അവസാനിച്ചില്ല എന്നതാണ് ഈ മത്സരത്തെ ആരാധകരുടെ മനസ്സിൽ ഒരു മുറിവാക്കി മാറ്റുന്നത്. ഗുസ്തി മത്സരങ്ങളിലെന്ന പോലെ സ്പെയിൻ ടീം താരങ്ങളെ നേരിട്ട പരദേസിന്റെ ദൃശ്യം ഈ ഫൈനലിന്റെ ഓർമചിത്രങ്ങളിലൊന്നാണ്. മൈതാനത്തിന്റെ മറ്റൊരു കോണിൽ വിതുമ്പിക്കരഞ്ഞ മെസ്സിയുടെ ദൃശ്യം പോലെ തന്നെ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballArgentinaFIFA World CupFootball Match
News Summary - Argentina's anti-football
Next Story