നീലാകാശം ചുവന്ന ഭൂമി; കിരീട വിജയം തുടരാൻ മെസ്സിപ്പട; കപ്പിൽ മുത്തം കാത്ത് സ്പാനിഷ് അർമഡ
text_fieldsഅർജന്റീന (ഫിഫ റാങ്ക്: 3) ലോകകപ്പ് വേദിയിൽ ഇത് അർജന്റീനയുടെ 18-ാം പങ്കാളിത്തമാണ്. 1930-ൽ ഉറുഗ്വായിയിൽ വെച്ച് നടന്ന ആദ്യ ലോകകപ്പിൽ പങ്കെടുത്ത അർജന്റീന, 1978, 1986, 2022 വർഷങ്ങളിൽ കിരീടം ചൂടിയിട്ടുണ്ട്. ലോകകപ്പിൽ ഇതുവരെ 94 മത്സരങ്ങൾ കളിച്ച ടീം 53 ജയവും 17 സമനിലയും 24 തോൽവികളും വഴങ്ങി. അടിച്ച ഗോൾ 171, വഴങ്ങിയ ഗോൾ 103 എന്നിങ്ങനെയാണ് കണക്കുകൾ.
മെസ്സിപ്പടയുടെ കരുത്തും ദൗർബല്യവും
39-ാം വയസ്സിലും തീരാത്ത ഗോൾ ദാഹവുമായി ഗോളടിച്ചു കുതിക്കുന്ന ലയണൽ മെസ്സി തന്നെയാണ് അർജന്റീനയുടെ കരുത്ത്. നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും അവസാന മിനിറ്റിലെ പിടച്ചലിൽ അർജന്റീന ഗോളടിച്ചു ജയിക്കുമ്പോൾ ലയണൽ മെസ്സി കപ്പിത്താനായി. മെസ്സിയുടെ പരിചയവും പ്രതിഭയും തന്നെ ടീമിന്റെ കരുത്ത്. ഒപ്പം, വിജയത്തിനായി ഏതറ്റം വരെ പോരാടാൻ ശേഷിയുള്ള ഒരുപിടി താരങ്ങളും ഒപ്പമുണ്ട്. മധ്യനിരയിൽ എൻസോ, മക് അലിസ്റ്റർ, പരെഡസ് ത്രിമൂർത്തികൾ മെസ്സി-മാർട്ടിനസ്-അൽവാരസ് മുന്നേറ്റത്തിലേക്ക് ഇടതടവില്ലാതെ പന്തെത്തിക്കുകയെന്ന ജോലി തുടരും. പ്രതിരോധത്തിൽ റൊമീറോ, ലിസാദ്രോ മാർട്ടിനസ് എന്നിവർക്കൊപ്പം ചോരാത്ത കൈകളുമായി എമിലിയാനോ മാർട്ടിനസും ഇറങ്ങുന്നതോടെ അർജന്റീനയുടെ ചാമ്പ്യൻ പട സജ്ജം. എന്നാൽ, മെസ്സിയെന്ന ഏക നായകനിലാണ് അർജന്റീനയുടെ പ്രതീക്ഷകളെല്ലാം എന്നതുതന്നെ വലിയ പോരായ്മയുമാണ്. മെസ്സിയെ പൂട്ടിയാൽ അല്ലെങ്കിൽ പരിക്ക് കുരുങ്ങിയാൽ അർജന്റീനയെ വീണ്ടെടുക്കുക അസാധ്യമാണ്.
സ്പെയിൻ (ഫിഫ റാങ്ക്: 1)
ലോകകപ്പ് വേദിയിൽ ഇത് സ്പെയിനിന്റെ 17-ാം പങ്കാളിത്തമാണ്. 1934-ൽ ഇറ്റലിയിലാണ് ആദ്യ പങ്കാളിത്തം. 2010-ൽ കിരീടം ചൂടിയതാണ് മികച്ച പ്രകടനം. ലോകകപ്പിൽ ഇതുവരെ 74 മത്സരങ്ങളിൽ നിന്നായി 37 ജയവും 18 സമനിലയും 19 തോൽവിയുമാണ് സ്പെയിനിന്റെ അക്കൗണ്ടിലുള്ളത്. അടിച്ച ഗോൾ 121, വഴങ്ങിയ ഗോൾ 76.
സ്പാനിഷ് നിരയുടെ കരുത്തും ദൗർബല്യവും
19-കാരൻ ലമിൻ യമാലും, 24-കാരൻ നികോ വില്യംസുമായിരുന്നു യൂറോ ജേതാക്കളാകുമ്പോൾ സ്പെയിനിന്റെ തുരുപ്പുശീട്ടുകൾ. പരിക്ക് മാറിയ യമാൽ ഫോമിലേക്കുയർന്നു കഴിഞ്ഞു. നികോ ഏറെയും പകരക്കാരനായാണ് എത്തുന്നത്. മധ്യനിരയിലെ സൂപ്പർ ഇംപാക്ട് റോഡ്രിയും ഫാബിയാൻ റൂയിസും ടീമിന്റെ വിജയരഹസ്യമായി മാറുന്നു. ടൂർണമെന്റിൽ ഒരു ഗോൾ മാത്രം വഴങ്ങിയെന്നത് പ്രതിരോധ കരുത്തിന്റെ അടയാളമാവുന്നു. ഗോൾ കീപ്പർ ഉനായ് സിമോണും മിന്നുന്ന ഫോമിലാണുള്ളത്. കുറിയ പാസിൽ കോർത്തെടുക്കുന്ന ‘ടികി ടാക’യിലൂടെ എതിർ ഗോൾമുഖങ്ങൾ പിളർത്തി കുതിച്ച സ്പാനിഷ് പടയോട്ടം ഫ്രാൻസിനെതിരെ വരെ വിജയം കണ്ടു. ഇനി ഫൈനലിൽ എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം. എന്നാൽ, ഇതുവരെ കളിച്ചുവന്ന തന്ത്രങ്ങൾ കരുത്തരായ അർജന്റീനക്കെതിരെ എങ്ങനെ വർക്കൗട്ടാകുമെന്നത് സ്പെയിനിന് വെല്ലുവിളിയാണ്. ഗ്രൂപ് റൗണ്ടിൽ കാപ് വെർഡെയോട് കഷ്ടിച്ച് രക്ഷപ്പെട്ടവർക്ക്, മറ്റു മത്സരങ്ങളും ആധികാരികമായിരുന്നില്ല. മാത്രമല്ല, യമാലിന്റെ ബൂട്ടിൽ നിന്നും കാത്തിരിക്കുന്ന ഗോൾ ഇനിയും പിറന്നിട്ടുമില്ല.
ഫൈനലിന് മുന്നിലെ റെക്കോർഡുകളും കണക്കിലെ കളികളും
അന്താരാഷ്ട്ര ഫുട്ബാളിൽ സ്പെയിനിന്റെ അപരാജിത കുതിപ്പ് 37 മത്സരങ്ങൾ പൂർത്തിയാക്കി. 2024-ൽ കൊളംബിയക്കെതിരെ തോൽവി വഴങ്ങിയ ശേഷം ടീം ഇതുവരെ തോറ്റിട്ടില്ല (27 ജയവും 10 സമനിലയും). 2018 മുതൽ 2021 വരെ ഇറ്റലിയും, 2019 മുതൽ 2021 വരെ അർജന്റീനയും സമാനമായി 37 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയിരുന്നു.
പാസിങ്ങിൽ ലോകകപ്പ് ഫുട്ബാളിൽ ഏറ്റവും കൂടുതൽ പാസ് പൂർത്തിയാക്കിയ താരമെന്ന റെക്കോഡ് സ്പാനിഷ് താരം റോഡ്രിയുടെ പേരിലാണ് (648 പാസുകൾ). 2022 ഖത്തർ ലോകകപ്പിൽ റോഡ്രി തന്നെ കുറിച്ച 638 പാസിന്റെ റെക്കോഡാണ് അദ്ദേഹം തിരുത്തിയത് (നേരത്തെ ഇത് 2010-ൽ സ്പെയിനിന്റെ ചാവി ഹെർണാണ്ടസിന്റെ പേരിലായിരുന്നു). കുബാസി (547), ലപോർട്ടെ (533), പരെഡെസ് (496), എൻസോ ഫെർണാണ്ടസ് (448) എന്നിങ്ങനെ രണ്ട് മുതൽ അഞ്ചുവരെ സ്ഥാനങ്ങളിലും സ്പെയിൻ, അർജന്റീന താരങ്ങളാണുള്ളത്.
സ്പാനിഷ് വിങ്ങർ ലമിൻ യമാൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഡ്രിബിളുകൾ (30) നടത്തിയ താരമെന്ന നേട്ടം സ്വന്തമാക്കി. കിലിയൻ എംബാപ്പെ (24), വിനീഷ്യസ് ജൂനിയർ (23), ലയണൽ മെസ്സി (22) എന്നിവരാണ് പിന്നിലുള്ളത്. ഒരു ലോകകപ്പിൽ കൂടുതൽ ഡ്രിബ്ലുകളെന്ന റെക്കോഡ് മറഡോണക്കാണ് (1986-ൽ 53 ഡ്രിബ്ലുകൾ. 2014-ൽ മെസ്സി 46 ഡ്രിബ്ലുകൾ പ്രകടിപ്പിച്ചു).
ഗോൾ വല കാക്കുന്നതിൽ സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സിമോൺ ഏഴ് കളിയിൽ ആറിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കി ചരിത്രം കുറിച്ചു. നെതർലൻഡ്സിന്റെ യാൻ ജോങ് ബ്ലോയെഡിന്റെ (1974) അഞ്ച് ക്ലീൻ ഷീറ്റ് എന്ന റെക്കോഡാണ് ഉനായ് മറികടന്നത്.
മറുവശത്ത് അർജന്റീനയും ഗോളടിയിൽ റെക്കോർഡുകൾ തിരുത്തുകയാണ്.
2026 ലോകകപ്പിൽ അർജന്റീനയുടെ ആകെ ഗോൾ നേട്ടം 19-ലെത്തി (ഒരോ മത്സരത്തിലും ശരാശരി 2.71 ഗോൾ). ഈ ലോകകപ്പിൽ സ്പെയിൻ 13 ഗോളുകളാണ് നേടിയത്. 1950-ൽ ബ്രസീൽ (22), 1958-ൽ ഫ്രാൻസ് (23), 1954-ൽ പശ്ചിമ ജർമനി (25), ഹങ്കറി (27) എന്നിവരാണ് ഇതിന് മുന്നിലുള്ളത്. കഴിഞ്ഞ 13 മത്സരങ്ങളിലും അർജന്റീന ചുരുങ്ങിയത് രണ്ട് ഗോളുകളെങ്കിലും നേടി എന്നതും ലോകകപ്പ് റെക്കോഡാണ് (2022 ലോകകപ്പിൽ സൗദിയോട് 2-1 ന് തോറ്റ മത്സരത്തിലാണ് ഏറ്റവും അവസാനമായി രണ്ടിൽ താഴെ ഗോൾ നേടിയത്). ടൂർണമെന്റിൽ അർജന്റീനയുടെ അഞ്ച് ഗോളുകളും പിറന്നത് പെനാൽറ്റി ഏരിയക്ക് പുറത്തു നിന്നാണ് എന്നതും ഒരു ടീമിന്റെ പേരിലെ റെക്കോഡാണ് (ലയണൽ മെസ്സി-2, ലോസെൽസോ, അൽവാരസ്, എൻസോ എന്നിവർ ഓരോ ഗോളും നേടി).
ലയണൽ മെസ്സിയുടെ ഈ ലോകകപ്പിലെ ഗോൾ നേട്ടം എട്ടിലെത്തി. യുസേബിയോ (1966), അഡ്മിർ ഡി മെൻസെസ് (1950) എന്നിവരുടെ 9 ഗോളുകൾ എന്ന നേട്ടത്തിലേക്ക് ഇനി ഒരു ഗോൾ ദൂരം മാത്രം (13 ഗോൾ നേടിയ ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടെയ്നാണ് ഒരു ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയ താരം). നാല് അസിസ്റ്റുകൾ ഉൾപ്പെടെ മെസ്സിയുടെ ഗോൾ സംഭാവന 12-ലെത്തി. ലോകകപ്പിൽ മെസ്സിയുടെ അസിസ്റ്റുകളുടെ എണ്ണം നാലാണ്. 5 അസിസ്റ്റുകളുമായി ഫ്രാൻസിന്റെ മൈകൽ ഒലിസെയാണ് മുന്നിലുള്ളത്. സ്പെയിനിന്റെ ഡാനിൽ ഒൽമോ, കുകുറെയ എന്നിവർക്ക് രണ്ട് അസിസ്റ്റുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

