ചിരവൈരത്തിന്റെ ചുവപ്പു കാർഡ്
text_fieldsഅന്റോണിയോ റാത്തീനോട് പിച്ച് വിടാൻ ആവശ്യപ്പെടുന്ന റഫറി റുഡോൾഫ് ക്രീറ്റ്‌ലിൻ
അർജന്റീനയുടെ ഫുട്ബാൾ ചരിത്രത്തിൽ രണ്ടുതരം ഇതിഹാസങ്ങളുണ്ട്. ഒന്ന് രാജ്യത്തിന്റെ നിയോഗം തന്നെ നെഞ്ചിലേറ്റാൻ പിറന്നവർ. 1986 ലോകകപ്പിൽ ടീമിനെ കിരീടത്തിലേക്കു നയിച്ച ഡിയേഗോ അർമാൻഡോ മറഡോണ അതിൽപ്പെട്ടയാളാണ്. മറ്റൊന്ന് അറിയാതെ തന്നെ പല കാര്യങ്ങൾക്കും നിമിത്തമാവുന്നവർ. 1966 ലോകകപ്പിൽ ക്യാപ്റ്റനായിരുന്ന അന്റോണിയോ യുബാൾഡോ റാത്തീൻ അതിൽപ്പെടുന്നു. രണ്ടു വലിയ കാര്യങ്ങൾക്കാണ് റാത്തീൻ നിമിത്തമായത്.
1) ഫുട്ബാൾ മൈതാനങ്ങളിലെ തീർത്താൽ തീരാത്ത അർജന്റീന- ഇംഗ്ലണ്ട് വൈരത്തിന്
2) ലോക ഫുട്ബാളിൽ മഞ്ഞ, ചുവപ്പ് കാർഡുകൾ ഏർപ്പെടുത്താൻ പ്രചോദനമായതിന്.
1966 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ റാത്തീന്റെ പുറത്താകലാണ് രണ്ടു കാര്യങ്ങൾക്കും വഴിവെച്ചത്. ആറു പതിറ്റാണ്ടിനു ശേഷം മറ്റൊരു അർജന്റീന-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിനു നാലുദിവസം മുമ്പാണ് 89കാരനായ റാത്തീൻ ജീവിതത്തിന്റെ തന്നെ കളമൊഴിഞ്ഞത്. അതും ഒരു നിമിത്തമാണോ? അർജന്റീന ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
1966 ജൂലൈ 23ന് ലണ്ടനിലെ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു റാത്തീന്റെ ജീവിതവും കരിയറും തന്നെ നിർവചിച്ച ആ സംഭവം. 77ാം മിനിറ്റിൽ ജെഫ് ഹേഴ്സ്റ്റ് നേടിയ ഗോളിൽ 1-0ന് ഇംഗ്ലണ്ടാണ് മത്സരം ജയിച്ചത്. എന്നാൽ, അർജന്റീന താരങ്ങളും ആരാധകരും ആ മത്സരത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്- ദ് തെഫ്റ്റ് ഓഫ് ദ് സെഞ്ച്വറി. നൂറ്റാണ്ടിലെ പിടിച്ചുപറി എന്നവർ മത്സരത്തെ വിശേഷിപ്പിക്കാൻ കാരണം കളിയുടെ 39ാം മിനിറ്റിൽ തങ്ങളുടെ ക്യാപ്റ്റനെ റഫറി പുറത്താക്കിയതാണ്.
കളിയുടെ തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് താരം ബോബി ചാൾട്ടനെ ഫൗൾ ചെയ്തതിന് റാത്തീന് റഫറി താക്കീത് നൽകിയിരുന്നു. പിന്നീട് മറ്റൊരു ഫൗളിനെത്തുടർന്ന് താനുമായി തർക്കിച്ചു എന്നു പറഞ്ഞ് പശ്ചിമ ജർമനിക്കാരനായ റഫറി റുഡോൾഫ് ക്രീറ്റ്‌ലിൻ റാത്തീനോട് മൈതാനം വിടാൻ ആവശ്യപ്പെടുകയായിരുന്നു. അന്ന് മഞ്ഞ, ചുവപ്പു കാർഡുകൾ ഇല്ലാതിരുന്നതിനാൽ ആംഗ്യം കൊണ്ടായിരുന്നു റഫറിയുടെ ആജ്ഞ. എന്നാൽ, നിരപരാധിത്വം ബോധ്യപ്പെടുത്താൻ റാത്തീൻ മൈതാനത്തുതന്നെ തുടർന്നതോടെ ആകെ ആശയക്കുഴപ്പമായി. റാത്തീന് സ്പാനിഷ് ഭാഷയും റഫറിക്ക് ജർമൻ, ഇംഗ്ലീഷ് ഭാഷയും മാത്രമേ അറിയുമായിരുന്നുള്ളൂ എന്നത് പ്രശ്നം ആകെ സങ്കീർണമാക്കി. തന്റെ ക്യാപ്റ്റൻ ആംബാൻഡിലേക്കു ചൂണ്ടി റാത്തീൻ ട്രാൻസ്‌ലേറ്ററെ ആവശ്യപ്പെട്ടെങ്കിലും അതും റഫറിക്കു മനസ്സിലായില്ല. ഒടുവിൽ റഫറീയിങ് സൂപ്പർവൈസറായ ഇംഗ്ലീഷുകാരൻ കെൻ ആസ്റ്റൻ ഉൾപ്പെടെ ഇറങ്ങിയാണ് റാത്തീനെ പിച്ചിനു പുറത്തേക്കു കൊണ്ടു പോയത്.
മനസില്ലാമനസ്സോടെ മൈതാനത്തുനിന്നു മന്ദം മന്ദം മടങ്ങിയ റാത്തീനുനേരെ ഗാലറിയിൽനിന്ന് ഇംഗ്ലീഷ് കാണികൾ ശാപവാക്കുകൾ ഉതിർത്തു. തന്റെ നിസ്സഹായാവസ്ഥ കൊണ്ടും കാണികളുടെ പ്രകോപനം കൊണ്ടുമാവണം പോകുന്ന പോക്കിന്, കോർണർ ഫ്ലാഗായി സ്ഥാപിച്ചിരുന്ന ബ്രിട്ടന്റെ യൂനിയൻ ജാക്ക് പതാകയിൽ കൈ ഞെരടിയ ശേഷമാണ് റാത്തീൻ മടങ്ങിയത്. ടണലിലേക്കു മടങ്ങുന്നതിനു പകരം ഗാലറിയിലെ റോയൽ ബോക്സിനു മുന്നിലുള്ള റെഡ് കാർപറ്റിൽ കുറച്ചുനേരം കുത്തിയിരിക്കുകയും ചെയ്തു. പ്രതിഷേധമായിരുന്നില്ല, തന്റെ ആശയക്കുഴപ്പം കൊണ്ടായിരുന്നു അതെന്നാണ് റാത്തീൻ പിൽക്കാലത്ത് അതിനെക്കുറിച്ചു പറഞ്ഞത്. ഫൈനൽ വിസിലിനു ശേഷവും മത്സരത്തെച്ചൊല്ലിയുള്ള സംഘർഷാവസ്ഥ അയഞ്ഞില്ല. എതിർ ടീം കളിക്കാരുമായി ജഴ്സി കൈമാറുന്നതിൽനിന്ന് തന്റെ കളിക്കാരെ തടഞ്ഞ ഇംഗ്ലണ്ട് പരിശീലകൻ ആൽഫ് റാംസെ അർജന്റീനക്കാരെ അനിമൽ എന്നു വിശേഷിപ്പിക്കുകയും ചെയ്തതോടെ കാര്യങ്ങൾ മൈതാനത്തിനു പുറത്തേക്കും പടർന്നു. ഇപ്പോഴും എരിഞ്ഞടങ്ങാത്ത ഒരു കുടിപ്പകക്കാണ് റാംസെ തീ കൊളുത്തിയത് എന്ന് അന്നാരു കണ്ടു!
ഇംഗ്ലണ്ടിന്റെ ഈ പിടിച്ചുപറിക്കു പകരംവീട്ടാൻ അർജന്റീനക്ക് രണ്ടു പതിറ്റാണ്ടു വരെ കാത്തിരിക്കേണ്ടി വന്നു. 1982ൽ ഇരുരാജ്യങ്ങളും തമ്മിൽ ഫോക് ലാൻഡ് ദ്വീപുകളെച്ചൊല്ലിയുണ്ടായ യുദ്ധവും ആ വൈരത്തിന് എരിവു പകർന്നു. ഒടുവിൽ 1986 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ദൈവത്തിന്റെ കൈയുമായി മറഡോണ അവതരിച്ചതോടെ അർജന്റീനക്കാർ ഉള്ളിലടക്കി വെച്ചിരുന്ന പ്രതികാരം ആഹ്ലാദത്തിന്റെ ലാവാപ്രവാഹമായി. ഫുട്ബാൾ ലോകം ചതി എന്നു വിളിച്ചപ്പോഴും മറഡോണയുടെ കൈപ്രയോഗത്തെ അവർ വാഴ്ത്തി-വിവേസ ക്രിയോല! തെരുവു സാമർഥ്യം എന്നർഥം. നാലു മിനിറ്റിനുശേഷം മറഡോണ നേടിയ നൂറ്റാണ്ടിന്റെ ഗോളിനൊപ്പം തന്നെ പ്രിയപ്പെട്ടതായി അവർക്കു ദൈവത്തിന്റെ കൈയും.
റാത്തീന്റെ കഥയിലേക്കു തിരിച്ചുവരാം. റാത്തീനും റഫറി ക്രീറ്റ്ലിനും തമ്മിലുണ്ടായ ആശയക്കുഴപ്പത്തിനു സാക്ഷിയായ റഫറീയിങ് സൂപ്പർവൈസർ കെൻ ആസ്റ്റൻ അതെങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് നന്നായി ചിന്തിച്ചു. വീട്ടിലേക്കു ഡ്രൈവ് ചെയ്തുപോകുന്നതിനിടെ ഒരു ട്രാഫിക് സിഗ്നലിൽ കാത്തിരിക്കേണ്ടി വന്നപ്പോഴാണ് അദ്ദേഹത്തിന്റെ തലയിൽ ബൾബ് കത്തിയത്. ട്രാഫിക് ലൈറ്റുകൾക്കു സമാനമായി മഞ്ഞ, ചുവപ്പ് കാർഡുകൾ എന്തു കൊണ്ട് റഫറിമാർക്കു നൽകിക്കൂടാ. ഫുട്ബാളിലെ ഏറ്റവും പ്രയോജനപ്രദമായ കണ്ടുപിടിത്തങ്ങളിലൊന്നായി അത്. 1970 ലോകകപ്പിലാണ് അതാദ്യം നടപ്പിലാക്കിയത്. അതിനുള്ള നിമിത്തം എന്നതായി പിൽക്കാലത്ത് അർജന്റീന പാർലമെന്റിൽ വരെ അംഗമായ
റാത്തീന്റെ മേൽവിലാസങ്ങളിലൊന്ന്. ഒപ്പം അർജന്റീന-ഇംഗ്ലണ്ട് കുടിപ്പകക്ക് തുടക്കക്കാരനായയാൾ എന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

