അമേരിക്കൻ പോര്; നാളെ യു.എസ്.എ-പരഗ്വേ പോരാട്ടം
text_fieldsപരഗ്വേ താരം റാമോൺ സോസ ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നു
ലോസ് ആഞ്ചലസ്: സ്വന്തം മണ്ണിൽ, മൂന്ന് പതിറ്റാണ്ടിന് ശേഷം മറ്റൊരു ലോകകപ്പിന് ആതിഥേയരാകുന്ന യു.എസ്.എക്ക് നാളെ ആദ്യ കളി. ഇന്ത്യൻ സമയം രാവിലെ 6.30ന് ദക്ഷിണ അമേരിക്കൻ ടീമായ പരേഗ്വയാണ് എതിരാളികൾ. ആസ്ട്രേലിയയും തുർക്കിയയും കൂടി ഉൾപ്പെടുന്ന ഡി ഗ്രൂപ്പിലാണ് പോരാട്ടം. അർജന്റീനക്കാരനായ മൗറീസിയോ പൊച്ചറ്റിനോ പരിശീലിപ്പിക്കുന്ന യു.എസ്.എക്ക് തിണ്ണമിടുക്കിനൊപ്പം കളിമിടുക്കുമുണ്ട്. പി.എസ്.ജി, ചെൽസി, ടോട്ടനം, സതാംപ്ടൺ തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ച പരിചയമുണ്ട് മൗറിസയോക്ക്.
ഇദ്ദേഹം ചുമതലയേറ്റയുടൻ സെനഗാളിനെ ടീം തോൽപിച്ചിരുന്നു. കഴിഞ്ഞയാഴ്ച കരുത്തരായ ജർമനിയെ വിറപ്പിച്ചാണ് 1-2ന് യു.എസ്.എ കീഴടങ്ങിയത്. 12ാം തവണയാണ് യു.എസ്.എ ലോകകപ്പിനെത്തുന്നത്. 1994ൽ ആതിഥേയരായപ്പോൾ പ്രീക്വാർട്ടറിലെത്തിയിരുന്നു. ആദ്യ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ടീമിന് 2002ലെ ക്വാർട്ടർ ഫൈനലാണ് പിന്നീട് പറയാനുള്ള നേട്ടം.
96 വർഷത്തിന് ശേഷമാണ് പരഗ്വേയുമായി ലോകമേളയിൽ ഏറ്റുമുട്ടുന്നത്. അന്ന് 3-0ന് ജയിച്ചു. വെറ്ററൻ ഡിഫൻഡർ ടിം റീമാണ് യു.എസ്.എയെ നയിക്കുന്നത്. മാർക്ക് മക്കൻസിയും ക്രിസ് റിച്ചാർഡ്സുമടക്കമുള്ളവർ പ്രതിരോധത്തിൽ കൂട്ടായുണ്ട്. ടെയ്ലർ ആഡംസും വെസ്റ്റൺ മക്നീയും മധ്യനിരയിലെ പ്രമുഖരാണ്. സ്റ്റാർ ഫോർവേഡ് ക്രിസ്റ്റ്യൻ പുലിസിച്ച് എന്ന പുലിക്കൊപ്പം മുൻനിരയിൽ ഫൊലാറിൻ ബലോഗണുമുണ്ട്. അർജന്റീനക്കാരൻ തന്നെയാണ് പരഗ്വേ കോച്ച്, ഗുസ്താവോ അൽഫാരോ. കഴിഞ്ഞ നവംബറിൽ സൗഹൃദ മത്സരത്തിൽ 2-1ന് യു.എസ്.എയെ പരഗ്വേ തോൽപിച്ചിരുന്നു. ഒമ്പതാം തവണയാണ് ടീം ലോകകപ്പിനെത്തുന്നത്. 2010ന് ശേഷം ആദ്യമായും. ഗുസ്താവോ ഗോമസ് നയിക്കുന്ന പരഗ്വേ പ്രതിരോധ കരുത്തിലാണ് യോഗ്യതാ റൗണ്ടിൽ പല മത്സരങ്ങളിലും മുന്നേറിയത്. സണ്ടർലാന്റിന്റെ ഒമർ അൽഡരേറ്റയും പ്രതിരോധത്തിലെ കരുത്തനാണ്. ടോണി സനാബ്രിയ എന്ന സ്ട്രൈക്കർ യോഗ്യത മത്സരങ്ങളിൽ നാല് ഗോളുകൾ നേടിയിരുന്നു. മധ്യനിരയിൽ യൂലിയോ എൻസിസോ പരിക്കിൽ നിന്ന് മുക്തനായി തിരിച്ചുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

