Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightകാ​ണി​ക​ൾ​ക്കൊ​രു...

കാ​ണി​ക​ൾ​ക്കൊ​രു വാം​അ​പ്പ്! ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ എ​ങ്ങ​നെ ന​ന്നാ​യി കാ​ണാം, വി​ല​യി​രു​ത്താം...

text_fields
bookmark_border
കാ​ണി​ക​ൾ​ക്കൊ​രു വാം​അ​പ്പ്! ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ എ​ങ്ങ​നെ ന​ന്നാ​യി കാ​ണാം, വി​ല​യി​രു​ത്താം...
cancel

നല്ലൊരു കുതിരയോട്ടക്കാരനാവണമെങ്കിൽ ആദ്യം ഒരു കുതിരയാവണമെന്നില്ല- ഫുട്ബാൾ പ്രഫഷനലായി കളിച്ച് പരിചയമില്ലാത്ത താങ്കൾ എങ്ങനെയാണ് പരിശീലകനാവുകയെന്ന ചോദ്യത്തിന് വിഖ്യാത ഇറ്റാലിയൻ കോച്ച് അരിഗോ സാക്കിയുടെ മറുപടി ഇങ്ങനെയായിരുന്നു. പറയുക മാത്രമല്ല, തന്റെ എ.സി മിലാൻ ടീമിനെ വെച്ച് അതു തെളിയിക്കുകയും ചെയ്തു സാക്കി. 1989ലും 90ലും തുടരെ യൂറോപ്യൻ കിരീടങ്ങൾ നേടിയ മിലാൻ അക്കാലത്തെയെന്നല്ല, എക്കാലത്തെയും മികച്ച ക്ലബ് ടീമുകളിലൊന്നായാണ് അറിയപ്പെടുന്നത്. മാൾദീനി, ബറേസി, റെയ്ക്കാർഡ്, ഗുള്ളിറ്റ്, വാൻബാസ്റ്റൻ..പ്രശസ്തരായ തന്റെ കളിക്കാരെവെച്ച് സാക്കി നടത്തിയിരുന്ന അസാധാരണ ഡ്രില്ലുകളെക്കുറിച്ച് കഥകളേറെയുണ്ട്. അതിലൊന്ന് ഡിഫൻഡർമാരെയെല്ലാം ഒരു കയറു കൊണ്ടു ബന്ധിപ്പിച്ചുള്ളതായിരുന്നു. മൈതാനത്ത് കൂട്ടംതെറ്റി അലയുന്നതിനു പകരം ഒരേനിരയിൽ മുന്നോട്ടുകയറാനും പിന്നോട്ടിറങ്ങാനും അവരെ പഠിപ്പിക്കുന്നതിനായിരുന്നു അത്!

മൈതാനത്തെ ഫുട്ബാൾ വ്യാകരണം മാത്രമല്ല സാക്കി മാറ്റിമറിച്ചത്. കമന്ററി ബോക്സുകളിലും ആരാധകക്കൂട്ടങ്ങളിലും കളിയെച്ചൊല്ലിയുള്ള സംസാരങ്ങളെക്കൂടിയാണ്. ഹൈപ്രസിങ്, സോണൽ മാർക്കിങ് തുടങ്ങിയ സങ്കേതങ്ങളെല്ലാം അതോടെ വിലയിരുത്തലുകളിൽ സാധാരണമായി. ഈ ലോകകപ്പിലുമുണ്ടാകും ഇത്തരം സാങ്കേതിക പദങ്ങൾ ഉപയോഗിച്ചുള്ള ചർച്ചകൾ. ഒരു കാണിയെന്ന നിലയിൽ ലോകകപ്പിന് മുമ്പുള്ള ഏറ്റവും മികച്ച വാംഅപ്പ് ഇവയിൽ ചിലതു പരിചയപ്പെടുക എന്നതാണ്.

ലോ ബ്ലോക്ക്

ചെറുടീമുകൾ ഏറെയുള്ള ഈ ലോകകപ്പിൽ കാണാൻ പോകുന്ന ഒരു സർവസാധാരണ തന്ത്രം ഇതായിരിക്കും. പ്രതിരോധനിര ‌ഏറെ പിന്നോട്ടിറങ്ങി സ്വന്തം പെനാൽറ്റി ബോക്സ് സംരക്ഷിക്കുന്ന രീതിയാണിത്. ബസ് പാർക്കിങ്, ഹറാം ബാൾ എന്നെല്ലാം പരിഹസിക്കപ്പെടാറുണ്ടെങ്കിലും ആസൂത്രണത്തോടെ നടപ്പിലാക്കിയാൽ മികച്ച ഫലം തരുന്ന തന്ത്രമാണിത്. ഗോളിലേക്ക് ഒരു സൂചിപ്പഴുതുപോലും നൽകാതെ എതിരാളിയെ മടുപ്പിക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. ഗോൾരഹിത സമനിലയാണ് പലപ്പോഴും സംഭവിക്കാറെങ്കിലും അതിവേഗ പ്രത്യാക്രമണ ശേഷിയുണ്ടെങ്കിൽ അട്ടിമറി ജയം വരെ നേടാം. മൊറോക്കോ, ഇറാൻ തുടങ്ങിയവ ലോ ബ്ലോക്ക് സമർഥമായി പ്രയോഗിക്കുന്ന ടീമുകളാണ്.


പൊസിഷനൽ പ്ലേ

പന്തിനെ മാത്രം നിയന്ത്രിക്കുന്നതിനു പകരം മൈതാനത്തെ പ്രദേശങ്ങളെ ഭരിക്കുന്നതാണ് പൊസിഷനൽ പ്ലേ. ഒരു ചെസ് ബോർഡ് പോലെ മൈതാനത്തെ കാണുന്ന പരിശീലകരുടെ ഇഷ്ടതന്ത്രമാണ് ഇത്. പെപ് ഗ്വാർഡിയോള ഉദാഹരണം. മൈതാനത്തെ പല ഭാഗങ്ങളായി വിഭജിച്ച് അവയിൽ നിർണായക ഭാഗങ്ങളിൽ തങ്ങളുടെ ആധിപത്യം ഉറപ്പു വരുത്തുക എന്നതാണ് പൊസിഷനൽ പ്ലേയുടെ കാതൽ. പന്തിനെ മാത്രമല്ല, എതിർ ടീം കളിക്കാരെ കൂടിയാണ് ഇതുവഴി നിയന്ത്രിക്കുന്നത്. ടീമിലെ കളിക്കാർ തമ്മിലുള്ള ഏകോപനം പൊസിഷനൽ പ്ലേയിൽ നിർണായകമാണ്. താൻ എവിടെ നിൽക്കുന്നു എന്നതിനൊപ്പം സഹതാരങ്ങൾ എവിടെയുണ്ട് എന്നതിനെക്കുറിച്ചും ധാരണ വേണം.

വെർട്ടിക്കാലിറ്റി

പന്തു കിട്ടിയാൽ വെച്ചു താമസിപ്പിക്കുന്നതിനു പകരം എത്രയും പെട്ടെന്ന് എതിരാളിയുടെ പെനാൽറ്റി ബോക്സിനടുത്തെത്തുക എന്നതാണ് വെർട്ടിക്കാലിറ്റിയുടെ ആശയം. കുറിയ പാസുകളിലൂടെ പന്തു കൈവശംവെച്ച് അവസരം തേടി നടക്കുന്ന ടിക്കിടാക്കയിൽ നിന്നു വ്യത്യസ്തമാണ് ഇത്. ത്രൂ ബോളുകളും ഏരിയൽ ബോളുകളുമാണ് വെർട്ടിക്കാലിറ്റിയിലെ ഏറ്റവും വലിയ ആയുധങ്ങൾ. അതിവേഗത്തിൽ ആക്രമണം നടത്തുന്ന ടീമുകളുടെ ഏറ്റവും വലിയ തന്ത്രമാണിത്. പൊസഷൻ ഫുട്ബാൾ കളിക്കുന്ന ടീമുകളെ അടിപതറിക്കാനും ഇതു കൊണ്ടാകും. എന്നാൽ, അതിവേഗ പ്രത്യാക്രമണങ്ങൾ ചെറുക്കാൻ പ്രതിരോധ നിര സജ്ജരായിരിക്കണം. ഫ്രാൻസ്, അർജന്റീന തുടങ്ങിയവർ വെർട്ടിക്കാലിറ്റിക്കു സമർഥരാണ്.

ഹാഫ് സ്പേസ്

മൈതാന മധ്യത്തിലൂടെയും പാർശ്വങ്ങളിലൂടെയും എതിർ ടീമിന്റെ ഗോളിലേക്കു വഴിയുണ്ട്. എന്നാൽ, ഇവ രണ്ടിനുമിടയിലെ ചാനലുകളാണ് ഹാഫ് സ്പേസസ്. ഒരു ഫുട്ബാൾ പിച്ചിനെ കുത്തനെ അഞ്ചായി വിഭജിച്ചാൽ അതിലെ രണ്ട്, നാല് ഭാഗങ്ങളാണ് ഹാഫ് സ്പേസസ് എന്നു പറയാം. മികച്ച മിഡ്ഫീൽഡുകളുള്ള ടീമുകളെ മറികടക്കാനും വിങ്ങുകളിൽ നിന്നു വ്യത്യസ്തമായി ഗോളിലേക്ക് നേരിട്ട് മികച്ച ആംഗിളുകൾ കണ്ടെത്താനും ഹാഫ് സ്പേസുകളിൽ സാധിക്കും. വിങ്ങേഴ്സിനെ വൈഡായി വിന്യസിച്ച്, എതിർ ടീമിന്റെ ഡിഫൻഡർമാരെ അവരിലേക്കാകർഷിച്ച് ഹാഫ് സ്പേസുകൾ സൃഷ്ടിക്കാനാകും. സ്വന്തം ടീമിന്റെ ഫുൾ ബാക്കുകൾക്കും ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർമാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.


പ്രോഗ്രസിവ് ക്യാരി

പരസ്പരം പാസിങ് ത്രികോണങ്ങൾ സൃഷ്ടിച്ച് പന്തിനെ തങ്ങളുടെ വരുതിയിൽ തന്നെ നിലനിർത്തുക എന്നതായിരുന്നു ടിക്കിടാക്കയുടെ കാതൽ. എന്നാൽ പന്തിനെ ഓരോ പരസ്പര മാറ്റത്തിലും മുന്നോട്ടു തന്നെ നീക്കുക എന്ന പ്രോഗ്രസിവ് പാസിങ്ങിലാണ് ഇപ്പോൾ ടീമുകൾ വിശ്വസിക്കുന്നത്. നേരത്തേ പറഞ്ഞ വെർട്ടിക്കൽ ഫുട്ബാളിലെ ഏറ്റവും വലിയ മാർഗങ്ങളിലൊന്നാണിത്. എന്നാൽ, പാസുകൾക്കും ശ്രമിക്കാതെ പന്തുമായി ഓടിക്കയറി മുന്നോട്ടുനീങ്ങുക എന്നതാണ് പ്രോഗ്രസിവ് ക്യാരി. പാസിങ്ങിലെ ആശയക്കുഴപ്പം, സമയതാമസം എന്നിവ ഒഴിവാക്കാം എന്നതാണ് മെച്ചം. ഇംഗ്ലണ്ട് താരം ജൂഡ് ബെലിങ്ങാം, ഉറുഗ്വായ് താരം ഫെഡറിക്കോ വാൽവെർദെ തുടങ്ങിയവർ മികച്ച പ്രോഗ്രസിവ് ക്യാരിയേഴ്സാണ്.

ഇൻവെർട്ടഡ് ഫുൾ ബാക്ക്

സ്വന്തം ടീമിനു പന്തുകിട്ടുമ്പോൾ മിഡ്ഫീൽഡിലേക്കു കയറി വരുന്ന ഫുൾ ബാക്കുകളാണ് ഇൻവെർട്ടഡ് ഫുൾ ബാക്കുകൾ. ടീം ഫോർമേഷനിൽ റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും വിന്യസിക്കപ്പെടുന്ന ഇവർ ഫലത്തിൽ മിഡ്ഫീൽഡർ കൂടിയാകും അപ്പോൾ. മധ്യനിരയിൽ ഒരു എക്സ്ട്രാ കളിക്കാരനെ ലഭിക്കാനും മുന്നേറ്റങ്ങൾ ആസൂത്രണം ചെയ്യാനും ഇതുകൊണ്ട് സാധിക്കും. എതിരാളിയുടെ പ്രത്യാക്രമണങ്ങൾ തുടക്കത്തിലേ പ്രതിരോധിക്കുകയുമാവാം. പോർചുഗീസ് താരം ജോവാ കാൻസലോയാണ് ഈ റോൾ മികച്ച രീതിയിൽ കളിക്കുന്ന ഒരാൾ. എന്നാൽ, അതിവേഗ വിങ്ങർമാരുള്ള ടീമുകൾക്കെതിരെ ഈ തന്ത്രം ആത്മഹത്യാപരമാവാനും സാധ്യതയേറെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentFootball MatchWorld Cup 2026Sports News
News Summary - A warm-up for the fans! How well the World Cup matches can be watched and appreciated
Next Story