ഓർമ്മകൾ പോലും മരിച്ചുകൊണ്ടിരിക്കുന്ന മണ്ണിൽ; ഖബറിടങ്ങൾ വരെ തകർക്കപ്പെടുന്ന ഫലസ്തീന്റെ വിങ്ങൽ
text_fields"യുദ്ധം പ്രഖ്യാപിക്കുന്നത് വൃദ്ധരാണ്. എന്നാൽ പോരാടേണ്ടതും ജീവൻ വെടിയേണ്ടതും നിഷ്കളങ്കരായ ആ കുഞ്ഞുങ്ങളാണ്." -ഹെർബർട്ട് ഹൂവർ. അതെ, ഒരുവശത്ത് വിശപ്പും അനാഥത്വവും നിറഞ്ഞ കണ്ണുകൾ... മറുവശത്ത്, പൂർവികരുടെ ഖബറിടങ്ങൾ പോലും സുരക്ഷിതമല്ലാത്ത മണ്ണ്. ഫലസ്തീനിൽ യുദ്ധം കവർന്നെടുക്കുന്നത് മനുഷ്യജീവനുകൾ മാത്രമല്ല, ഒരു ജനതയുടെ ഓർമകളും ബാല്യവും ഭാവിയും കൂടിയാണ്.
സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി പടരുന്ന പഴയൊരു വിഡിയോ ദൃശ്യമുണ്ട്. വിശന്നുതളർന്നുനിൽക്കുന്ന ഒരു ബാലന് മുന്നിൽ മാധ്യമപ്രവർത്തക ചെന്നുചോദിക്കുന്നു: "നിനക്ക് വിശക്കുന്നുണ്ടോ കുട്ടീ?" ‘‘എനിക്കറിയില്ല’’. അതൊക്കെ സഹിക്കാൻ എന്നേ പഠിച്ചുകഴിഞ്ഞിരിക്കുന്നു എന്ന മുഖഭാവം.ആ കുഞ്ഞ് ഒരക്ഷരം മിണ്ടുന്നില്ല.
അവർ വീണ്ടും ചോദിച്ചു: "നിന്റെ ഉമ്മയെ നിനക്കു മിസ്സ് ചെയ്യുന്നുണ്ടോ?" ‘‘ഇല്ല’’എന്ന് ആദ്യം അറിയാതെ പറഞ്ഞുപോയ ശേഷം അതുവരെ നിശ്ശബ്ദനായി നിന്ന ആ കുട്ടിയുടെ നിഷ്ക്കളങ്ക മുഖം പെട്ടെന്ന് മാറുകയാണുണ്ടായത്. നെഞ്ച് പൊട്ടുന്ന വേദനയോടെ അവൻ പൊട്ടിക്കരഞ്ഞു. ആ കുഞ്ഞിന്റെ കണ്ണീരിൽ വിശപ്പിന്റെ ആഴം മാത്രമല്ല ഉണ്ടായിരുന്നത്; നഷ്ടപ്പെട്ടുപോയ സ്വന്തം കുടുംബത്തിന്റെയും, തകർന്നുതരിപ്പണമായ വീടിന്റെയും, എന്നെന്നേക്കുമായി ഇല്ലാതായിപ്പോയ ബാല്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സങ്കടം മുഴുവൻ ആ കരച്ചിലിൽ ഉണ്ടായിരുന്നു.
നമുക്ക് വിശക്കുമ്പോൾ ഭക്ഷണം തേടാം. രാത്രി പേടി തോന്നുമ്പോൾ ഉമ്മയുടെയോ ഉപ്പയുടെയോ അടുത്തേക്ക് ഓടിപ്പോകാം. എന്നാൽ വിശപ്പും യുദ്ധവും അനാഥത്വവും ഒരുമിച്ച് ജീവിതത്തിലേക്ക് കടന്നുവന്ന ആ കുഞ്ഞിന് എവിടേക്കാണ് ഓടാൻ കഴിയുക?
ഗസ്സയിലെ കുട്ടികളുടെ ജീവിതം ഇന്ന് ലോകത്തോട് ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യങ്ങളിൽ ഒന്നാണിത്. അവിടെ യുദ്ധം തകർക്കുന്നത് കെട്ടിടങ്ങൾ മാത്രമല്ല; പിഞ്ചുകുഞ്ഞുങ്ങളുടെ ബാല്യവും കുടുംബബന്ധങ്ങളും പഠനവും അവരുടെ നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ്.മരിച്ചുപോയവർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണെങ്കിലും പവിത്രമായി തുടരുമെന്നാണ് ഏത് സാധാരണക്കാരനും കരുതുന്നത്. എന്നാൽ ഗസ്സയിൽ ആ പ്രതീക്ഷ പോലും നിഷ്കരുണം തകർക്കപ്പെടുകയാണ്. കേവലം കെട്ടിടങ്ങളോ റോഡുകളോ മാത്രമല്ല, തലമുറകളുടെ ഓർമ്മകൾ ഉറങ്ങുന്ന പൂർവികരുടെ ഖബറിടങ്ങളും ശ്മശാനങ്ങളുമാണ് ബോംബാക്രമണങ്ങളിലും ബുൾഡോസറുകൾക്ക് മുന്നിലും തരിപ്പണമാകുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടിൽ നീറുന്ന മനസ്സോടെ അല്പനേരം പ്രാർത്ഥിക്കാൻ, അവരുടെ കല്ലറയ്ക്കരികിൽ അല്പനേരം മിഴികളടച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന ഓരോ ഫലസ്തീനിക്കും ആ അവകാശം കൂടി നിഷേധിക്കപ്പെടുന്നു. സ്വന്തം മണ്ണിലെ അടയാളങ്ങളും കുടുംബവേരുകളും പൂർണ്ണമായും മായ്ക്കപ്പെട്ടു പോകുമോ എന്ന ഭയമാണ് ഓരോ കല്ലറ തകരുമ്പോഴും അവരുടെ ഉള്ളിൽ വിങ്ങിപ്പൊട്ടുന്നത്. ജീവിച്ചിരിക്കുന്നവർക്ക് അഭയമില്ലാത്തതുപോലെ തന്നെ മരിച്ചവർക്കും അന്ത്യവിശ്രമത്തിന് സുരക്ഷിതത്വമില്ലാത്ത ഒരു മണ്ണിന്റെ നെഞ്ചുപിളർക്കുന്ന യാഥാർത്ഥ്യമാണിത്.
വിശപ്പിന്റെ കണക്കുകൾക്കപ്പുറം വിങ്ങിപ്പൊട്ടുന്ന കുഞ്ഞു ജീവിതങ്ങൾ
നിങ്ങളുടെ വീട്ടിൽ ഒരുദിവസം കറിവെക്കാൻ ഒന്നുമില്ലെന്ന് കരുതുക, ഉടനടി ഫോണിൽ കറക്കി സാധനങ്ങൾ ഓർഡർ ചെയ്യുകയോ വാഹനമെടുത്ത് പുറത്ത് കടയിൽ നേരിട്ട് പോയോ വാങ്ങുകയല്ലേ ചെയ്യുക. എന്ത് എളുപ്പത്തിൽ നാം നമ്മളുടെ ഇത്തരം ആവശ്യങ്ങൾ പരിഹരിക്കുന്നു. വീട്ടിലിരുന്ന് ബോറടിച്ചാൽ സിനിമ കാണാൻ പോവുകയോ യാത്ര ചെയ്യുകയോ ഹോട്ടലിൽ ഇഷ്ട ഭക്ഷണം കഴിക്കാൻ പോകാനോ നമുക്ക് നിയന്ത്രണങ്ങളില്ല, തടസ്സമില്ല. എന്നാൽ എത്ര ആഗ്രഹിച്ചാലും കണ്ണീരും സങ്കടക്കനലുമല്ലാതെ മറ്റൊന്നും കിട്ടാത്ത നിസ്സഹായരായ ഒരു കൂട്ടം ജനങ്ങൾ മറ്റൊരിടത്ത് ജീവിച്ചിരിക്കുന്നുണ്ട്. തങ്ങൾ എന്തിനാണ് ജീവിക്കുന്നത്, എന്താണിങ്ങനെയുള്ള ഈ ജീവിതത്തിന്റെ അർഥമെന്ന് പോലും ചിന്തിക്കാൻ കഴിയാത്ത വിധം പ്രശ്നങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ മുന്നോട്ടുപോകുന്നവർ.
ഗസ്സയിലെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണമോ കുടിവെള്ളമോ മരുന്നോ കൃത്യമായി ലഭിക്കുന്നില്ല എന്നതൊന്നും നമ്മുടെ പരിഗണനകളുടെ ലിസ്റ്റിൽ എത്രാമതായിരിക്കും. 2025 ഓഗസ്റ്റിൽ ഗസ്സയുടെ പല ഭാഗങ്ങളിലും കടുത്ത ക്ഷാമം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകളിലുണ്ട്. അരലക്ഷത്തിലധികം ആളുകൾ അതീവ ഗുരുതരമായ പട്ടിണി നേരിട്ട ആ നാളുകൾക്കു പിന്നിൽ വെറും അക്കങ്ങളല്ല ഉള്ളത്; വിശന്നുപൊരിഞ്ഞ് ഉറങ്ങാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങളും, സ്വന്തം കുഞ്ഞിന് കൊടുക്കാൻ ഒരു തുള്ളി പാലില്ലാതെ വിങ്ങിപ്പൊട്ടുന്ന അമ്മമാരുമാണ്.
യുനിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ രണ്ടു വയസ്സുകാരനായ യസാന്റെ കഥയുണ്ടായിരുന്നു. കടുത്ത പോഷകാഹാരക്കുറവ് കാരണം ആ പിഞ്ചുകുഞ്ഞിന്റെ ശരീരം മെലിഞ്ഞുണങ്ങി തളർന്നുപോയിരുന്നു. മാസങ്ങളോളം ആ കുഞ്ഞിന് ഒരു തരി ഭക്ഷണം ലഭിച്ചില്ല എന്നത് യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്നു.ഒരേ കുടുംബത്തിലെ ജാനയെന്ന ഒൻപതുകാരിയുടെയും അവളുടെ അനിയത്തി രണ്ടു വയസ്സുകാരി ജൂറിയുടെയും കഥ മനസ്സാക്ഷിയുള്ള ആർക്കും മറക്കാനാവില്ല. പോഷകാഹാരക്കുറവുമൂലം ആഴ്ചകളുടെ വ്യത്യാസത്തിലാണ് ആ രണ്ടു കുഞ്ഞുങ്ങളും അമ്മയുടെ കൺമുന്നിൽ വെച്ച് മണ്ണിലേക്ക് മടങ്ങിയത്. "എന്റെ കുഞ്ഞിനെ വളർത്തിയെടുത്തിട്ട് എന്റെ കൈകളിൽവെച്ചുതന്നെ നഷ്ടപ്പെട്ടു. ഇനി മറ്റൊരു കുഞ്ഞിനെയും എനിക്ക് നഷ്ടപ്പെടാൻ വയ്യ" എന്ന് പറഞ്ഞു കരഞ്ഞ ആ അമ്മയുടെ വേദന ലോകം എങ്ങനെയാണ് അളക്കുക?
പതിനഞ്ചാം വയസ്സിൽ 'ഉമ്മയായി' മാറിയ പതിനേഴുകാരി
യുദ്ധത്തിൽ പിതാവ് കൊല്ലപ്പെടുകയും, ആക്രമണത്തിനിടയിൽ ഉമ്മയെ കാണാതാവുകയും ചെയ്ത സാമർ എന്ന പെൺകുട്ടിയുടെ ജീവിതം ഗസ്സയിലെ ഓരോ കൗമാരക്കാരന്റെയും പ്രതിനിധാനമാണ്. തനിക്ക് 15 വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട അമ്മയെക്കുറിച്ച് അവൾക്കിന്നും ഒരു വിവരവുമില്ല.ഇന്ന് 17 വയസ്സുള്ള സാമർ, എട്ടു മുതൽ പതിനാലു വയസ്സു വരെയുള്ള തന്റെ അഞ്ച് ഇളയ സഹോദരങ്ങളുടെ ഉത്തരവാദിത്വം തോളിലേറ്റുകയാണ്. കൂട്ടുകാരുമായി കളിച്ചുനടക്കേണ്ട പ്രായത്തിൽ അനിയന്മാരുടെയും അനിയത്തിമാരുടെയും മുറിവുകൾ ഉണക്കാനും അവരെ വിശപ്പറിയിക്കാതിരിക്കാനും അവൾ പോരാടുന്നു. "എന്റെ സഹോദരങ്ങൾ ഇപ്പോൾ എന്നെ 'ഉമ്മ' എന്നാണ് വിളിക്കുന്നത്. എനിക്ക് എന്റെ ബാല്യം നഷ്ടമായി" എന്ന സാമറിന്റെ വാക്കുകൾ യുദ്ധം ഒരു കുട്ടിയുടെ ജീവിതത്തിൽ നിന്ന് എന്തൊക്കെയാണ് കവർന്നെടുക്കുന്നത് എന്ന് ഓർമിപ്പിക്കുന്നു.
ചോരയിൽ മുങ്ങിയ ഭക്ഷണ പാത്രങ്ങൾ
വിശപ്പടക്കാൻ ഒരിറ്റു ഭക്ഷണത്തിനായി കൈ നീട്ടുന്ന കുഞ്ഞുങ്ങൾക്ക് പോലും അവിടെ സുരക്ഷയില്ല. 2025 ജൂലൈ 10-ന് ദേർ അൽ ബലാഹിൽ പോഷകാഹാര വിതരണം നടക്കുന്ന സ്ഥലത്തുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 15 പേരിൽ ഒമ്പതും കുട്ടികളായിരുന്നു.ആ ക്രൂരതയിൽ ഒരു വയസ്സുകാരനായ പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടു. ആക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രം ആദ്യമായി കുഞ്ഞുവാക്കുകൾ സംസാരിച്ചു തുടങ്ങിയ മകന്റെ കുഞ്ഞിക്കാലുറകൾ നെഞ്ചോടു ചേർത്തുപിടിച്ച് ആശുപത്രിക്കിടക്കയിൽ കിടന്നു കരയുന്ന അമ്മയുടെ ചിത്രം യുദ്ധത്തിന്റെ ക്രൂരമായ മുഖമാണ്. ആദ്യമായി മകൻ സംസാരിച്ച സന്തോഷത്താൽ മനം നിറയേണ്ട ഒരു അമ്മയ്ക്ക്, മണിക്കൂറുകൾക്കുള്ളിൽ അവന്റെ കാലുറ മാത്രം ബാക്കിയാകുന്ന അവസ്ഥയേക്കാൾ വലിയൊരു ദുരന്തം വേറെന്തുണ്ട്?
വേരുകളും ഓർമകളും മായ്ക്കപ്പെടുന്ന മണ്ണ്
"ഓരോ യുദ്ധവും മനുഷ്യന്റെ ആത്മാവിന്റെ തോൽവിയാണ്."-പോപ്പ് ഫ്രാൻസിസ്. അതെ, തോൽവികൾ പാഠങ്ങളാണ്, എങ്ങനെയൊക്കെ ഇനി തോൽക്കാതിരിക്കാമെന്ന പാഠങ്ങൾ. നിസ്സഹായരായ ജനത തുടർച്ചയായി തോറ്റുകൊണ്ടേയിരിക്കുകയാണ്. എന്നിട്ടും അവർ അതിജീവന പ്രതീക്ഷകൾ പുലർത്തുന്നു, ജയത്തിന് തൊട്ടടുത്ത് എത്താനുള്ള ആത്മവിശ്വാസം പുലർത്തുന്നു. നിസ്സാരമായ തോൽവികളിൽ മനസ്സുതളർന്ന് നിശബ്ദരായിപ്പോകുന്ന നമ്മളിൽ പലർക്കും ഇവർ അനുഭവിക്കുന്ന അവസ്ഥയുടെ നൂറിലൊരംശം പോലും പ്രതിസന്ധികൾ ഉണ്ടാകില്ല.
ജീവിച്ചിരിക്കുന്നവരുടെ നരകയാതനകൾ ഒരുവശത്ത് നടക്കുമ്പോൾ, മറുവശത്ത് മരിച്ചുപോയവരുടെ ഖബറിടങ്ങൾ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ് ഗസ്സയിൽ. ഫലസ്തീനികളുടെ പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ് തകർത്തെറിയപ്പെടുകയാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഗസ്സയിലെ 93 ശതമാനത്തിലധികം ഖബറിടങ്ങളും പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ടിട്ടുണ്ട്.ഒരു പിതാവിന്റെ ഖബറിടത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന മകൾക്കും, മുത്തച്ഛന്റെ അന്ത്യവിശ്രമസ്ഥലത്ത് ചെന്ന് കുറ്റബോധത്തോടെ നിൽക്കാൻ ആഗ്രഹിക്കുന്ന കൊച്ചുമകനും ആ അവകാശം നിഷേധിക്കപ്പെടുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് കല്ലറകൾ മാത്രമല്ല; തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഓർമ്മകളുടെ വിലയേറിയ കണ്ണിയാണ്. ആശുപത്രി വളപ്പുകളിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളും, തിരിച്ചറിയാൻ കഴിയാത്ത വിധം കലർന്നുപോയ മൃതദേഹാവശിഷ്ടങ്ങളും ഫലസ്തീന്റെ വിങ്ങുന്ന മുറിവുകളാണ്.
ആഡംബര സ്വപ്നമാണ് അവർക്കും ശാന്തതയും സന്തോഷവും: അതിജീവനം വിദൂരതയിലും
മനുഷ്യന്റെ നിലനിൽപ്പിന് അടിസ്ഥാനപരമായ രണ്ട് ഘടകങ്ങളുണ്ട്. ഭൗതികമായ അതിജീവനവും മാനസികമായ സ്വസ്ഥതയും. മനശാസ്ത്രപരമായി നോക്കിയാൽ, ഒരു വ്യക്തിക്ക് സുരക്ഷിതമായി കണ്ണടച്ചുറങ്ങാനൊക്കണമെങ്കിൽ അവിടെ സമാധാനത്തിന്റെയും സ്വസ്ഥതയുടെയും അന്തരീക്ഷം ഉണ്ടാകണം. എന്നാൽ ഫലസ്തീനിലെ കുട്ടികൾക്കും ജനങ്ങൾക്കും നഷ്ടമായിരിക്കുന്നത് അവരുടെ മനസ്സിന്റെ ആന്തരിക സമാധാനവും സന്തോഷവുമാണ്. ബോംബർ വിമാനങ്ങൾ ചീറിപ്പായുന്ന ആകാശമാണ് അവർക്കുള്ളത്. ഏഴഴക് വിരിയിക്കുന്ന മഴവില്ലിന് പകരം മിസൈലുകളുടെ പേടിപ്പിക്കുന്ന കാഴ്ചകളാണ് അവരുടെ ആകാശത്തിന്. ഫലസ്തീനിലെ ഒരു കുഞ്ഞിനോട് ആകാശത്തെക്കുറിച്ച് ചോദിച്ചാൽ അവന് പറയാനുള്ളത് സൗന്ദര്യത്തെക്കുറിച്ചല്ല, മറിച്ച് മരണ ഭയത്തെക്കുറിച്ചാണ്. അവരുടെ ആകാശത്ത് നക്ഷത്രങ്ങൾക്ക് പകരം ജ്വലിച്ചുനിൽക്കുന്നത് റോക്കറ്റുകളാണ്. മേഘങ്ങളുടെ വെളുപ്പിന് പകരം കണ്ണുനീറ്റുന്ന ബോംബുപുകയുടെ കറുപ്പാണ്. രാത്രികളിൽ ആകാശത്തേക്ക് നോക്കി കിടക്കുമ്പോൾ ഏതുനിമിഷവും തങ്ങളുടെ കുഞ്ഞുതലയ്ക്ക് മുകളിലേക്ക് ദുരന്തം പാഞ്ഞുവരുമെന്ന ഭീതി മാത്രമാണ് ആ കണ്മണികളുടെ മനസ്സിലുള്ളത്.
മാനത്ത് ഒരു പ്രാവിനെ കണ്ടാൽ പോലും പുകച്ചുരുളുകൾ പരത്തുന്ന വിമാനമാണോ എന്ന് ഭയന്നു വിറയ്ക്കുന്ന ഒരു ബാല്യം! നാം കുട്ടികൾക്ക് ആകാശത്തിലെ നക്ഷത്രങ്ങളെയും പൂമ്പാറ്റകളെയും കാട്ടിക്കൊടുക്കുമ്പോൾ, ഗസ്സയിലെ അമ്മമാർ സ്വന്തം മക്കൾക്ക് കാണിച്ചുകൊടുക്കുന്നത് മരണത്തെ വഹിച്ചുകൊണ്ടുപറക്കുന്ന യന്ത്രപ്പക്ഷികളെയാണ്.
ആധുനിക മനശാസ്ത്രം പറയുന്നത്, ഒരു വ്യക്തിയുടെ സന്തോഷം എന്നത് കേവലം പുഞ്ചിരിയിലോ ആഗ്രഹങ്ങളുടെ സാക്ഷാത്ക്കാരത്തിലോ ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് താൻ നിൽക്കുന്ന മണ്ണ് സുരക്ഷിതമാണെന്ന ആഴത്തിലുള്ള ബോധ്യമാണ്. ഓരോ നിമിഷവും ബോംബിന്റെ ശബ്ദവും മരണഭയവും മാത്രം മുഖരിതമായ അന്തരീക്ഷത്തിൽ വളരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ മസ്തിഷ്കം കടുത്ത ആഘാതത്തിലൂടെയാണ് കടന്നുപോകുന്നത്. സുരക്ഷിതത്വമില്ലായ്മയും നിരന്തര ആശങ്കയും അവരുടെ മാനസികാരോഗ്യത്തെ ആയുഷ്കാലം വേട്ടയാടാൻ തക്കവിധം തകർക്കുന്നു.
നമുക്ക് സന്തോഷം എന്നത് ചെറിയ കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്തലാണ്. എന്നാൽ ഗസ്സയിലെ ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം, അടുത്ത നിമിഷം ജീവനോടെയുണ്ടാകുമോ, ഭയമില്ലാതെ ഒരു രാത്രി ഉറങ്ങാൻ കഴിയുയോ എന്നത് മാത്രമായിരിക്കും അവരുടെ മനസ്സ് ആഗ്രഹിക്കുന്ന ഏറ്റവും വലിയ സ്വസ്ഥത. സമാധാനം എന്നത് വെറുമൊരു രാഷ്ട്രീയ പദമല്ല; അതൊരു മനുഷ്യന്റെ മനോനില തകരാതെ പിടിച്ചുനിൽക്കാനുള്ള ഏറ്റവും വലിയ ഓക്സിജനാണ്. ആ ഓക്സിജൻ നിഷേധിക്കപ്പെടുമ്പോഴാണ് അവിടെ മനുഷ്യത്വത്തിന്റെ ജീവനുള്ള ശവപ്പറമ്പുകൾ തീരുന്നത്. സമാധാനവും മനുഷ്യത്വവും ആഗ്രഹിക്കുന്ന ലോകം മുഴുവൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പരാജയമാണ് ആ കുട്ടികളുടെ ‘സങ്കട’ങ്ങൾ.
യുദ്ധത്തിന്റെ മുറിവുകൾ എന്നെങ്കിലും ഉണങ്ങുമോ?
യുനിസെഫ് കണക്കുകൾ പ്രകാരം ഗസ്സയിൽ 21,700-ലധികം കുട്ടികൾ കൊല്ലപ്പെടുകയും 45,000-ത്തിലധികം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 11,000-ത്തിൽ അധികം കുഞ്ഞുങ്ങൾ ആയുഷ്കാലം മുഴുവൻ പേറേണ്ട വൈകല്യങ്ങളോടെയാണ് ജീവിക്കുന്നത്.വെടിയൊച്ചകൾ എന്നെങ്കിലും നിലച്ചേക്കാം. പക്ഷെ, മാതാപിതാക്കളെ നഷ്ടപ്പെട്ട ആ കുഞ്ഞുങ്ങൾക്ക് അവരുടെ വീടിന്റെ തണൽ തിരികെ കിട്ടുമോ? കണ്ണടയ്ക്കുമ്പോൾ കേൾക്കുന്ന ബോംബ് ശബ്ദങ്ങളും, ഉമ്മയുടെയും ഉപ്പയുടെയും അവസാനത്തെ നിലവിളികളും അവരുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകുമോ?
നമുക്ക് സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കാൻ വീടുകളുണ്ട്. ഉറങ്ങാൻ സുരക്ഷിതമായ കിടപ്പറകളുണ്ട്. എന്നാൽ ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് അതെല്ലാം വിദൂരമായ സ്വപ്നങ്ങൾ മാത്രമാണ്. യുദ്ധത്തിന്റെ തീരുമാനങ്ങൾ എടുക്കുന്നത് അധികാരത്തിന്റെ തണലിലിരിക്കുന്ന മുതിർന്നവരാണ്, പക്ഷെ അതിന് സ്വന്തം ചോര കൊണ്ടും ബാല്യം കൊണ്ടും വില നൽകേണ്ടിവരുന്നത് ഈ പാവം കുഞ്ഞുങ്ങളാണ്. ഈ അനീതിക്കെതിരെ, ഈ കുഞ്ഞുങ്ങളുടെ കണ്ണീരിന് മറുപടി നൽകാൻ ലോകത്തിന്റെ മനസ്സാക്ഷി എന്നെങ്കിലും ഉണരുമോ?

