ഭൂപടം മറന്ന നാട് അക്ഷരമെഴുതുന്നു
text_fieldsഅലി അഷ്കർ, അഞ്ജലി ശർമ
മഞ്ഞുമലമടക്കിലെ വെളിച്ചം: ഭൂപടമില്ലാത്ത നാട്ടിൽ പുനർജനിച്ച വിദ്യാലയത്തിന്റെ കഥ
അരുണാചൽ പ്രദേശിലെ ഷിയോമി ജില്ലയിലെ ആ മഞ്ഞുമൂടിയ കൂറ്റൻ മലനിരകളിലേക്ക് കണ്ണോടിച്ചാൽ, പ്രകൃതി അതിന്റെ ഏറ്റവും കഠിനമായ മുഖം കാട്ടി നിൽക്കുന്നത് കാണാം. ഭൂപടത്തിന്റെ അതിരുകളിൽ തികച്ചും ഒറ്റപ്പെട്ട്, ഡിജിറ്റൽ ഭൂപടങ്ങൾക്കോ ആധുനിക സാങ്കേതികവിദ്യകൾക്കോ കണ്ടെത്താനാകാത്തവിധം ശാന്തമായി ഒളിച്ചിരിക്കുന്ന കൊച്ചു ഗ്രാമമാണ് ‘കാരോ’. ഷിയോ നദിയുടെ തീരത്ത്, മൗനമായിറങ്ങിയ മഞ്ഞുതുള്ളികൾ പോലെ ഉറങ്ങിക്കിടക്കുന്ന ഈ താഴ്വരയിൽ നഗരങ്ങളുടെ തിരക്കുകളോ, യന്ത്രങ്ങളുടെ ഇരമ്പലോ ഒന്നുമില്ല. കാടുകളുടെ വന്യമായ പച്ചപ്പും തണുത്തുറഞ്ഞ മലങ്കാറ്റും മാത്രം അതിരിടുന്ന ആ കുന്നിൻചരിവുകളിൽ പ്രകൃതിയുടെ നിശ്ശബ്ദതക്കൊപ്പം ജീവിക്കുന്നത് ‘ആദി ബൊക്കാർ’ എന്ന ഗോത്രവിഭാഗത്തിൽപ്പെട്ട മനുഷ്യരാണ്.
വെളിച്ചം പരത്താൻ ടോർച്ചുകൾ മാത്രം
ആധുനിക ലോകം ആസ്വദിക്കുന്ന സകല സൗകര്യങ്ങളിൽ നിന്നും വളരെ അകലെയാണ് ഈ പ്രദേശം. അടുത്തുള്ള ചെറിയ പട്ടണമായ ടാറ്റോയിൽ നിന്ന് മൂന്നുമണിക്കൂറോളം കുത്തനെയുള്ള പാറക്കെട്ടുകളും ചേറുനിറഞ്ഞ മലമ്പാതകളും കടന്നു വേണം കാരോയിലെത്താൻ. മഴക്കാലമായാൽ ഈ വഴിയിലൂടെയുള്ള ഗ്രാമീണരുടെ യാത്ര പൂർണമായും നിലക്കും. ആഴ്ചകളോളം മൊബൈൽ നെറ്റ്വർക്കുകൾ നിശ്ചലമാകുന്ന, വൈദ്യുതി ലൈനുകൾ ഇതുവരെ എത്തിനോക്കിയിട്ടില്ലാത്ത ഈ താഴ്വരയിൽ രാത്രികളെ വെളിച്ചമുള്ളതാക്കുന്നത് ജനറേറ്ററുകളും ടോർച്ചുകളുമാണ്. അടിയന്തര ആശയവിനിമയങ്ങൾക്ക് വാക്കി-ടോക്കികളും.
ബാങ്കുകളോ, വലിയ കെട്ടിടങ്ങളോ, റസ്റ്റാറന്റുകളോ, എന്തിന് ഒരു ചെറിയ ബാർബർ േഷാപ്പ് പോലും അവിടെയില്ല. എതെങ്കിലും ഗുരുതര അസുഖം വന്നാൽ ഒമ്പത് മണിക്കൂർ അകലെയുള്ള ആലോയിലേക്കോ അല്ലെങ്കിൽ 12 മുതൽ 15 മണിക്കൂർ വരെ സഞ്ചരിച്ച് പാസിഘട്ടിലേക്കോ ദിബ്രുഗഢിലേക്കോ പോകേണ്ട കഠിനമായ ജീവിത സാഹചര്യമാണ് ഇവിടത്തുകാരുടേത്.
നടന്നുനടന്ന്...
ചുമലിൽ അരിച്ചാക്കുകളേന്തി ടാറ്റോയിൽ നിന്ന് നാഴികകൾ നടന്നുതീർത്ത ഒരു ഭൂതകാലം ഈ ഗ്രാമവാസികൾക്കുണ്ടായിരുന്നു. അന്ന് പ്രധാനമായും ചോളവും തിനയും കഴിച്ചു ജീവിച്ച അവർ ഇന്ന് സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന കിഴങ്ങുകളും ധാന്യങ്ങളുമാണ് പ്രധാന ഭക്ഷണമാക്കുന്നത്. അലങ്കാരച്ചെടികളും ഏലവും കിവിപ്പഴങ്ങളും ഓറഞ്ചുമൊക്കെ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഗതാഗതച്ചെലവും ദുർഘടമായ വഴികളും കാരണം അവ പട്ടണങ്ങളിൽ കൊണ്ടുപോയി വിറ്റഴിക്കാൻ പോലും സാധിക്കാറില്ല. അതിലേറെയും വീടുകളിൽ തന്നെയോ കന്നുകാലികൾക്കോ ഭക്ഷണമായി മാറുകയാണ് പതിവ്. എങ്കിലും ഇതൊന്നും പരാതികളില്ലാതെ സ്വീകരിച്ച്, മലമ്പാതകളിലൂടെ കിലോമീറ്ററുകൾ നടന്ന് അവർ തങ്ങളുടെ ജീവിതം ജീവിച്ചുതീർക്കുകയാണ്.
പൂട്ടിവെച്ച പുസ്തകത്താളുകളും വിജനമായ അക്ഷരമുറ്റവും
മഞ്ഞുമൂടിയ ഈ കഠിനമായ ഭൂപ്രകൃതിയും ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കിയത് അവിടത്തെ കുരുന്നുകളുടെ ജീവിതത്തിലാണ്. പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും കിലോമീറ്ററുകളോളം ആ തണുപ്പിൽ തളർന്നു നടന്ന് സ്കൂളിലെത്തുക എന്നത് ആ കുഞ്ഞുങ്ങൾക്ക് അസാധ്യമായിരുന്നു. കൂടാതെ അധ്യാപകരുടെ കുറവും അടിസ്ഥാന സൗകര്യമില്ലായ്മയും പ്രദേശത്തെ ഏക ആശ്രയമായിരുന്ന ഗവൺമെന്റ് റെസിഡൻഷ്യൽ സ്കൂളായ നേതാജി സുഭാഷ് ചന്ദ്രബോസ് ബാൽ അവശ്യ വിദ്യാലയം എന്ന സ്ഥാപനത്തെ പതുക്കെ പതുക്കെ വിജനതയിലേക്ക് തള്ളിവിട്ടു.
കുട്ടികൾ ഓരോരുത്തരായി വിദ്യാലയത്തോട് വിടപറഞ്ഞു. അവർ വീട്ടുജോലികളിലും കൃഷിയിടങ്ങളിലും സഹായികളായി മാറി. ക്ലാസ് മുറികളിൽ പൊടിപടലങ്ങൾ വീണു. ജനലുകളും വാതിലുകളും അടഞ്ഞു. അടച്ചുകെട്ടിയ ഹോസ്റ്റൽ മുറികളിൽ നിന്നും ആരുടെയും ശബ്ദം ഉയരാതായി. ആ കൊച്ചു സ്കൂൾ പൂർണമായും അടച്ചുപൂട്ടലിന്റെ വക്കിൽ വരെ എത്തിനിൽക്കുന്ന സാഹചര്യം. അക്ഷരങ്ങളുടെ വെളിച്ചമണഞ്ഞ്, ആ ഗ്രാമത്തിലെ കുഞ്ഞുങ്ങളുടെ ഭാവി വീണ്ടും അന്ധകാരത്തിലേക്ക് വീഴാൻ തുടങ്ങിയ ദാരുണമായ നിമിഷമായിരുന്നു അത്.
കാറ്റുമൂളിയ മലനിരകളിലേക്ക് ഒരു മലയാളി ചെറുപ്പക്കാരൻ
അക്ഷരങ്ങൾ പടിയിറങ്ങിപ്പോയ ആ അതിർത്തി ഗ്രാമത്തിലേക്ക് പക്ഷേ, പ്രതീക്ഷയുടെ പുതിയൊരു വെളിച്ചമായി ഒരു മലയാളി ചെറുപ്പക്കാരൻ കാലുകുത്തുന്നു. മലപ്പുറം അരീക്കോട്ടുകാരനായ അലി അഷ്കർ എന്ന ഇരുപത്തെട്ടുകാരൻ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ‘വിദ്യാഭ്യാസത്തിലൂടെ സമാധാനം’ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘സൺബേർഡ് ട്രസ്റ്റ് ഇന്ത്യ’ എന്ന സന്നദ്ധസംഘടന വഴിയാണ് അഷ്കർ കാരോയിലെത്തുന്നത്. അരുണാചൽ പ്രദേശ് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വിദ്യാലയം നവീകരിക്കാനായിരുന്നു അവരുടെ തീരുമാനം.
കശ്മീരിലെ ജോലി പരിചയവും മേഘാലയയിലെ പഠനാനുഭവങ്ങളുമായി ഇങ്ങനെയൊരു അതിർത്തി ഗ്രാമത്തിലേക്ക് കടന്നുവരുമ്പോൾ, അഷ്കറിന് കൂട്ടിനുണ്ടായിരുന്നത് സഹപ്രവർത്തകയായ അഞ്ജലി ശർമ എന്ന അധ്യാപിക മാത്രമായിരുന്നു. എന്നാൽ, അവരെ കാത്തിരുന്നത് സന്തോഷകരമായ കാഴ്ചകളായിരുന്നില്ല. മുമ്പ് അധ്യാപകരെ കാണുമ്പോൾ പേടിച്ചോടിയൊളിച്ചിരുന്ന കുട്ടികളും, ചോർന്നൊലിക്കുന്ന ആൾപ്പാർപ്പില്ലാത്ത കെട്ടിടങ്ങളും, അടിസ്ഥാന സൗകര്യങ്ങളുടെ കടുത്ത അഭാവവും അവരുടെ മുന്നിൽ വലിയ വെല്ലുവിളിയായി ഉയർന്നു. എങ്കിലും തോറ്റുകൊടുക്കാൻ അഷ്കറും അഞ്ജലിയും തയാറായിരുന്നില്ല.
ഒരു നാടിന്റെ ഉയിർത്തെഴുന്നേൽപ്പ്
ആ നാടിന്റെ ഭാവി മാറ്റിയെഴുതാൻ അവർ ഉറപ്പിച്ചു. പരുക്കൻ മലമ്പാതകളിലൂടെ, തണുത്തുറഞ്ഞ കാറ്റിനെ വകവെക്കാതെ അവർ ഗ്രാമത്തിലെ ഓരോ വീടുകളുടെയും പടികൾ കയറിയിറങ്ങി. മാതാപിതാക്കളുടെ കൈകൾ പിടിച്ച് സംസാരിച്ചു. അക്ഷരങ്ങൾ ആ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് അവർക്ക് മനസ്സിലാക്കിക്കൊടുത്തു. തങ്ങൾക്ക് ലഭിക്കാതെ പോയ അറിവിന്റെ വിശാലലോകം സ്വന്തം മക്കൾക്കെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ രക്ഷിതാക്കൾ അവരെ സന്തോഷത്തോടെ സ്കൂളിലേക്ക് അയക്കാൻ സമ്മതിച്ചു.
അതോടൊപ്പം ഗ്രാമവാസികളും അധ്യാപകരും കൈകോർത്തതോടെ മാറ്റത്തിന്റെ ഒരു വലിയ തരംഗം തന്നെ അവിടെയുണ്ടായി. നാട്ടുകാർ സ്വന്തം കൈകൾ കൊണ്ട് മുളയും വൈക്കോലും മരത്തടികളും കൊണ്ടുവന്ന് സ്കൂളിനായി മനോഹരമായ ഒരു ലൈബ്രറി തന്നെ നിർമിച്ചു നൽകി. ചോർന്നൊലിച്ചിരുന്ന ക്ലാസ് മുറികളും ഹോസ്റ്റലും ഡൈനിങ് ഏരിയയും വൃത്തിയുള്ള അധ്യാപക ക്വാർട്ടേഴ്സുകളും അവർ സ്വന്തം കൈകൾ കൊണ്ട് തുടച്ചു വൃത്തിയാക്കി കരിപിടിച്ച ചുമരുകൾക്ക് പുതുജീവൻ നൽകി.
മുമ്പൊക്കെ അധ്യാപകരെ കാണുമ്പോൾ പേടിച്ചോടിയൊളിച്ചിരുന്ന കുട്ടികൾ അധ്യാപകർ ക്ലാസിലെത്താൻ വൈകിയാൽ തിരക്കിപ്പിടിച്ച് അവരെ വിളിക്കാൻ ഓടുന്ന മനോഹരമായ കാഴ്ചയാണ് അവിടെ ഇന്ന്. പ്രധാനാധ്യാപകൻ ജോണി യാജോ വ്യക്തമാക്കുന്നതുപോലെ, ടീച്ചർമാർ വരാൻ വൈകിയാൽ കുട്ടികൾ സ്വയം അന്വേഷിച്ചുവരുന്ന രീതിയിലേക്ക് വലിയൊരു മാറ്റമാണ് ഇവിടെ സംഭവിച്ചത്. വെറും 40 കുട്ടികളുമായിട്ടായിരുന്നു ആ പുനർജനിയുടെ തുടക്കം. അഷ്കറിന്റെയും അഞ്ജലിയുടെയും കഠിനാധ്വാനം ഫലം കണ്ടു. ഒരുകാലത്ത് അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന വിദ്യാലയത്തിൽ ഇന്ന് നൂറിലധികം കുരുന്നുകൾ സന്തോഷത്തോടെ പഠിക്കുന്നു. ആളനക്കമില്ലാതെ കിടന്ന ഹോസ്റ്റൽ ഇന്ന് 62ഓളം കുട്ടികൾ താമസിച്ച് പഠിക്കുന്ന ഒരു മനോഹര ഇടമായി മാറി.
തലമുറകൾ ഒന്നിച്ച് അഭ്യസിക്കുന്ന പാഠങ്ങൾ
മാറ്റത്തിന്റെ ഈ അലയൊലികൾ കുട്ടികളിൽ മാത്രം ഒതുങ്ങിനിന്നില്ല. തങ്ങളുടെ മക്കളുടെ പുസ്തകത്താളുകളിലേക്ക് നോക്കി നെടുവീർപ്പിട്ട, ഒരിക്കൽ പോലും അക്ഷരം പഠിക്കാൻ കഴിയാതിരുന്ന ആ ഗ്രാമത്തിലെ മുതിർന്നവരും അക്ഷരലോകത്തേക്ക് ചുവടുവെച്ചു. പകൽ മുഴുവൻ കൃഷിയിടങ്ങളിൽ കഠിനാധ്വാനം ചെയ്ത്, സന്ധ്യയോടെ തളർന്നു തിരിച്ചെത്തുന്ന അമ്മമാരും അച്ഛന്മാരും എഴുത്തും വായനയും പഠിക്കാനായി രാത്രികളിൽ സ്കൂൾ ക്ലാസ് മുറികളിലെത്തി. പന്ത്രണ്ടു പേരുമായി തുടങ്ങിയ ആ രാത്രിക്ലാസ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇരുപഞ്ചോളം മുതിർന്നവരുടെ അക്ഷരക്കളരിയായി മാറി. അതോടൊപ്പം, ശാസ്ത്രത്തെ കൂടുതൽ അടുത്തറിയാൻ വേണ്ടി കുരുന്നുകൾക്കായി സയൻസ് ലാബുകളും മെചുകയിലെ ഐ.എസ്.ആർ.ഒ സ്പേസ് ലാബിലേക്കുള്ള പഠനയാത്രകളും അണിയറയിൽ ഒരുക്കുകയും ചെയ്തു.
അതിരുകൾ മായ്ച്ച വിരുന്ന്
പഠനത്തോടൊപ്പം കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്താനും, ഇന്ത്യയുടെ വിവിധ സാംസ്കാരിക വൈവിധ്യങ്ങൾ അവർക്ക് പരിചയപ്പെടുത്താനും അവർ നിരന്തരം ശ്രമിച്ചു. അങ്ങനെയാണ് ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറമുള്ള കേരളത്തിന്റെ സ്വന്തം ഓണം ഈ അതിർത്തി ഗ്രാമത്തിന്റെ മുറ്റത്തുമെത്തുന്നത്. എന്നാൽ, ആ അതിർത്തി ഗ്രാമത്തിൽ എങ്ങനെ ഓണം ആഘോഷിക്കും? ഉടുക്കാൻ പട്ടുതുണികളോ, അണിയാൻ സ്വർണാഭരണങ്ങളോ, കിരീടമോ ഒന്നും അവിടെ ലഭ്യമല്ലായിരുന്നു. പക്ഷേ, അഷ്കറും കൂട്ടരും ആ കുറവിനെ അവിടത്തെ പ്രാദേശിക സംസ്കാരം കൊണ്ട് നേരിട്ടു.
മഹാബലിയുടെ സങ്കൽപത്തെ ‘ആദി ബൊക്കാർ’ ഗോത്രവർഗ തനിമയിലേക്ക് അവർ മാറ്റിയെഴുതി!
ആദി ബൊക്കാർ വിഭാഗത്തിൽപ്പെട്ട ഒരു കൊച്ചു കുരുന്നിനെ അവർ മാവേലിയാക്കി. പേപ്പറും ചാർട്ടുകളും വെട്ടിയുണ്ടാക്കിയ കിരീടവും, പ്രാദേശികമായി ലഭിച്ച സാമഗ്രികൾ കൊണ്ട് കൈകൊണ്ടുണ്ടാക്കിയ ഓലക്കുടയും മാവേലിക്ക് നൽകി. കേരളത്തിന്റെ പരമ്പരാഗത മുണ്ടിന് പകരം ആദി ബൊക്കാർ വിഭാഗത്തിന്റെ കൈകൊണ്ട് നെയ്ത മനോഹരമായ ഗോത്ര വസ്ത്രങ്ങളാണ് കുട്ടിമാവേലിയെ അണിയിച്ചൊരുക്കിയത്.
200 കിലോമീറ്റർ താണ്ടിയ രുചികളും സ്നേഹച്ചുവടുകളും
നാടൻ ഓണസദ്യ ഒരുക്കുക എന്നത് അതിനേക്കാൾ വലിയ വെല്ലുവിളിയായിരുന്നു. അതിനായി അധ്യാപികയായ അഞ്ജലി ശർമ 200 കിലോമീറ്ററോളമാണ് നഗരത്തിലേക്ക് യാത്ര ചെയ്ത് പച്ചക്കറികളും സാധനങ്ങളും എത്തിച്ചത്. കൃുഷ്ന, യാമെ, നജാപ്, ജോപെ, അപെ, റ്റാലിങ്, ജോമർ, മേരി, നിമ തുടങ്ങിയ പ്രാദേശിക അധ്യാപകരും ജീവനക്കാരും ചേർന്നതോടെ സ്കൂൾ അടുക്കളയിൽ വിഭവസമൃദ്ധമായ സദ്യയൊരുങ്ങി. സാമ്പാറും രസവും പപ്പടവുമെല്ലാം അവർ ഒന്നിച്ച് പാകം ചെയ്തു.
കാട്ടിൽനിന്നും ഗ്രാമത്തിലെ വീടുകളിൽ നിന്നും ശേഖരിച്ച പൂക്കൾ കൊണ്ട് പൂക്കളമൊരുക്കി, തങ്ങളുടെ പരമ്പരാഗത വസ്ത്രമായ ‘ഗല്’ അണിഞ്ഞാണ് അധ്യാപകർ വാഴയിലയിൽ സദ്യ വിളമ്പിയത്. തമിഴിലെയും മലയാളത്തിലെയും തരംഗപ്പാട്ടുകൾക്കൊപ്പവും കലാഭവൻ മണിയുടെ നാടൻപാട്ടുകൾക്കൊപ്പവും അവിടത്തെ കുരുന്നുകൾ താളത്തിൽ ചുവടുവെച്ചു. കേവലം ഒരാഴ്ചത്തെ തീവ്ര പരിശീലനം കൊണ്ട് വരികളുടെ ഉച്ചാരണവും അർഥവും മനസ്സിലാക്കിയാണ് അവർ വേദിയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്!
അഷ്കറിന്റെ ‘ടീച്ചർ ടെയ്ൽസ്’ (Teacher Tales) എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കപ്പെട്ട ഈ വിഡിയോ നിമിഷനേരം കൊണ്ട് തരംഗമാവുകയും കേന്ദ്രമന്ത്രി കിരൺ റിജിജു അടക്കമുള്ളവർ സ്വന്തം അക്കൗണ്ടുകളിൽ പങ്കുവെക്കുകയും ചെയ്തു.ആഘോഷത്തിന്റെ ആരവങ്ങൾ അടങ്ങി, തണുത്ത കാറ്റ് വീണ്ടും ഷിയോമിയിലെ മലനിരകളെ തഴുകിപ്പോകുമ്പോൾ, കാരോയിലെ ആ ചെറിയ വിദ്യാലയത്തിൽ തുറന്നുവെക്കപ്പെട്ടിരിക്കുന്നത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയൊരു പാഠപുസ്തകമാണ്.
വഴികളില്ലാത്ത താഴ്വരയിൽ, മഞ്ഞുമൂടിയ മലനിരകൾക്ക് നടുവിൽ അവർക്കായി ഒരുങ്ങിയത് ജീവിതം തന്നെ മാറ്റിമറിക്കുന്ന വിദ്യാലയമുറ്റമാണ്. മാപ്പിൽ വരച്ചിട്ട അതിർത്തിരേഖകൾക്ക് മനുഷ്യരുടെ മനസ്സുകൾ തമ്മിലുള്ള ദൂരം അളക്കാനാവില്ലെന്ന് ആ നിഷ്കളങ്കരായ കുരുന്നുകൾ തങ്ങളുടെ പുഞ്ചിരിയിലൂടെ തെളിയിച്ചുതരുന്നു. നാളെ പ്രകാശത്തിന്റെ പുതിയ ലോകത്തേക്ക് അവർ ചിറകുവിരിച്ചുയരുമ്പോൾ, തങ്ങളെ ചേർത്തുപിടിച്ച ആ മലയാളി അധ്യാപകന്റെയും കൂട്ടരുടെയും കരുതലിലൂടെ അവർ ലോകത്തോട് ഒന്നുമാത്രമേ പറയൂ, ‘സ്നേഹമുള്ളിടത്തൊക്കെയും അതിരുകളില്ലാത്ത മാവേലിനാടുകൾ പിറന്നുകൊണ്ടേയിരിക്കും.’

