നെതന്യാഹുവും സുക്കർബർഗും ഒരുമിച്ച്; വൈറൽ ഫോട്ടോക്ക് പിന്നിലെ യാഥാർഥ്യം ഇതാണ് -Fact Check
text_fieldsസമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗും ഒരുമിച്ചിരിക്കുന്ന ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇസ്രായേൽ പട്ടാളത്തിന്റെ യൂണിഫോം അണിഞ്ഞാണ് ചിത്രത്തിൽ സുക്കർബർഗിനെ കാണുന്നത്. ഇസ്രായേൽ ഫലസ്തീന് നേരെ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ വിദ്വേഷ പ്രചാരണത്തിന് ഈ ചിത്രം ഉപയോഗിക്കപ്പെട്ടു. ഇന്ത്യയിൽ പല സംഘപരിവാർ പ്രൊഫൈലുകളും ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഈ ചിത്രം പങ്കുവെക്കുകയും ചെയ്തു.
ബി.ജെ.പി നേതാവായ കപിൽ മിശ്രയുടെ ഫാൻസ് ഗ്രൂപ്പ് ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 'ഇസ്രായേലിനെ ബഹിഷ്കരിക്കണമെന്ന് പറയുന്നവർ ഫെയ്സ്ബുക്കിനെയും ബഹിഷ്കരിക്കാൻ തയ്യാറാകുമോ എന്നായിരുന്നു ചോദ്യം.
ഇങ്ങനെയൊരു ചിത്രം യാഥാർഥ്യമാണോ?
നെതന്യാഹുവും സുക്കർബർഗും ഒരുമിച്ചിരിക്കുന്ന മേൽപ്പറഞ്ഞ ചിത്രം വ്യാജമായി നിർമിച്ചെടുത്തതാണ് എന്നതാണ് യാഥാർത്ഥ്യം. ഇസ്രായേൽ പ്രതിരോധ സേനയുടെ തലവനായ അവിവ് കൊഹാവിയാണ് നെതന്യാഹുവിന് സമീപം ഉണ്ടായിരുന്നത്. എന്നാൽ ഇദ്ദേഹത്തിൻറെ തല വെട്ടിമാറ്റി പകരം സുക്കർബർഗിന്റെ തല മോർഫ് ചെയ്തു കൂട്ടിച്ചേർത്തതാണ് വ്യാജ ചിത്രം നിർമ്മിച്ചത്.
(Courtesy: The Quint)
ഇന്റർപ്രസ്സ് ന്യൂസ് ഏജൻസി 2019 നവംബർ 12ന് യഥാർഥ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വാർത്താ സമ്മേളനത്തിലെടുത്തതാണ് യഥാർഥ ചിത്രം. വ്യാജ ഫോട്ടോയിൽ പിന്നിലായി ഫേസ്ബുക്കിന്റെ ലോഗോയും മോർഫ് ചെയ്ത് ചേർത്തിട്ടുണ്ട്.
(വാര്‍ത്താസമ്മേളനത്തിന്റെ മറ്റൊരു ചിത്രം)