'ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഖുർആൻ പാരായണം'; വൈറൽ വിഡിയോയുടെ സത്യാവസ്ഥ ഇതാണ്
text_fieldsലണ്ടൻ: പോർചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പള്ളിയിലിരുന്ന് ഖുർആൻ പാരായണം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വിഡിയോ ടിക്ടോകിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രിസ്റ്റ്യാനോ ഖുർആൻ പാരായണം ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വിഡിയോ നിരവധിയാളുകളാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ദശലക്ഷക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്.
എന്നാൽ വിഡിയോയിൽ ഉള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ലെന്നും താരത്തോട് സാദൃശ്യമുള്ള ബേവാർ അബ്ദുല്ലയാണെന്നും ഇന്ത്യ ടുഡേ ആന്‍റിഫേക്ക് ന്യൂസ് വാർ റൂം കണ്ടെത്തി.
ഇറാഖുകാരനായ അബ്ദുല്ല ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലാണ് താമസിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ 'അപരൻ' എന്ന നിലയിൽ ശ്രദ്ധേയനാണ് അബ്ദുല്ല. 2019ൽ ഇറാഖിൽ നിന്ന് ബ്രിട്ടനിൽ എത്തിയ അബ്ദുല്ല കെട്ടിട നിർമാണ തൊഴിലാളിയാണ്.
വൈറലായ വിഡിയോക്ക് താഴെ നിരവധി പേർ ഇത് ക്രിസ്റ്റ്യാനോ തന്നെയാണോ എന്ന് സംശയം പ്രകടിപ്പിച്ചു. വിഡിയോയുടെ അവസാനത്തിൽ വിഡിയോ നിർമിച്ചയാളുടെ പേര് ഉൾപെടുത്തുന്ന രീതി ടിക്ടോക്കിനുണ്ട്.
വൈറൽ വിഡിയോയുടെ അവസാനത്തിൽ ബേവാർ അബ്ദുല്ല എന്നാണ് കാണുന്നത്. അവിടെ നിന്നും ലഭിച്ച സൂചനയിൽ നിന്നാണ് വിഡിയോ ബേവാർ അബ്ദുല്ലയുടെ പ്രൊഫൈലിൽ നിന്ന് പങ്കുവെച്ചതാണെന്ന് മാധ്യമപ്രവർത്തകർ കണ്ടെത്തിയത്.
ക്രിസ്റ്റ്യാനോയുമായുള്ള സാദൃശ്യം കാരണം ഇറാഖിൽ പ്രസിദ്ധനായ അബ്ദുല്ല ബ്രിട്ടനിലെത്തിയതോടെ ഫാൻസ് കൂടി. ഫുട്ബാൾ കളിക്കാരൻ കൂടിയായ അബ്ദുല്ല ക്രിസ്റ്റ്യാനോയുടെ ഹെയർസ്റ്റൈൽ അനുകരിക്കുന്നതോടൊപ്പം താരത്തിന്‍റെ അതേ വസ്ത്രധാരണ രീതിയും പിന്തുടർന്ന് വരുന്നു. ക്രിസ്റ്റ്യാനോ കളിക്കുന്ന അതേ പൊസിഷനിൽ തന്നെയാണ് അബ്ദുല്ലയും പന്ത് തട്ടാൻ ഇറങ്ങാറുള്ളത്.