മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ: നടപടി റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മൂന്നാർ മേഖലയിലെ കൈയേറ്റവും വ്യാജ പട്ടയങ്ങളും കണ്ടെത്തി ഒഴിപ്പിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാറിന് ഹൈകോടതി നിർദേശം. കോടതി നിർദേശ പ്രകാരം ഓൺലൈൻ മുഖേന കോടതിയിൽ ഹാജരായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി കോടതിയെ അറിയിച്ചത്. ഇക്കാര്യം രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചത്. തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയടക്കം നൽകിയ ഹരജികളാണ് പരിഗണനയിലുള്ളത്.ജനുവരിയിൽ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടും ഒന്നും നടക്കുന്നില്ലെന്നടക്കം കഴിഞ്ഞ ദിവസം കോടതി വിമർശനമുന്നയിച്ചിരുന്നു.
തുടർന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി ഹാജരാകാൻ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം മോണിറ്ററിങ് കമ്മിറ്റി കൂടുകയും നടപടികൾ സ്വീകരിക്കാൻ കലക്ടർക്ക് ഉൾപ്പെടെ നിർദേശങ്ങൾ നൽകുകയും ചെയ്തതായി പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. സ്പെഷൽ ഓഫിസർ രേഖകൾ ശേഖരിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവേയിൽ മൂന്നാർ മേഖലയിലെ ചിന്നക്കനാൽ, ശാന്തൻപാറ, ബൈസൺവാലി എന്നിവയുണ്ട്. രണ്ടാം ഘട്ടത്തിൽ മറ്റു വില്ലേജുകളെയും ഉൾപ്പെടുത്തും. അതേസമയം, മേയ് 31നകം ഡിജിറ്റൽ സർവേ പൂർത്തിയാക്കാനാവില്ലെന്നതിനാൽ ആറുമാസമെങ്കിലും അനുവദിക്കണമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

