പെരുമഴക്ക് ഇടവേള; ഒറ്റപ്പെട്ട മഴ തുടരും, നാളെ രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി വ്യാപക നാശം വിതച്ച കാറ്റിനും കനത്ത മഴക്കും നേരിയ ശമനം. ഞായറാഴ്ച പൊതുവെ മഴ മാറി നിന്ന അന്തരീക്ഷമായിരുന്നു. അതേസമയം മഴ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ.
ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഗുജറാത്ത് തീരം, വടക്കുകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കാലവർഷം ദുർബലമായത് മഴക്കെടുതികൾ അനുഭവിച്ചിരുന്ന മേഖലകളിൽ ജനങ്ങൾക്ക് ആശ്വാസമായി. വെള്ളക്കെട്ടുണ്ടായിരുന്ന പല പ്രദേശങ്ങളും സാധാരണ നിലയിലേക്കെത്തി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരുന്നവരിൽ പലരും വീടുകളിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

