ലോകം സമുദ്ര അടിയന്തരാവസ്ഥ നേരിടുന്നു -യു.എൻ
text_fieldsന്യൂയോർക്: സമുദ്രം ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകം സമുദ്ര അടിയന്തരാവസ്ഥ നേരിടുകയാണെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. തിങ്കളാഴ്ച ലിസ്ബനിൽ നടന്ന യു.എൻ സമുദ്ര സമ്മേളനത്തിലാണ് അദ്ദേഹം കാലാവസ്ഥ വ്യതിയാനം മൂലം സമുദ്രത്തിനേൽക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചത്. അഞ്ച് ദിവസം നടക്കുന്ന സമ്മേളനത്തിൽ 120 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. സമുദ്ര സംരക്ഷണത്തിനായി നടപടികൾ എടുക്കാൻ അംഗങ്ങളോട് ഗുട്ടെറസ് ആഹ്വാനം ചെയ്തു.
കെനിയയിലും ലിസ്ബനിലുമായാണ് സമുദ്ര സമ്മേളനം സംഘടിപ്പിച്ചത്. സംരക്ഷണത്തിന്‍റെ ഭാഗമായി രാജ്യങ്ങൾ വെള്ളിയാഴ്ച തീരുമാനങ്ങളെടുക്കും.
ഭൂമിയുടെ 70 ശതമാനവും ആവരണം ചെയ്തിരിക്കുന്നത് സമുദ്രത്താലാണ്. പത്ത് ലക്ഷം സ്പീഷീസുകളുടെ ആവാസവ്യവസ്ഥയായ സമുദ്രമാണ് ലോകത്തെ പകുതിയിലധികം ഓക്സിജനും ഉത്പാദിപ്പിക്കുന്നത്. എന്നിട്ടും മനുഷ്യർ സമുദ്രത്തിന്‍റെ നിലനിൽപ്പ് കണക്കിലെടുക്കുന്നില്ല- ഗുട്ടെറസ് പറഞ്ഞു.
സമുദ്ര സംരക്ഷണം എന്ന ആശയത്തിൽ ലിസ്ബനിലെ കടൽതീരത്ത് ഓഷ്യൻ റിബല്യൻ ഗ്രൂപ്പിന്‍റെ പ്രവർത്തകർ പ്രകടനങ്ങളും നടത്തി. സമുദ്രം മരിച്ചാൽ നമ്മളും മരിക്കുന്നു എന്ന പ്രക്കാഡുകളേന്തിയിരുന്നു പ്രകടനം.
മനുഷ്യരുടെ പ്രവൃത്തി മൂലം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺഡൈ ഓക്സൈഡിന്‍റെ 25 ശതമാനത്തോളം വലിച്ചെടുക്കുന്നത് സമുദ്രമാണ്. 60 വർഷത്തിനുള്ളിൽ ഇത് വർധിച്ചിട്ടുണ്ട്. ഇതും സമുദ്ര താപനവും കടൽ വെള്ളത്തിൽ അമ്ലത്തിന്‍റെ അംശം കൂട്ടുന്നതായും പ്രവർത്തകർ ചൂണ്ടിക്കാട്ടി.