വനം വീണ്ടെടുത്തപ്പോൾ വന്യജീവികളും തിരിച്ചെത്തി; ശ്രദ്ധ നേടി തമിഴ്നാട്ടിലെ വനപുനരുജ്ജീവന മാതൃക
text_fieldsതമിഴ്നാട്ടിലെ വനങ്ങളിൽ നിന്ന് അധിനിവേശ സസ്യമായ ലാന്റാന നീക്കം ചെയ്തതിനെ തുടർന്ന് ആനകൾ, കാട്ടുപോത്ത്, മാനുകൾ ഉൾപ്പെടെയുള്ള വന്യജീവികൾ വീണ്ടും സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടങ്ങിയെത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു പങ്കുവെച്ച വീഡിയോയാണ് വനപുനരുജ്ജീവന പ്രവർത്തനത്തിന്റെ വിജയത്തിന് തെളിവായി വൈറലായത്.
തമിഴ്നാട് വനംവകുപ്പ് നടപ്പാക്കിയ വിപുലമായ വനപുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ഇതുവരെ 40,000 ഹെക്ടറിലധികം വനഭൂമി പുനഃസ്ഥാപിച്ചിട്ടുണ്ട്. തദ്ദേശീയ സസ്യങ്ങളുടെ വളർച്ച തടയുകയും വനത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ലാന്റാന എന്ന അധിനിവേശ കുറ്റിച്ചെടിയെ ഏകദേശം 31,000 ഹെക്ടർ പ്രദേശങ്ങളിൽ നിന്നായിട്ടാണ് ഇവയെ നീക്കം ചെയ്തത്.
"ഒരിക്കൽ അധിനിവേശ സസ്യങ്ങൾ നിറഞ്ഞിരുന്ന പ്രദേശങ്ങളിലേക്ക് ഇന്ന് ആനകളും കാട്ടുപോത്തുകളും മാനുകളും എണ്ണമറ്റ മറ്റ് ജീവജാലങ്ങളും തിരിച്ചെത്തുകയാണ്," എന്ന് സുപ്രിയ സാഹു സമൂഹമാധ്യമത്തിൽ കുറിച്ചു. വനപുനരുജ്ജീവനത്തിന്റെ യഥാർത്ഥ വിജയം എത്ര ഹെക്ടർ ഭൂമി ശുചീകരിച്ചു എന്നതിലല്ല, മറിച്ച് ജീവൻ വീണ്ടും വനത്തിലേക്ക് മടങ്ങിയെത്തിയെന്നതിലാണെന്നും അവർ പറയുന്നു.
വീഡിയോയിൽ പുനരുജ്ജീവിപ്പിച്ച വനമേഖലകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്ന വന്യജീവികളെ കാണാം. തദ്ദേശീയ സസ്യജാലം വീണ്ടും വളർന്നതോടെ ആനകൾ, കാട്ട് പോത്തുകൾ, നിലത്ത് കൂടുകൂട്ടുന്ന പക്ഷികൾ തുടങ്ങി നിരവധി ജീവിവർഗങ്ങൾ പഴയ ആവാസവ്യവസ്ഥ തിരിച്ചുപിടിക്കുന്നതായാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
നീക്കം ചെയ്ത ലാന്റാന മാലിന്യമായി ഉപേക്ഷിക്കാതെ ബയോമാസ് ബ്രിക്കറ്റുകളാക്കി മാറ്റി പ്രാദേശിക തേയില ഫാക്ടറികൾക്ക് ഇന്ധനമായി വിതരണം ചെയ്യുന്നതും പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. ഇതുവരെ ഏകദേശം 120 മെട്രിക് ടൺ ബ്രിക്കറ്റുകൾ വിതരണം ചെയ്തതായി സുപ്രിയ സാഹു അറിയിച്ചു. ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര കാർബൺ മാനേജ്മെന്റിലൂടെ കാലാവസ്ഥാ പ്രവർത്തനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന മാതൃകയായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, വനപാലകർ ഉൾപ്പെടെയുള്ള മുഴുവൻ വനംവകുപ്പ് ജീവനക്കാരെയും സുപ്രിയ സാഹു അഭിനന്ദിച്ചു. പരിസ്ഥിതിക്ക് വീണ്ടെടുപ്പ് അവസരം നൽകിയാൽ വന്യജീവികൾ സ്വാഭാവികമായി തിരിച്ചെത്തുമെന്നതിന്റെ മികച്ച ഉദാഹരണമായാണ് ഈ സംരംഭത്തെ സമൂഹമാധ്യമ ഉപയോക്താക്കൾ വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

