വംശനാശ ഭീഷണിയിൽ കാട്ടുതേനീച്ചകളും ചിത്രശലഭങ്ങളും
text_fieldsയൂറോപ്പിലെങ്ങും വംശനാശ ഭീഷണി നേരിടുന്ന കാട്ടു തേനീച്ച ഇനങ്ങളുടെ എണ്ണം ഒരു ദശകത്തിനിടെ ഇരട്ടിയിലധികമായെന്ന് പഠനം. ഒപ്പം വംശനാശ ഭീഷണി നേരിടുന്ന ചിത്രശലഭ ഇനങ്ങളുടെ എണ്ണവും ഏതാണ്ട് ഇരട്ടിയായി. ഇന്റർനാഷണൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറി’ന്റെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റിനായുള്ള ശാസ്ത്രീയ പഠനങ്ങൾ ആണ് പ്രകൃതിയിലെ പ്രധാനപ്പെട്ട പരാഗണകാരികൾ നേരിടുന്ന അപകടത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
14 വർഷം മുമ്പ് നടത്തിയ അവസാന പഠനത്തിനുശേഷമുള്ള ദശകത്തിനിടെ, യൂറോപ്പിൽ 1,928 തേനീച്ച ഇനങ്ങളിൽ കുറഞ്ഞത് 172 എണ്ണമെങ്കിലും വംശനാശ ഭീഷണിയിലാണെന്ന് ഏറ്റവും പുതിയ യൂറോപ്യൻ റെഡ് ലിസ്റ്റ് വിലയിരുത്തലുകൾ വെളിപ്പെടുത്തുന്നു. ഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെ എണ്ണം 37 ൽ നിന്ന് 65 ആയും വർധിച്ചു. ‘മഡെയ്റൻ ലാർജ് വൈറ്റ്’ എന്ന ഒരു ഇനത്തിന് നിലവിൽ വംശനാശം സംഭവിച്ചതായും സ്ഥിരീകരിച്ചു.
ആഗോള താപനത്തെ ഒരു പ്രധാന ഭീഷണിയായി പഠനം ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലെ വംശനാശഭീഷണി നേരിടുന്ന എല്ലാ ചിത്രശലഭങ്ങളുടെയും 52ശതമാനം കാലാവസ്ഥാ പ്രതിസന്ധി മൂലം അപകടത്തിലാണ്. ഭൂമി തരിശിടുന്നതിലൂടെയും തണ്ണീർത്തടങ്ങൾ വറ്റിപ്പോകുന്നതിലൂടെയും രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗത്തിലൂടെയും ആവാസവ്യവസ്ഥയുടെ തുടർച്ചയായ നാശമാണ് സമീപകാലത്തെ ദ്രുതഗതിയിലുള്ള എണ്ണം ഇടിയാൻ കാരണം. പരാഗണത്തിന് അനുയോജ്യമായ ആവാസവ്യവസ്ഥയുടെ വിഘടനം പ്രാദേശിക വംശനാശ സാധ്യത വളരെയധികം വർധിപ്പിക്കുന്നു.
കാഴ്ചയിലെ ഭംഗിക്കപ്പുറം ചിത്രശലഭങ്ങളും തേനീച്ചകളും പോലുള്ള പരാഗണകാരികൾ നമ്മുടെ ഭക്ഷ്യവ്യവസ്ഥയുടെയും സമ്പദ്‌വ്യവസ്ഥയുടെയും ജീവനാഡികളാണ്. അവ നമ്മുടെ ആരോഗ്യത്തെയും കൃഷിയെയും പോഷിപ്പിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, വിത്തുകൾ എന്നിവ നിലനിർത്തുന്നുവെന്ന് ഐ.യു.സി.എൻ ഡയറക്ടർ ജനറൽ ഗ്രെതെൽ അഗ്വിലാർ പറഞ്ഞു.
കാട്ടുതേനീച്ചകൾ അപ്രത്യക്ഷമായാൽ നിരവധി കാട്ടുചെടികളും അപകടത്തിലാവും. അവയിൽ പൂക്കളാൽ സമ്പന്നമായ പുൽമേടുകളും മനോഹരമായ ഓർക്കിഡ് ഇനങ്ങളും ചില ഉദാഹരണങ്ങൾ മാത്രമാണെന്നും പഠനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

