ഇന്ത്യയിൽ ഗോതമ്പ് കൃഷി 26 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിലേക്ക്; കർഷകർ മറ്റ് വിളകളിലേക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഗോതമ്പ് കൃഷിയുടെ വിസ്തൃതി 26 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൺസൂൺ മഴയെത്തുടർന്ന് കൃഷിയിടങ്ങളിൽ ഈർപ്പം കുറഞ്ഞതും ജലക്ഷാമം രൂക്ഷമായതുമാണ് ഗോതമ്പ് കൃഷി കുറക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. പകരം കുറഞ്ഞ വെള്ളം ആവശ്യമായതും മികച്ച വരുമാനം ലഭിക്കുന്നതുമായ മറ്റ് വിളകളിലേക്ക് കർഷകർ മാറുകയാണ്.
2026–27 കൃഷി സീസണിൽ ഗോതമ്പ് കൃഷിയുടെ വിസ്തൃതി കഴിഞ്ഞ വർഷത്തെ റെക്കോർഡ് 3.36 കോടി ഹെക്ടറിൽനിന്ന് ഏകദേശം ആറ് ശതമാനം കുറയുമെന്നാണ് കാർഷിക മേഖലയിലെ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത് 2000–01 സീസണിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരിക്കും. ഗോതമ്പ് കൃഷി വിസ്തൃതി നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്താനും സാധ്യതയുണ്ട്.
ജൂൺ മുതൽ സെപ്റ്റംബർ വരെ ലഭിച്ച മൺസൂൺ മഴ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. ഗോതമ്പ് കൃഷി പ്രധാനമായ പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ശരാശരിയേക്കാൾ 41 ശതമാനം മഴ കുറവാണ് ലഭിച്ചത്. ഇതോടെ കൃഷിയിടങ്ങളിലെ മണ്ണിന്റെ ഈർപ്പം കുറഞ്ഞു. ഗോതമ്പ് കൃഷിക്ക് കുറഞ്ഞത് നാലോ അഞ്ചോ തവണ ജലസേചനം ആവശ്യമായതിനാൽ ജലക്ഷാമം കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണ്.
ജലസേചന സൗകര്യങ്ങൾ മെച്ചപ്പെട്ട പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗോതമ്പ് കൃഷിയുടെ വിസ്തൃതിയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ കർഷകർ ഗോതമ്പിന് പകരം കടല, റാപ്സീഡ്, ചോളം തുടങ്ങിയ വിളകളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇവക്ക് താരതമ്യേന കുറഞ്ഞ വെള്ളം മതിയെന്നതും വിപണിയിൽ മികച്ച വില ലഭിക്കുന്നതും കർഷകരെ ആകർഷിക്കുന്നു.
നവംബർ 13 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 50 ലക്ഷം ഹെക്ടറിലാണ് ഗോതമ്പ് കൃഷി ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 15.3 ശതമാനം കുറവാണിത്. കൃഷി വിസ്തൃതി കുറയുന്നത് വരും മാസങ്ങളിൽ ഗോതമ്പ് ഉൽപാദനത്തെയും വിപണിയിലെ ലഭ്യതയെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ഗോതമ്പ് സംഭരണത്തിനുള്ള താങ്ങുവില ഇത്തവണ ക്വിന്റലിന് 2,610 രൂപയായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം മാത്രമാണ് വർധന. 2002–03ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ താങ്ങുവില വർധനയാണിത്. സാധാരണയായി അഞ്ച് മുതൽ ആറ് ശതമാനം വരെ താങ്ങുവില വർധിപ്പിക്കാറുണ്ടെങ്കിലും ഇത്തവണയുണ്ടായ കുറഞ്ഞ വർധന ഗോതമ്പ് കൃഷി വ്യാപിപ്പിക്കുന്നതിൽ കർഷകർക്ക് പ്രോത്സാഹനമാകുന്നില്ലെന്നാണ് വ്യാപാര മേഖലയിലെ വിലയിരുത്തൽ.
ഗോതമ്പിനെ അപേക്ഷിച്ച് മറ്റ് വിളകൾക്ക് മികച്ച വില ലഭിക്കുന്നതും ജലക്ഷാമവും ഒരേസമയം കർഷകരെ വിളമാറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ട്. കൃഷി വിസ്തൃതി കുറഞ്ഞാൽ ഗോതമ്പ് ഉൽപാദനത്തിലും ഇടിവുണ്ടാകുകയും ഭക്ഷ്യവില നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്ക് വെല്ലുവിളിയാകുകയും ചെയ്തേക്കും.

