എന്തുകൊണ്ട് ചില ഭൂചലനങ്ങൾ കൂടുതൽ അപകടകാരിയാകുന്നു? അറിഞ്ഞിരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ
text_fieldsലോകത്ത് പലയിടത്തും ഭൂചലനങ്ങൾ സർവ്വസാധാരണമാണ്. ഭൂമിയുടെ ഉപരിതലത്തിൽ പെട്ടെന്നുണ്ടാകുന്ന കുലുക്കമാണ് ഭൂചലനം. ഭൂമിയുടെ പുറംപാളിയിലെ വലിയ പാളികൾ തമ്മിൽ ഉരസുമ്പോഴോ കൂട്ടിയിടിക്കുമ്പോഴോ ഭൂമിക്കടിയിൽ തടസ്സപ്പെട്ടിരുന്ന ഊർജ്ജം പെട്ടെന്ന് പ്രകമ്പനങ്ങളായി പുറത്തുവരുന്നു. ഈ പ്രകമ്പനങ്ങളാണ് ഭൂചലനമായി മാറുന്നത്. എന്നാൽ ചില ഭൂചലനങ്ങൾ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുമ്പോൾ, മറ്റ് ചിലത് നാം അറിയാറുപോലുമില്ല. ഒരു ഭൂചലനത്തിന്റെ പ്രഹരശേഷി നിർണ്ണയിക്കുന്നതിൽ അതിന്റെ ആഴം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ആഴം കുറഞ്ഞ ഭൂചലനങ്ങളാണ് കൂടുതൽ വിനാശകാരിയാകുന്നത്.
എന്താണ് ആഴം കുറഞ്ഞ ഭൂചലനങ്ങൾ?
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ എത്രത്തോളം ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി ഭൂചലനങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം.
- ആഴം കുറഞ്ഞവ (Shallow Earthquakes): 0 മുതൽ 70 കിലോമീറ്റർ വരെ ആഴത്തിൽ ഉണ്ടാകുന്നവ
- ഇടത്തരം ആഴമുള്ളവ (Intermediate Earthquakes): 70 മുതൽ 300 കിലോമീറ്റർ വരെ ആഴത്തിൽ
- കൂടുതൽ ആഴമുള്ളവ (Deep Earthquakes): 300 മുതൽ 700 കിലോമീറ്റർ വരെ ആഴത്തിൽ
ആഴം കുറഞ്ഞ ഭൂചലനങ്ങളാണ് സാധാരണയായി ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഭൂമിക്കടിയിൽ ഭൂചലനം ഉണ്ടാകുമ്പോൾ പുറപ്പെടുവിക്കുന്ന പ്രകമ്പനങ്ങൾ ഉപരിതലത്തിലേക്ക് എത്തുമ്പോഴാണ് നാശനഷ്ടങ്ങൾ ഉണ്ടാകുന്നത്. പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ, ഈ തരംഗങ്ങൾക്ക് സഞ്ചരിക്കേണ്ട ദൂരം വളരെ കുറവാണ്. അതിനാൽ വലിയ തോതിൽ ഊർജ്ജം നഷ്ടപ്പെടാതെ അവ നേരിട്ട് ഉപരിതലത്തിൽ എത്തുകയും, അതിശക്തമായ കുലുക്കം സൃഷ്ടിക്കുകയും ചെയ്യുന്നു.
ജപ്പാനിലും വെനിസ്വേലയിലും അടുത്തിടെയുണ്ടായ ഭൂചലനങ്ങൾ ഒരേ പ്രകൃതിദുരന്തങ്ങളാണെങ്കിലും, അവയുണ്ടാക്കിയ ആഘാതങ്ങളിൽ വലിയ അന്തരം കാണാൻ സാധിക്കും. വെനിസുലയിൽ ഭൂകമ്പം ജീവഹാനിയുണ്ടാക്കിയപ്പോൾ, ജപ്പാനിൽ വലിയ നാശനഷ്ടങ്ങളില്ലാതെ അത് കടന്നുപോയതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. ഭൂകമ്പ-പ്രതിരോധ നിർമാണരീതികളും അത്യാധുനിക മുന്നറിയിപ്പ് സംവിധാനങ്ങളും വഴി ജപ്പാൻ അപകടങ്ങളെ മുൻകൂട്ടി തടയുമ്പോൾ, ബലഹീനമായ കെട്ടിടങ്ങളും തയാറെടുപ്പിലെ കുറവുകളുമാണ് വെനിസ്വേലയിൽ മരണസംഖ്യ ഉയരാൻ കാരണമാകുന്നത്.
ആഴം കുറഞ്ഞ ഭൂചലനങ്ങളിൽ വളരെ എളുപ്പത്തിൽ രൂപപ്പെടുന്ന ഉപരിതല തരംഗങ്ങൾ കെട്ടിടങ്ങളെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളെയും എളുപ്പത്തിൽ തകർക്കാൻ ശേഷിയുള്ളവയാണ്. 2010ൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഹെയ്തി ഭൂചലനം കേവലം 13 കിലോമീറ്റർ മാത്രം ആഴത്തിലുള്ളതായിരുന്നു. എന്നാൽ വളരെ ആഴത്തിൽഉണ്ടാകുന്ന വലിയ ഭൂകമ്പങ്ങളിൽ നിന്നുള്ള പ്രകമ്പനങ്ങൾ, ഉപരിതലത്തിലേക്ക് എത്തുമ്പോഴേക്കും പല തട്ടുകളിലൂടെ കടന്ന് ഊർജ്ജം നഷ്ടപ്പെടുന്നതിനാൽ വലിയ അപകടങ്ങൾ ഉണ്ടാക്കാറില്ല.
ഭൂചലനങ്ങൾ അളക്കുന്നത് എങ്ങനെ?
സിസ്മോഗ്രാഫ് അല്ലെങ്കിൽ സിസ്മോമീറ്റർ എന്ന ഉപകരണമാണ് ഭൂകമ്പ തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്നത്. ഒരു ഭൂചലനം അതിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും എത്രമാത്രം ഊർജ്ജമാണ് പുറത്തുവിടുന്നത് എന്നാണ് മാഗ്നിറ്റ്യൂഡ് കൊണ്ട് അളക്കുന്നത്. ലോകത്ത് എവിടെ നിന്ന് അളന്നാലും ഒരു ഭൂചലനത്തിന് ഒരൊറ്റ മാഗ്നിറ്റ്യൂഡ് മാത്രമേ ഉണ്ടാവുകയുള്ളൂ. ഇറിക്ടർ സ്കെയിലും മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലുമാണ് ഇത് അളക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്.
ഒരു പ്രത്യേക സ്ഥലത്ത് ഭൂചലനം എത്രത്തോളം അനുഭവപ്പെട്ടു, അവിടെ എത്രമാത്രം നാശനഷ്ടങ്ങൾ ഉണ്ടായി എന്നാണ് ഇന്റൻസിറ്റി അളക്കുന്നത്. പ്രഭവകേന്ദ്രത്തിൽ നിന്നുള്ള ദൂരം, അവിടുത്തെ മണ്ണിന്റെ ഘടന എന്നിവയ്ക്കനുസരിച്ച് ഒരേ ഭൂചലനത്തിന് പല സ്ഥലങ്ങളിൽ പല ഇന്റൻസിറ്റി ആയിരിക്കും അനുഭവപ്പെടുക. മോഡിഫൈഡ് മെർക്കാലി സ്കെയിൽ ഉപയോഗിച്ചാണ് ഇത് സാധാരണയായി അളക്കുന്നത്.
ഭൂചലനങ്ങളെ പൂർണ്ണമായി തടയാനോ പ്രവചിക്കാനോ നിലവിൽ ശാസ്ത്രത്തിന് കഴിയില്ല. എന്നാൽ, ഭൂചലനം ഉണ്ടാകുമ്പോൾ അതിജീവിക്കാനും ആഘാതം കുറക്കാനും നമ്മൾ എടുക്കുന്ന മുൻകരുതലുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
വീടിനുള്ളിലാണെങ്കിൽ നിലത്തു മുട്ടുകുത്തി ഇരിക്കുക. ഇത് ഭൂചലനത്തിൽ വീഴുന്നതിൽ നിന്ന് നിങ്ങളെ തടയും. ഉറപ്പുള്ള ഒരു മേശയുടെയോ കട്ടിലിന്റെയോ അടിയിൽ കയറി തലയും മുഖവും കൈകൾ കൊണ്ട് മറക്കുക. മേശയുടെയോ മറ്റോ കാലുകളിൽ മുറുകെ പിടിക്കുക. ചലനം നിൽക്കുന്നതുവരെ അവിടെത്തന്നെ തുടരുക. ജനലുകൾ, ഗ്ലാസുകൾ, അലമാരകൾ എന്നിവയിൽ നിന്നും അകന്നുനിൽക്കുക.
പുറത്താണെങ്കിൽ കെട്ടിടങ്ങൾ, മരങ്ങൾ, വൈദ്യുത തൂണുകൾ, പാലങ്ങൾ എന്നിവയിൽ നിന്നെല്ലാം അകലെ തുറസായ സ്ഥലത്തേക്ക് മാറുക. വാഹനമോടിക്കുകയാണെങ്കിൽ, സുരക്ഷിതമായ ഒരു സ്ഥലത്ത് വാഹനം ഒതുക്കി നിർത്തുക. എന്നാൽ മേൽപ്പാലങ്ങൾ, മരങ്ങൾ, അല്ലെങ്കിൽ വൈദ്യുത കമ്പികൾ എന്നിവയുടെ അടിയിൽ നിർത്തരുത്. വാഹനത്തിലാണെങ്കിൽവാഹനം സുരക്ഷിതമായി റോഡരികിൽ ഒതുക്കി നിർത്തുക. ഭൂചലനം അവസാനിക്കുന്നത് വരെ വാഹനത്തിനുള്ളിൽ തന്നെ ഇരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

