എന്താണ് രാജ്യത്തെ കാലവർഷത്തെ ബാധിക്കുന്ന എൽ നിനോ പ്രതിഭാസം; കടുത്ത വരൾച്ചക്കും കാർഷിക മേഖലയിലെ പ്രതിസന്ധിക്കും കാരണമാകുമോ?
text_fieldsന്യൂഡൽഹി: രാജ്യത്ത് ഈ വർഷം കുറഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ മുതൽ സെപ്തംബർ വരെ നീണ്ടു നിൽക്കുന്ന മൺസൂൺ കാലഘട്ടത്തിലാണ് രാജ്യത്തിന്‍റെ വാർഷിക മഴയുടെ 70 ശതമാനവും ലഭിക്കുന്നത്. ഏന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി മൺസൂൺ മഴയുടെ അളവ് കുറവായിരിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ സ്ഥിരീകരണം. ഇത് കടുത്ത വരൾച്ച, ജലക്ഷാമം , കൃഷി നാശം, സാമ്പത്തിക പ്രതിസന്ധി എന്നിവക്കെല്ലാം കാരണമാകും.
ഇന്ത്യയിലെ ഈ മൺസൂൺ സീസണിലെ മഴ ലഭ്യതയുടെ കുറവിനു കാരണം എൽ നിനോ പ്രതിസന്ധിയാണ്. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി വർധിക്കുന്ന ആഗോള കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ഇതിന്‍റെ ഫലമായി കാറ്റ്, അന്തരീക്ഷ മർദ്ദം, മഴയുടെ ക്രമം എന്നിവക്ക് മാറ്റമുണ്ടാകും. ഇന്ത്യൻ മൺസൂണിനെ ദുർബലമാക്കുന്ന എൽ നിനോ കാരണം മഴയുടെ ലഭ്യത കുറയുകയും വരൾച്ചയ്ക്ക് സാധ്യത കൂടുകയും ചെയ്യും.
എൽ നിനോ പ്രതിഭാസം കാരണം സാധാരണയായി ജൂൺ ആദ്യം തന്നെ എത്തേണ്ട കാലവർഷം വൈകാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ കാർഷിക മേഖലയുടെ ഭൂരിഭാഗവും മഴയെ ആശ്രയിച്ചുള്ളതായതിനാൽ കാലാവസ്ഥയിലെ ഈ വ്യതിയാനം കൃഷിയെ സാരമായി ബാധിക്കും. ഇന്ത്യയിലെ ഏകദേശം 60 ശതമാനം കർഷകരും ജലസേചനത്തിന് യാതൊരു പിന്തുണയുമില്ലാതെയാണ് ജോലി ചെയ്യുന്നത്. വേനൽകാലത്ത് വിള വിതച്ച് ശരത്കാലത്ത് വിളവെടുക്കുന്ന രീതിയാണ് ഇന്ത്യയിലെ പ്രധാന ധാന്യ വിളകൾക്കെല്ലാം ഉള്ളത്. വരൾച്ച ശക്തമാവുകയാണെങ്കിൽ നെല്ല്, പയർ വർഗങ്ങൾ ഉൾപ്പെടെയുള്ള ഖാരിഫ് വിളകളുടെ വിളവ് കുറയുകയും ഇത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യും.
പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം വിത്തുകൾക്കും ഡീസലിനും വളങ്ങൾക്കുമുൾപ്പെടെ വില കൂടിയ സാഹചര്യത്തിൽ കാലവർഷം കൂടി വൈകിയാൽ രാജ്യത്തെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. കർഷകർക്ക് മതിയായ വിത്തുകളും വളവും നൽകുന്നതിലും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകൾ പ്രോത്സാഹിപ്പിക്കുന്നതിലും വരൾച്ച സാരമായി ബാധിക്കുന്ന ദുർബല ജില്ലകൾ തെരഞ്ഞടുത്ത് ആവശ്യമായ സഹായങ്ങൾ പ്രധാനം ചെയ്യുന്നതിനും ആവശ്യമായ അടിയന്തര നടപടികൾക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
1951നും 2022നും ഇടയിൽ രേഖപ്പെടുത്തിയ എൽ നിനോ പ്രതിഭാസങ്ങളിൽ പലതും പസഫിക് സമുദ്രത്തിലെ ചൂട് വർധിപ്പിച്ചിട്ടും ഇന്ത്യയിലെ മൺസൂണിനെ ബാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ പ്രതിഭാസം ഇന്ത്യൻ കാലവർഷത്തെ എത്രമാത്രം ബാധിക്കുമെന്ന് പൂർണതോതിൽ പറയാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

