Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightവയനാട് ഉരുൾബാധിത...

വയനാട് ഉരുൾബാധിത മേഖലയെ രാജ്യത്തെ ആദ്യ ഉരുൾപൊട്ടൽ പൈതൃക കേന്ദ്രമാക്കാൻ നിർദേശം

text_fields
bookmark_border
wayanad landslide
cancel
camera_alt

വയനാട് ഉരുൾപൊട്ടൽ

തിരുവനന്തപുരം: രാജ്യത്തെ വലിയ ഉരുൾ ദുരന്തങ്ങളിലൊന്നായ വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ പ്രദേശങ്ങളെ ഉരുൾപൊട്ടൽ പൈതൃക സംരക്ഷിത കേന്ദ്രമാക്കാൻ നിർദേശം. ശാസ്ത്രീയ-വിദ്യാഭ്യാസ-വിനോദ സഞ്ചാര മേഖലക്ക് പ്രാധാന്യം നൽകികൊണ്ട് ദുരന്തസ്മാരകമാക്കി ഉയർത്താനാണ് ലക്ഷ്യം.

സ്പിംഗർ സയൻസ് -ബിസിനസ് മീഡിയയുടെ പീർ റിവ്യുഡ് ജേർണലായ ജിയോഹെറിറ്റേജിൽ ആഗസ്റ്റ് എഡിഷനിലാണ് ഇതുസംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. 2024 ജൂലൈ 30നാണ് കേരളത്തെ നടുക്കികൊണ്ട് വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടുന്നത്. 400ലധികം പേർക്ക് ജീവൻ ന‍ഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നിരവധി പേരെ കണ്ടെത്താനയില്ല. കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നായാണ് ചൂരൽമര ഉരുൾപൊട്ടൽ കണക്കാക്കുന്നത്.

ഭാവിയിലെ ഗവേഷണത്തിനും പഠനത്തിനും ജിയോ ടൂറിസത്തിനും വേണ്ടി ദുരന്ത മേഖലയെ ലിവിങ് ലബോറട്ടറിയായി സംരക്ഷിക്കാനാണ് നിർദേശം. ശാസ്ത്രീയവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായി വലിയ മൂല്യമുള്ള ഒരു മുറിവേറ്റ ഭൂപ്രകൃതിയാണ് ദുരന്തം ഇവിടെ അവശേഷിപ്പിച്ചത്. നിർദേശം അംഗീകരിക്കപ്പെട്ടാൽ വയനാട് ദുരന്തസ്മാരകവും പ്രകൃതിസംരക്ഷണവും ഒരുമിക്കുന്ന ഒരു മാതൃക പദ്ധതിയാകും.

ഇറ്റലിയിലെ വജോണ്ട് മണ്ണിടിച്ചിൽ സ്മാരകങ്ങൾ, കാനഡയുടെ ഫ്രാങ്ക് മണ്ണിടിച്ചിൽ ഹെറിറ്റേജ് പാർക്ക്, ചൈനയുടെ ബഡോംങ് നാഷനൽ ഒബ്സർവേഷൻ ആൻഡ് റിസർച്ച് സ്റ്റേഷൻ ജിയോഹസാർഡ്സ് ...എന്നി അന്താരാഷ്ട്ര പാതകളുടെ മാതൃകയിൽ ​​​ദുരന്തസ്മാരകമാക്കി നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.

മേപ്പാടി പഞ്ചായത്ത് പരിധിയിലുളള പുന്നപ്പുഴ നദിയുടെ 50 മുതൽ 100 മീറ്റർ വരെയുള്ള നിരോധിത മേഖലയിലാണ് സ്മാരകം നിർമിക്കാൻ ഉദേശിക്കുന്നത്. ഇവിടം ഉരുൾപ്പൊട്ടലിനെ തുടർന്ന് വലിയ പാറക്കല്ലുകളും മണ്ണും ചെളിയും തകർന്ന വാഹനങ്ങളും മൺമറിഞ്ഞ വീടിന്‍റെ അവശിഷ്ടങ്ങളും അടിഞ്ഞുകൂടി വാസയോഗ്യമല്ലാത്ത അവസ്ഥയാണ് നിലവിൽ. ഭാവിയിൽ ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഇവിടുത്ത ഗവേഷണം സഹായിക്കും.

ദുരന്തമേഖലയെ അശ്രദ്ധമായി കൈകാര്യം ചെയ്താൽ വിലപ്പെട്ട തെളിവുകൾ നഷ്ടപ്പെടും. മണ്ണിടിച്ചിൽ നേരിട്ട പ്രദേശം അതുപോലെ തന്നെ നിലനിർത്തേണ്ടതുണ്ട്. ഭാവിയിൽ സാങ്കേതിക വിദ്യകൾ വികസിക്കുമ്പോൾ മണ്ണിടിച്ചിലിന് പിന്നിലുള്ള യഥാർഥ കാരണങ്ങൾ കണ്ടെത്താമെന്ന് കേരള സർവകലാശാലയിലെ ജിയോളജി അസി. പ്രഫസറും പഠനത്തിന് നേതൃത്വം നൽകുകയും ചെയ്ത ഡോ. കെ.എസ്. സജിൻകുമാർ പറഞ്ഞു.

വയനാടിന്‍റെ വിസ്തൃതിയും ഭൂമിശാസ്ര്തപരമായ സങ്കീർണതയും ആ പ്രദേശത്ത് ഗവേഷണത്തിനുള്ള വലിയ സാധ്യതകളാണ് നൽകുന്നത്. യുനെസ്കോ ഗ്ലോബൽ ജിയോ നെറ്റ് വർക്ക് മാതൃകയിൽ വയനാടിനെ വികസിപ്പിക്കാനും ബാണാസുരസാഗർ അണക്കെട്ട്, കുറുവദ്വീപ്, വയനാട് വന്യജീവി സങ്കേതം എന്നീ പ്രദേശങ്ങളെ സംയോജിപ്പിച്ച് സുസ്ഥിര ജിയോടൂറിസം പ്രോൽസാഹിപ്പിക്കാനും നിർദേശമുണ്ട്.

വയനാടിനെ വികസിപ്പിക്കാൻ നിരവധി സാധ്യതകൾ ഉണ്ടായിരുന്നിട്ടും സംരക്ഷണ പ്രവർത്തനങ്ങൾ വൈകി. നിരോധിത മേഖലയിലെ കൈയേറ്റങ്ങളും വലിയ പാറക്കൂട്ടങ്ങൾ കെട്ടിടനിർമാണത്തിനായി അനധികൃതമായി ഉപയോഗിച്ചതും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തൽ ഔദ്യോഗികമായി സർക്കാറിനെ അറിയിക്കുന്നതിന് അടുത്ത ആഴ്ച ചീഫ് സെക്രട്ടറി എ ജയതിലകുമായി സംഘം കൂടിക്കാഴ്ച നടത്തും.

കേരള സർവകലാശാല, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ), എൻ.ആർ.എസ്.സി-ഐ.എസ്.ആർ.ഒ, സി.എസ്.ഐ.ആർ-സി.ബി.ആർ.ഐ, ഐ.ഐ.എസ്.ഇ.ആർ മൊഹാലി എന്നീ ദേശീയ സ്ഥാപനങ്ങളും യൂനിവേഴ്സിറ്റി മിസിസ്സിപ്പി, ബ്രീട്ടിഷ് ജിയോളജിക്കൽ സർവെ, മിഷിഗൺ ടെക്നോളജി യൂനിവേഴ്സിറ്റി തുടങ്ങി അന്താരാഷ്ട്ര സ്ഥാപനങ്ങളും സംയുക്തമായാണ് പഠനം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:researchWayanad LandslideMundakaiMeppadi Panchayatchooralmala
News Summary - Wayanad proposed for countrys first landslide geo heritage site
Next Story