Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightആനകളുടെ ദുരിതത്തിന്...

ആനകളുടെ ദുരിതത്തിന് പരിഹാരവുമായി വോയിസസ് ഫോർ ഏഷ്യൻ എലിഫന്റ്സ്

text_fields
bookmark_border
ആനകളുടെ ദുരിതത്തിന് പരിഹാരവുമായി വോയിസസ് ഫോർ ഏഷ്യൻ എലിഫന്റ്സ്
cancel

കൊച്ചി: വംശനാശ ഭീഷണി നേരിടുന്ന ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ വോയിസസ് ഫോർ ഏഷ്യൻ എലിഫന്റ്സ്, ക്ഷേത്രോൽസവങ്ങൾക്കായി റോബോട്ടിക് ആനയെ രംഗത്തിറക്കുന്നു. കേരളത്തിന്റെയും തമിഴ്നാടിന്റേയും അതിർത്തി ഗ്രാമമായ ഗൂഡല്ലൂരിൽ (നീലഗിരി ജില്ല) സ്ഥിതി ചെയ്യുന്ന മലയാളികൾ നേതൃത്വം നൽകുന്ന ശ്രീ ശങ്കരൻ കോവിലിലാണ് ലക്ഷണമൊത്ത ഒരു കൊമ്പന്റെ വലിപ്പമുള്ള ആദ്യ റോബോട്ടിക്ക് ആനയെ സമർപ്പിച്ചിരിക്കുന്നത്. റോബോട്ടിക് എലിഫന്റ് പദ്ധതിയുടെ കീഴിലുള്ള ആദ്യത്തെ ആനയാണിത്. കേരളത്തിലെ ആചാരങ്ങളുടെ പഴമയും ആചാരങ്ങളും കൈവിടാതെ തന്നെ, ക്ഷേത്രോത്സവങ്ങളിൽ കൂടുതൽ നൈതികത ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഓരോ വർഷവും 25 നാട്ടാനകൾ ദുരിതപൂർണമായ സാഹചര്യങ്ങളിൽ ചരിയുന്നുണ്ടെന്നാണ് കണക്ക്. ആനകളുടെ ആക്രമണത്തിൽ നിരവധി പാപ്പാന്മാരും കൊല്ലപ്പെടുന്നുണ്ട്. 2023 ൽ മാത്രം ആനകൾ ഇടഞ്ഞ് ആൾക്കൂട്ടത്തിന് നേരെ ഓടിയ 293 സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പോയവർഷം നാല് പാപ്പാന്മാർക്ക് ജീവൻ നഷ്ടമാകുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇക്കൊല്ലം ഇതുവരെ മാത്രം 15 ഇടത്ത് ആനകൾ ഇടഞ്ഞോടിയെന്ന റിപ്പോർട്ടുകളുണ്ട്. എട്ട് പാപ്പാന്മാർക്ക് പരിക്കേറ്റു. ഉത്സവങ്ങളിൽ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങൾക്ക് വലിയ സുരക്ഷാഭീഷണിയാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നാട്ടാനകളുടെ എണ്ണത്തിൽ വലിയ കുറവും ഉണ്ടായിട്ടുണ്ട്. 2019 ൽ സംസ്ഥാനത്ത് 500 ആനകൾ ഉണ്ടായിരുന്നിടത്ത് നിലവിൽ 397 ആനകളാണുള്ളത്. അതിൽ മൂന്നെണ്ണം 2024 ജനുവരിയിൽ ചരിഞ്ഞു. വെറും നാല് വർഷത്തിനുള്ളിൽ നാട്ടാനകളുടെ എണ്ണത്തിൽ ഇത്രയും വലിയ കുറവുണ്ടായത് ആശങ്കയുണ്ടാക്കുന്നു.


ഇവിടെയാണ് റോബോട്ടിക് ആനകൾ പ്രസക്തമാകുന്നത്. റോബോട്ടിക് ആനകളുടെ ഉപയോഗത്തിലൂടെ ബന്ധനത്തിൽ കഴിയുന്ന ആനകൾ അനുഭവിക്കുന്ന ദുരിതങ്ങൾ പൂർണമായി ഒഴിവാക്കാം. ജീവനുള്ള ആനകളുടെ അതേ രൂപഭാവവും ഗാംഭീര്യവും കാഴ്ച്ചയിൽ ഇവ നൽകുകയും ചെയ്യുന്നു. ആനകളെ പരിചരിക്കുന്നവർക്ക് നേരിടേണ്ടി വരുന്ന അപകടങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്യാം. ഘട്ടംഘട്ടമായി കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലും റോബോട്ടിക് ആനകളെ നൽകാനുള്ള ശ്രമത്തിലാണ് വോയിസസ് ഫോർ ഏഷ്യൻ എലിഫെന്റ്സ്. ജീവനുള്ള ആനകളെ നാട്ടിൽ എത്ര പരിചാരിച്ചാലും അവയുടെ പൂർണസൗഖ്യം ഉറപ്പിക്കാനാവില്ലെന്ന് പല അമ്പലങ്ങളുടെ പ്രതിനിധികളും തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ മാത്രമേ ആനകൾക്ക് അതിജീവിക്കാൻ കഴിയൂ.

ഈ സാഹചര്യത്തിൽ നമ്മുടെ പരമ്പരാഗത രീതികളും സംസ്കാരവും കൈവെടിയാതെ തന്നെ ഈ പ്രശ്നങ്ങളെ മാനുഷികമായി നേരിടാൻ റോബോട്ടിക്ക് ആനകളെ ഉപയോഗിക്കാമെന്ന് വോയിസസ് ഓഫ് ഏഷ്യൻ എലിഫന്റ്സ് സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സംഗീത അയ്യർ പറഞ്ഞു. അഹിംസയിലൂന്നിക്കൊണ്ടുള്ള വിശ്വാസപാരമ്പര്യങ്ങളാണ് ഇന്ത്യയുടേത്. ആനകളെ മാത്രമല്ല, ഒരു ജീവിയേയും ഉപദ്രവിക്കരുത് എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. ആനകളെ കുറിച്ച് ധാരാളം ശാസ്ത്രീയപഠനങ്ങൾ നടന്നിട്ടുണ്ട്. അവയുടെ ബുദ്ധിശക്തിയും മറ്റ് ജീവികളുമായി ഇടപഴകാനുള്ള കഴിവും പരിസ്ഥിതിയിൽ അവയ്ക്കുള്ള സുപ്രധാന സ്ഥാനവുമെല്ലാം നമുക്കറിയാം. ഈ പഠനങ്ങളെല്ലാം ഒരുപോലെ തെളിയിക്കുന്നത് ആനകൾ കാടുകളിലാണ് ഏറ്റവും നന്നായി ജീവിക്കുന്നതെന്നാണ്. അവയെ മെരുക്കിയെടുത്ത് മനുഷ്യരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ശരിയല്ല. ഈ പാവം ജീവികളെ അനാവശ്യമായി ദുരിതത്തിലാക്കുന്നതിന് പകരം അവയെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മറ്റ് മാർഗങ്ങൾ തെരെഞ്ഞെടുക്കുന്നതാണ് നല്ലതെന്നും സംഗീത അയ്യർ പറയുന്നു.

നിരവധി പുരസ്‌കാരങ്ങൾ നേടുകയും ഐക്യരാഷ്ട്ര സംഘടനയുടെ നാമനിർദേശപ്പട്ടികയിൽ ഇടംപിടിക്കുകയും ചെയ്ത ഗോഡ്സ് ഇൻ ഷാക്കിൾസ് എന്ന ഡോക്യൂമെന്ററിയുടെ സംവിധായകയും നിർമാതാവുമാണ് സംഗീത അയ്യർ. മതത്തിന്റെയും സംസ്കാരത്തിന്റെയും പേരിൽ ലാഭമുണ്ടാക്കാനായി ചൂഷണം ചെയ്യപ്പെടുകയും ഉപദ്രവങ്ങളേറ്റുവാങ്ങാനും വിധിക്കപ്പെട്ട ആനകളുടെ ദുരിതങ്ങൾ ആദ്യമായി ലോകത്തിന് കാണിച്ചുകൊടുത്ത ഡോക്യൂമെന്ററിയായിരുന്നു അത്.

മെരുക്കിയ ആനകളുടെ എണ്ണം കുറയ്ക്കാനുള്ള വഴികൾ തേടുന്നതിനൊപ്പം കാട്ടാനകളെ സംരക്ഷിക്കാനും മനുഷ്യരുമായുള്ള അവയുടെ സംഘർഷങ്ങൾ കുറയ്ക്കാനുമുള്ള വഴികളും ഈ സംഘടന ആസൂത്രണം ചെയ്യുന്നുണ്ട്. അടുത്തിടെ നിലമ്പൂർ കാടുകളിൽ ആനകളുടെ പുനരധിവാസത്തിനായി ഏതാണ്ട് നാലേക്കർ ഭൂമി ഈ സംഘടന വാങ്ങിയിരുന്നു. മേഖലയിലെ ഏതാണ്ട് 340 ആനകൾക്ക് സ്വൈര്യമായി വിഹരിക്കാനുള്ള ഇടമാക്കി ഇതിനെ മാറ്റും. ഭാവിയിൽ കൂടുതൽ ഭൂമി ഏറ്റെടുക്കാനും പദ്ധതിയുണ്ട്. ഒഡിഷയിലും പശ്ചിമ ബംഗാളിലും റെയിൽവേ ട്രാക്കുകളിൽ നിന്ന് ആനകളെ അകറ്റുന്ന “എലിസെൻസ്” സാങ്കേതികവിദ്യയും വോയിസസ് ഫോർ ഏഷ്യൻ എലിഫന്റ്സ് സ്ഥാപിച്ചു. ഇതുവരെ ഏതാണ്ട് അറുന്നൂറോളം ആനകളെ ട്രെയിൻ അപകടങ്ങളിൽ നിന്ന് രക്ഷിച്ചുവെന്നാണ് കണക്കുകൾ. പശ്ചിമബംഗാളിൽ പാലങ്ങൾക്ക് ഇരുവശവും സോളാർ വേലികൾ സ്ഥാപിച്ച് ട്രെയിനിടിച്ച് ആനകൾ കൊല്ലപ്പെടുന്ന സാഹചര്യം പൂർണമായും ഒഴിവാക്കി. കാടിനോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആനകളുടെ ഉപദ്രവത്തിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും സംഘടന ഒരുക്കി നൽകുന്നു.

ആനകളുള്ള എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വോയിസസ് ഫോർ ഏഷ്യൻ എലിഫന്റ്സ്. അതിൽ കേരളത്തിന് പ്രഥമ പരിഗണനയും നൽകുന്നു. സംസ്ഥാനത്തെ ആനകളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുകയാണ് ലക്‌ഷ്യം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voices for Asian ElephantsAsian Elephants
News Summary - Voices for Asian Elephants
Next Story