ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം, മിന്നൽ പ്രളയം; ഒരു ഗ്രാമം ഒലിച്ചുപോയി; നാലു മരണം, നിരവധി പേരെ കാണാനില്ല
text_fieldsഡറാഡൂൺ: ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ വൻ മേഘ വിസ്ഫോടനത്തിനു പിന്നാലെ ഉണ്ടായ മിന്നൽ പ്രളയത്തിൽ ഒരു ഗ്രാമം തന്നെ ഒലിച്ചുപോയതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായി. നാലു മരണം സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നേയുള്ളൂ. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് സന്നദ്ധ സംഘങ്ങളും മേഖലയിൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നതായി ഉത്തരകാശി പൊലീസ് പറഞ്ഞു. 60 പേരെയെങ്കിലും കാണാനില്ലെന്നാണ് പുതിയ റിപ്പോർട്ട്.
ധാരാളി ഗ്രാമത്തിലെ ഘീർഗംഗ നദിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. കുത്തനെയുള്ള നദിയിൽ നിന്നും വെള്ളത്തിനൊപ്പം പതിച്ച ഉരുളൽ കല്ലുകളുടെ പ്രഹരത്തിൽ ബഹുനില കെട്ടിടങ്ങളും വീടുകളും തകർന്ന് കുത്തിയൊലിച്ചു പോയി. ആളുകൾ അലറിവിളിക്കുന്നതും വിഡിയോയിൽ കേൾക്കാം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ദിവസങ്ങളായുള്ള മഴയിൽ ഹർസിൽ മേഖലയിലെ ഘീർഗംഗയിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഈ മൺസൂൺ കാലത്ത് ഉത്തരാഖണ്ഡിൽ പേമാരി കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ ദുരന്തം.
വെള്ളപ്പൊക്കമുള്ള നദികളിലൂടെ ശക്തമായ പ്രവാഹങ്ങൾ ഒഴുകുന്നുണ്ട്. തിങ്കളാഴ്ച ഹൽദ്വാനിക്കു സമീപം ഭഖ്ര അരുവിയുടെ ശക്തമായ ഒഴുക്കിൽ ഒരാളെ കാണാതായിരുന്നു. രുദ്രപ്രയാഗിലെ കുന്നിൻ ചെരുവിൽ നിന്ന് വീഴുന്ന അവശിഷ്ടങ്ങൾക്കും പാറക്കെട്ടുകൾക്കും ഇടയിൽ രണ്ട് കടകൾ കുടുങ്ങിയതായി സംസ്ഥാന അടിയന്തര ഓപ്പറേഷൻ സെന്റർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

