Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഗാഡ്ഗിൽ എന്ന...

ഗാഡ്ഗിൽ എന്ന പശ്ചിമഘട്ടം

text_fields
bookmark_border
ഗാഡ്ഗിൽ എന്ന പശ്ചിമഘട്ടം
cancel

തിരുവനന്തപുരം: ഏറ്റെടുക്കുന്ന ദൗത്യങ്ങൾ ആത്മാർഥമായി നിർവഹിക്കുക എന്ന നിർബന്ധമുണ്ടായിരുന്നു മാധവ് ഗാഡ്ഗിലിന്. പശ്ചിമഘട്ട സംരക്ഷണമെന്ന ലക്ഷ്യത്തോടെ നടത്തിയ പഠനത്തിനും തയാറാക്കിയ റിപ്പോർട്ടിനും പിന്നിലും കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു.

പശ്ചിമഘട്ടം എന്ന വാക്കിനൊപ്പം എന്നും ചേർത്തുവായിക്കപ്പെടുന്ന പേരായി ‘ഗാഡ്ഗിൽ’മാറിയതു തന്നെ അദ്ദേഹം ഉയർത്തിയ നിർദേശങ്ങളും നിബന്ധനകളും അത്രയധികം ചർച്ച ചെയ്യപ്പെട്ടതുകൊണ്ടായിരുന്നു. അത് ഉയർത്തിവിട്ട വിവാദങ്ങളും പ്രതിഷേധങ്ങളുമൊന്നും ഗാഡ്ഗിൽ കാര്യമായെടുത്തില്ല. താൻ ചൂണ്ടിക്കാട്ടിയത് വസ്തുതകളും തിരുത്തേണ്ടത് സമൂഹവും അവരെ നയിക്കുന്നവരുമാണെന്നുമുള്ള നിലപാടിലായിരുന്നു അദ്ദേഹം.

2010 ഫെബ്രുവരിയിൽ ഊട്ടിക്കടുത്ത കൊത്തഗിരിയിൽ നടന്ന പശ്ചിമഘട്ട സംരക്ഷണ പ്രസ്ഥാനത്തിന്‍റെ (സേവ് ദ വെസ്റ്റേൺഗാട്സ് മൂവ്മെന്‍റ്) കൺവെൻഷനിൽ പങ്കെടുത്ത അന്നത്തെ കേന്ദ്രമന്ത്രി ജയ്റാം രമേശാണ് ഡോ. മാധവ് ഗാഡ്ഗിൽ ചെയർമാനായ കമ്മിറ്റിയെ നിയോഗിക്കുമെന്ന പ്രഖ്യാപനം നടത്തുന്നത്. പശ്ചിമഘട്ടത്തിന്‍റെ ശാസ്ത്രീയ സംരക്ഷണത്തിന് വേണ്ട നിർദേശങ്ങൾ സമർപ്പിക്കുകയായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം. തുടർന്നുണ്ടായ സർക്കാർ ഉത്തരവിലൂടെ 14 അംഗ കമ്മിറ്റി നിലവിൽ വന്നു.

2010 മാർച്ച് നാലിന് ആരംഭിച്ച കമ്മിറ്റി നടത്തിയ കണ്ടെത്തലുകളും നിഗമനങ്ങളുമൊക്കെ വലിയ കോലാഹാലങ്ങളുണ്ടാക്കി. പശ്ചിമഘട്ടത്തിന്‍റെ തൽസ്ഥിതി പരിശോധിക്കുക, പരിസ്ഥിതി ലോലത നിർണയിക്കുക, സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും വേണ്ട നടപടികൾ നിർദേശിക്കുക, പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ദിശാനിർണയം നൽകുക എന്നിവയൊക്കെയായിരുന്നു പരിഗണന വിഷയങ്ങൾ.

പിന്നീട് നടന്നത് പശ്ചിമഘട്ടത്തെ അറിയാനുള്ള നിരന്തര യാത്രകൾ... സെമിനാറുകൾ, കൂടിയാലോചകൾ, വിവരശേഖരണം.. ഒടുവിൽ 2011 ആഗസ്റ്റ് 30ന് രണ്ടു ഭാഗങ്ങളായി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. ‘മൊത്തം പശ്ചിമഘട്ടത്തെ ഒരു പരിസ്ഥിതി ലോലപ്രദേശമായി കണക്കാക്കണം, പാരിസ്ഥിതിക ലോലതയുടെ തീവ്രയനുസരിച്ച് പശ്ചിമഘട്ടത്തെ മൂന്ന് പ്രദേശങ്ങളാക്കി തരംതിരിക്കണം, അവിടങ്ങളിലെ മനുഷ്യ ഇടപെടലിന്‍റെ രീതി നിർദേശിക്കുകയും ‘ചെയ്യാവുന്നത്’എന്നും ‘ചെയ്യാൻ പാടില്ലാത്തത്’എന്നും തരംതിരിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങൾ കമ്മിറ്റി മുന്നോട്ടുവെച്ചു.

പൊതുഭൂമി സ്വകാര്യ ഭൂമി ആക്കാതിരിക്കൽ, കൃഷി ഭൂമി കാർഷികേതരമായി ഉപയോഗിക്കാതിരിക്കൽ, വനഭൂമി വനേതര ആവശ്യങ്ങൾക്കായി മാറ്റിവെക്കാതിരിക്കൽ തുടങ്ങി പല നിർദേശങ്ങളും വലിയ എതിർപ്പ് ക്ഷണിച്ചുവരുത്തി. എന്നാൽ ഒരിടത്തുനിന്നും തദ്ദേശവാസികളെ ഒഴിപ്പിക്കണമെന്നോ അവർക്ക് പട്ടയം കൊടുക്കരുതെന്നോ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നില്ല.

എന്നാൽ എവിടെയും ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥ മാറി ഭൂവിനിയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക എന്ന കാഴ്ചപ്പാട് അടങ്ങുന്നതായിരുന്നു പല നിർദേശങ്ങളും. പശ്ചിമഘട്ടത്തിൽ അതുവരെ നടത്തിയ പദ്ധതികളും അവയുടെ പരിമിതികളും ഗാഡ്ഗിൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.

ജനവിരുദ്ധമെന്നും കർഷകവിരുദ്ധമെന്നും ഉയർന്ന വിമർശനങ്ങൾക്ക് മുന്നിൽ വസ്തുതകളാണ് പറഞ്ഞതെന്ന നിലപാടിലായിരുന്നു ഗാഡ്ഗിൽ. കമ്മിറ്റിയുടെ നിർദേശങ്ങൾ ‘അപ്രായോഗികം’എന്ന വിലയിരുത്തലുകൾ വിവിധ കോണുകളിൽനിന്ന് ഉയർന്നു. ഗാഡ്ഗിൽ റിപ്പോർട്ട് വിവാദമായതിനെ തുടർന്നാണ് ആ റിപ്പോർട്ട് എങ്ങനെ നടപ്പാക്കാമെന്ന് നിർദേശിക്കാൻ പ്രശസ്ത ശാസ്ത്രജ്ഞനായ കസ്തൂരി രംഗന്‍റെ നേതൃത്വത്തിലെ കമ്മിറ്റിയെ നിയോഗിച്ചത്.

2013 ഏപ്രിലിൽ ഈ കമ്മിറ്റി നൽകിയ റിപ്പോർട്ടിന് ഗാഡ്ഗിൽ റിപ്പോർട്ടിന്‍റേതിൽനിന്ന് വ്യത്യസ്തമായ ഉള്ളടക്കമായിരുന്നു. ഇതും പ്രതിഷേധങ്ങൾ ശമിപ്പിച്ചില്ല. ഒടുവിൽ കേരള സർക്കാർ നിയമിച്ച കമ്മിറ്റി നിർദേശിച്ചത് തോട്ടഭൂമി, വാസഭൂമി, കൃഷിഭൂമി എന്നിങ്ങനെ ഒഴികെ ബാക്കി വനംമാത്രം സംരക്ഷിച്ചാൽ മതിയെന്നാണ്.

പശ്ചിമഘട്ട സംക്ഷണം ഈ തലമുറക്ക് വേണ്ടി മാത്രമുള്ളതല്ല, വരുംതലമുറകളുടെ നിലനിൽപിനും അനിവാര്യമാണെന്ന് ബോധ്യപ്പെടുത്താൻ ഗാഡ്ഗിൽ മുന്നോട്ടുവെച്ച നിർദേശങ്ങളും പഠനങ്ങളും എങ്ങുമെത്താതെ ശേഷിക്കെയാണ് ജൈവവൈവിധ്യങ്ങളുടെ നിഴലും തണലും എന്നും ആഗ്രഹിച്ച ഗാഡ്ഗിലിന്‍റെ മടക്കം.

എന്നും സാധാരണക്കാരോടൊപ്പം

മുംബൈ: എന്നും ജനപക്ഷത്ത് നിലയുറപ്പിച്ച ശാസ്ത്രജ്ഞനായിരുന്നു മാധവ് ഗാഡ്ഗിൽ. ആറു പതിറ്റാണ്ടോളം നീണ്ട അദ്ദേഹത്തിന്റെ ശാസ്ത്രജീവിതം ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്കൊപ്പമായിരുന്നു. പാരിസ്ഥിതിക വിഷയങ്ങളിൽ താഴേത്തട്ടിലുള്ളവരെയും കണക്കിലെടുക്കണമെന്ന നിർബന്ധം അദ്ദേഹം പ്രകടിപ്പിച്ചു.

സമ്പന്നമായ ഗോവൻ ബ്രാഹ്മണ കുടുംബത്തിൽ പിറന്ന ഗാഡ്ഗിലിന് പ്രകൃതിയോടും ശാസ്ത്രത്തോടുമായിരുന്നു കമ്പം. ശാസ്ത്രബോധത്തിലേക്ക് ബോധപൂർവം വഴി തുറന്നിട്ടത് സാമ്പത്തിക വിദഗ്ധനായ പിതാവ് ധനഞ്ജയ് ഗാഡ്ഗിലാണ്.

പരന്ന വായനയും പുരോഗമന ചിന്തയും പിതാവിൽനിന്നാണ് പകർന്നുകിട്ടിയത്. കൃഷിയിടങ്ങളിലൂടെയും കാലികൾ മേയുന്ന കുന്നുകളിലൂടെയും മരങ്ങൾക്കിടയിലൂടെയും നടന്നും നാടൻ പക്ഷികളെ നിരീക്ഷിച്ചുമായിരുന്നു കൗമാര കാലം. ശാസ്ത്രവഴിയിൽ തന്റേതായ പാത തുറന്നിടുമ്പോഴും സാധാരണക്കാരുടെ ഇടയിലേക്കായിരുന്നു സഞ്ചാരം.

പരിസ്ഥിതി ശാസ്ത്ര ഗവേഷണത്തിന്റെയും സമുദ്രശാസ്ത്ര പഠനത്തിന്റെയും ഭാഗമായി കാടുകളിലും മേടുകളിലും നദികളിലും കടലിലും കടലോരഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും തന്റെ സംഘത്തോടൊപ്പം അദ്ദേഹം കടന്നുവന്നു.

ആദിവാസി ഗോത്ര, ഗ്രാമീണ ജനങ്ങൾക്കൊപ്പം അവരുടെ ഭക്ഷണം കഴിച്ചും വസ്ത്രങ്ങളണിഞ്ഞും അവരിൽ ഒരാളായി. അവരുടെ യാതനകളും ദുരിതങ്ങളും ദാരിദ്ര്യവും തൊട്ടറിഞ്ഞു. പാരിസ്ഥിതിക വിഷയങ്ങളിൽ താഴേത്തട്ടിലുള്ളവരെ പരിഗണിക്കണമെന്ന നിർബന്ധം ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഭാരിച്ച ശാസ്ത്ര ജീവിതത്തിനിടയിലും സരസനായ പിതാവും മുത്തച്ഛനുമായിരുന്നു ഗാഡ്ഗിലെന്ന് മക്കളായ സിദ്ധാർഥയും ഗൗരിയും ഓർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:western ghatsgadgil committee reportmadhav gadgilbiodiversityenvironment protection
News Summary - veteran ecologist madhav gadgil
Next Story