സങ്കൽപ്പിക്കാനാവാത്ത പ്രത്യാഘാതം; ആഞ്ഞടിക്കാൻ ‘മെലിസ’
text_fieldsകിങ്സ്റ്റൺ: കരീബിയൻ ദ്വീപുകൾക്കുമേൽ കരിനിഴൽ വീഴ്ത്തി ആഞ്ഞടിക്കാനൊരുങ്ങി ‘മെലിസ’ കൊടുങ്കാറ്റ്. ജമൈക്കക്കുമേൽ ഈ കാറ്റ് വിനാശകരമായ വെള്ളപ്പൊക്കം, ജീവൻ അപായപ്പെടുത്തുന്ന മണ്ണിടിച്ചിൽ തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്.
മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിൽ വീശുന്ന ഈ കൊടുങ്കാറ്റ് ചൊവ്വാഴ്ച പുലർച്ചെയോടെ കരയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആഴ്ചയുടെ മധ്യത്തോടെ തെക്കുകിഴക്കൻ ക്യൂബയും ബഹാമാസും കടന്ന് നീങ്ങുമെന്നും യു.എസ് നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചു. ദ്വീപുവാസികളോട് അഭയം തേടാനും ഒഴിപ്പിക്കൽ നിർദേശങ്ങൾ പാലിക്കാനും അധികൃതർ അടിയന്തര മുന്നറിയിപ്പുകൾ നൽകി.
2025 സീസണിലെ മൂന്നാമത്തെ ‘കാറ്റഗറി 5’ ചുഴലിക്കാറ്റാണ് മെലിസ. 1988 ലെ ‘ഗിൽബെർട്ട്’ ചുഴലിക്കാറ്റിനുശേഷം ജമൈക്കയെ ഭീഷണിപ്പെടുത്തുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ‘മെലിസ’യുടെ ഫലമായി 76 സെന്റിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത് തെക്കൻ തീരത്ത് കടുത്ത വെള്ളപ്പൊക്കത്തിനും കൊടുങ്കാറ്റിനും കാരണമാകും.
കിഴക്കൻ ജമൈക്കയുടെ ചില ഭാഗങ്ങളിൽ ഒരു മീറ്ററോളം മഴ ലഭിക്കുമെന്നും കൂട്ടിച്ചേർത്തു. സുരക്ഷിതമായ അഭയകേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജമൈക്കയിലെ നാഷനൽ ഹറിക്കെയ്ൻ സെന്റർ മുന്നറിയിപ്പ് നൽകി.
കൊടുങ്കാറ്റിനെ ഗൗരവമായി കാണണമെന്ന് പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് നിവാസികളോട് അഭ്യർഥിച്ചു. ‘കൊടുങ്കാറ്റിന്റെ സമയത്ത് തയ്യാറെടുക്കാനും വീടിനുള്ളിൽ തന്നെ തുടരാനും ഒഴിപ്പിക്കൽ നിർദേശങ്ങൾ പാലിക്കാനും ഞാൻ എല്ലാ ജമൈക്കക്കാരോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ അയൽക്കാരെ. പ്രത്യേകിച്ച് പ്രായമായവരെയും ദുർബലരെയും പരിഗണിക്കുക. നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്കായി പ്രാർത്ഥിക്കുക’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

