കടൽനിരപ്പ് ഉയർന്നാലും ദ്വീപ് രാഷ്ട്രങ്ങളുടെ പദവി നഷ്ടമാകില്ല; ചരിത്ര പ്രഖ്യാപനവുമായി യു.എൻ
text_fieldsന്യൂയോർക്ക്: കടൽനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ആദ്യ പ്രഖ്യാപനം അംഗീകരിച്ച് ഐക്യരാഷ്ട്രസഭ. കടൽനിരപ്പ് ഉയർന്ന് ഒരു രാജ്യത്തിന്റെ ഭൂപ്രദേശം കടലിനടിയിലായാലും രാജ്യത്തിന്റെ രാഷ്ട്രപദവി നഷ്ടമാകില്ലെന്ന് യു.എൻ പൊതുസഭ വ്യക്തമാക്കി. സെപ്റ്റംബർ 24ന് ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയുടെ 81-ാം സമ്മേളനത്തോടനുബന്ധിച്ച ഉന്നതതല യോഗത്തിലാണ് പ്രഖ്യാപനം അംഗീകരിച്ചത്.
അമേരിക്ക ഉൾപ്പെടെയുള്ള യു.എൻ അംഗരാജ്യങ്ങൾ കടൽനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് പൊതുവായ നിലപാട് അംഗീകരിക്കുന്നത് ആദ്യമായാണ്. കടൽനിരപ്പ് ഉയരുന്നതിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ നേരിടുന്ന ചെറു ദ്വീപ് വികസ്വര രാജ്യങ്ങൾക്കും താഴ്ന്ന തീരപ്രദേശങ്ങളുള്ള രാജ്യങ്ങൾക്കും പ്രഖ്യാപനം നിർണായകമാണ്.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം, 2024ൽ ആഗോള ശരാശരി സമുദ്രനിരപ്പ് 5.9 മില്ലിമീറ്റർ ഉയർന്ന് റെക്കോർഡ് നിലയിലെത്തി. സമുദ്രജലത്തിലെ അസാധാരണമായ ചൂടാണ് പ്രധാന കാരണം. 2023നും 2024നും ഇടയിൽ സമുദ്രനിരപ്പിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. 2050 വരെ സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗം വർധിക്കുമെന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്.
ദ്വീപ് രാഷ്ട്രങ്ങൾക്ക് ആശ്വാസം
ടുവാലു, മാർഷൽ ദ്വീപുകൾ തുടങ്ങിയ രാജ്യങ്ങൾ കടൽനിരപ്പ് ഉയരുന്നതിനെ തുടർന്ന് ഭാവിയിൽ വെള്ളത്തിനടിയിലാകാനുള്ള ഭീഷണി നേരിടുന്നുണ്ട്. ഇത്തരത്തിൽ ഒരു രാജ്യത്തിന്റെ ഭൂപ്രദേശം ഇല്ലാതാകുകയോ വാസയോഗ്യമല്ലാതാകുകയോ ചെയ്താലും അതിന്റെ രാഷ്ട്രപദവി സ്വമേധയാ ഇല്ലാതാകില്ലെന്നാണ് പ്രഖ്യാപനത്തിലെ പ്രധാന വ്യവസ്ഥ.
കടൽനിരപ്പ് ഉയരുന്നതിനെ തുടർന്ന് തീരരേഖയിൽ മാറ്റമുണ്ടായാലും നിലവിലുള്ള സമുദ്രപരിധികൾക്ക് സ്ഥിരത ഉറപ്പാക്കണമെന്നും യു.എൻ പ്രഖ്യാപനം ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ കടൽനിയമ കൺവെൻഷൻ (UNCLOS) പ്രകാരം, നിലവിൽ സ്ഥാപിച്ചിട്ടുള്ള സമുദ്രപരിധികൾ രാജ്യങ്ങൾക്ക് നിലനിർത്താനാകുമെന്നാണ് പ്രഖ്യാപനത്തിലെ നിലപാട്. കടലിലെ പ്രകൃതിവിഭവങ്ങളുടെയും മറ്റ് പ്രവർത്തനങ്ങളുടെയും മേലുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇത് ദ്വീപ് രാജ്യങ്ങൾക്ക് പ്രധാനമാണ്.
77 കോടി ആളുകൾക്ക് ഭീഷണി
കടൽനിരപ്പ് ഉയരുന്നതിനെ തുടർന്ന് ലോകമെമ്പാടുമുള്ള തീരദേശ ജനത നേരിടുന്ന അപകടസാധ്യതകളും യു.എൻ പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വേലിയേറ്റ രേഖയിൽ നിന്ന് അഞ്ച് മീറ്ററിൽ താഴെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഏകദേശം 77 കോടി ആളുകളാണ് താമസിക്കുന്നതെന്നാണ് യു.എൻ കണക്ക്.
ദുരന്തങ്ങളെ നേരിടുന്നതിനുള്ള ബഹുമുഖ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും കാലാവസ്ഥാ അപകടസാധ്യതകൾ വികസന ആസൂത്രണത്തിന്റെ ഭാഗമാക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു. വികസ്വര രാജ്യങ്ങൾക്കും ചെറു ദ്വീപ് രാജ്യങ്ങൾക്കും കൂടുതൽ സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകണമെന്നും പ്രഖ്യാപനം ആവശ്യപ്പെടുന്നു.
കണ്ടൽക്കാടുകൾ, കെൽപ് വനങ്ങൾ (കടൽപ്പായൽ കൂട്ടം), കടൽപ്പുല്ല് മേഖലകൾ തുടങ്ങിയ പ്രകൃതിദത്ത ആവാസവ്യവസ്ഥകളുടെ സംരക്ഷണവും പുനഃസ്ഥാപനവും തീരദേശ സമൂഹങ്ങളെ സംരക്ഷിക്കാൻ സഹായിക്കുമെന്നും യു.എൻ ചൂണ്ടിക്കാട്ടി.അതേസമയം, പ്രഖ്യാപനം മാത്രം കൊണ്ട് കടൽനിരപ്പ് ഉയരുന്നത് തടയാനാകില്ലെന്ന് പലാവു പ്രസിഡന്റ് കൂടിയായ ദ്വീപ് രാജ്യങ്ങളുടെ സഖ്യം അധ്യക്ഷൻ സുറാഞ്ചെൽ വിപ്പിംഗ് ജൂനിയർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ശക്തമായ നടപടികളാണ് കടൽനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാൻ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

