ഫോസിൽ ഇന്ധന വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥി റിക്രൂട്ട്‌മെന്റ് റദ്ദാക്കി യു.കെ സർവകലാശാലകൾ
text_fieldsലണ്ടൻ: ആഗോളതാപനത്തിന് ഊർജം പകരുന്ന ഫോസിൽ ഇന്ധന വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥി റിക്രൂട്ട്മെന്റുകൾ യു.കെയിലെ സർവകലാശാലകൾ റദ്ദാക്കുന്നു. കൂടുതൽ സർവകലാശാലകൾ ഫോസിൽ ഇന്ധന കമ്പനികളുമായുള്ള ബന്ധം വിച്ഛേദിക്കാൻ മുന്നോട്ടു വരുന്നതായി ഏറ്റവും പുതിയ ഉന്നത വിദ്യാഭ്യാസ പട്ടിക കാണിക്കുന്നു. റിക്രൂട്ട്‌മെന്റ് മേളകളിൽ നിന്ന് സ്ഥാപനങ്ങൾ അവരെ വിലക്കുകയും അത്തരം വ്യവസായ സ്ഥാപനങ്ങളെ വിദ്യാർഥികൾക്കിടയിൽ പരിചയപ്പെടുത്തുന്നതിന് വിസമ്മതിച്ചുവെന്നുമാണ് റിപ്പോർട്ട്.
ഫോസിൽ ഇന്ധന വ്യവസായവുമായുള്ള റിക്രൂട്ട്‌മെന്റ് ബന്ധം അവസാനിപ്പിക്കുന്നതിനായി എട്ടു സർവകലാശാലകൾ കൂടി ഒപ്പുവെച്ചതായി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനം വർധനവാണ് ഇതിലുണ്ടായത്.
‘ഫോസിൽ ഇന്ധന വ്യവസായവുമായുള്ള ബന്ധം വിച്ഛേദിക്കുന്ന നിരവധി സർവകലാശാലകൾ വർധിച്ചുവരുന്നത് കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കാലാവസ്ഥാ അടിയന്തരാവസ്ഥക്ക് ഇന്ധനം നൽകുന്ന ഏറ്റവും ഉത്തരവാദിത്തമുള്ള വ്യവസായം ഇതാണ്. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള ന്യായമായ പരിവർത്തനത്തിന് ബിരുദധാരികളെ ഈ വ്യവസായത്തിലേക്ക് തള്ളിവിടുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം. അതിനാൽ കഴിഞ്ഞ 12 മാസത്തിനിടെ, ഈ വിനാശകരമായ കമ്പനികളിലേക്കുള്ള റിക്രൂട്ട്മെന്റ് നിരോധിക്കാൻ നിരവധി സർവകലാശാലകൾ പ്രതിജ്ഞാബദ്ധമാണെന്ന വസ്തുത ഞങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുവെന്ന്’ ഇതിൽ പഠനം നടത്തിയ പീപ്പിൾ ആൻഡ് പ്ലാനറ്റിലെ കാലാവസ്ഥാ നീതി അസോസിയേറ്റ് ഡയറക്ടർ ജോസി മിസെൻ പറഞ്ഞു:
കാലാവസ്ഥ, സാമൂഹിക നീതി എന്നിവയുമായി ബന്ധപ്പെട്ട 14 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ‘പീപ്പിൾ ആൻഡ് പ്ലാനറ്റ്’ ഈ വർഷം 147 യു.കെ സർവകലാശാലകളെ റാങ്ക് ചെയ്തത്. ഇതിൽ നാലാം വർഷവും മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂനിവേഴ്സിറ്റി റെക്കോർഡിട്ടു. എല്ലാ വിഭാഗങ്ങളിലും സ്ഥിരമായി ഉയർന്ന പ്രകടനമാണ് മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂനിവേഴ്സിറ്റി കാഴ്ചവെച്ചതെന്ന് സംഘാടകർ പറഞ്ഞു.
ഗ്യാസ്-ഫയർ ഹീറ്റിങ് സിസ്റ്റങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനും ഉയർന്ന കാര്യക്ഷമതയുള്ള ഇലക്ട്രിക് ഗ്രൗണ്ട്, വാട്ടർ സോഴ്‌സ് ഹീറ്റ് പമ്പുകൾ ഉപയോഗിച്ച് സംയോജിത ഹീറ്റ് ആൻഡ് പവർ സിസ്റ്റത്തിനും ബദൽ ഊർജ സ്രോതസ്സുകൾക്കും കാർബൺ കുറക്കലിനും സ്ഥാപനം ഉയർന്ന സ്കോർ നേടി.
കുടിയേറ്റക്കാരുടെ അവകാശങ്ങളെ പിന്തുണക്കുന്നതിനായി നിരവധി സർവകലാശാലകൾ ധീരമായ നടപടികൾ സ്വീകരിച്ചതായി ഈ വർഷത്തെ വിശകലനത്തിൽ കണ്ടെത്തിയതായും സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

