ഹരിതഗൃഹ വാതക നിയന്ത്രണങ്ങൾ പിൻവലിച്ച് ട്രംപ് ഭരണകൂടം
text_fieldsഅമേരിക്കയിൽ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടിരുന്ന കൽക്കരി, പ്രകൃതി വാതക അധിഷ്ഠിത വൈദ്യുത നിലയങ്ങളിലെ ഹരിതഗൃഹ വാതക പുറന്തള്ളൽ നിയന്ത്രണങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം റദ്ദാക്കി.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് നടപ്പാക്കിയിരുന്ന കാർബൺ പുറന്തള്ളൽ മാനദണ്ഡങ്ങൾ പിൻവലിച്ചതായി അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇപിഎ) അറിയിച്ചു. ഹൂസ്റ്റണിൽ നടന്ന ജി20 ഊർജ മന്ത്രിമാരുടെ യോഗത്തിനിടെ ഇ.പി.എ അഡ്മിനിസ്ട്രേറ്റർ ലീ സെൽഡിൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്.
വൈദ്യുതി മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ നിയന്ത്രണ ഇളവാണിതെന്നും കാലാവസ്ഥാ ഭീതിപ്രചാരണത്തിന് വഴങ്ങി നിയമങ്ങൾ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2024-ൽ ക്ലീൻ എയർ ആക്ട് പ്രകാരം ബൈഡൻ ഭരണകൂടം കൊണ്ടുവന്ന ചട്ടങ്ങൾ അനുസരിച്ച് നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ വൈദ്യുത നിലയങ്ങൾ 2039-ഓടെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ 90 ശതമാനം വരെ കുറക്കുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്യേണ്ടതായിരുന്നു.
പുതിയ തീരുമാനത്തോടെ ഈ മാനദണ്ഡങ്ങൾ റദ്ദാകുകയും ഭാവിയിൽ വൈദ്യുതി മേഖലക്ക് ബാധകമായ പുതിയ ഹരിതഗൃഹ വാതക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും തടയാനുള്ള നീക്കമുണ്ടാകുകയും ചെയ്യുന്നു. ഒബാമ, ബൈഡൻ ഭരണകൂടങ്ങൾ വിശ്വസനീയവും ചെലവുകുറഞ്ഞതുമായ ഊർജ സ്രോതസുകളെ ദുർബലപ്പെടുത്താൻ കൽക്കരി മേഖലയെ ലക്ഷ്യമിട്ടിരുന്നുവെന്ന് സെൽഡിൻ ആരോപിച്ചു. പുതിയ നയമാറ്റം അമേരിക്കക്കാരുടെ വൈദ്യുതി ചെലവ് കുറക്കാൻ സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കയിലെ ആകെ ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ ഏകദേശം നാലിലൊന്ന് വൈദ്യുതി ഉൽപാദന മേഖലയുമായി ബന്ധപ്പെട്ടതാണ്. നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വൈദ്യുതി ഉൽപാദനത്തിനായുള്ള കൽക്കരി ഉപയോഗം പത്തിരട്ടിയിലധികം വർധിക്കുമെന്നാണ് ഇ.പി.എയുടെ വിലയിരുത്തൽ. ഈ മാറ്റം ഊർജ്ജ മേഖലയക്ക് 300 ബില്യൺ ഡോളറിലധികം ലാഭമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, തീരുമാനം നിയമപരമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകരും നിയമ വിദഗ്ധരും മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ഈ തീരുമാനം വലിയൊരു തിരിച്ചടിയാണെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിച്ചു. വായു മലിനീകരണവും ആഗോളതാപനവും വർധിക്കാൻ ഇത് കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും അവഗണിച്ച് ഫോസിൽ ഇന്ധന വ്യവസായത്തിന്റെ താൽപര്യങ്ങൾക്കാണ് ഭരണകൂടം മുൻഗണന നൽകുന്നതെന്ന് വിവിധ പരിസ്ഥിതി സംഘടനകൾ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

