ട്രൂപിയാൽ, അഥവാ വെനസ്വേലൻ നാടോടിക്കഥയിലെ മഴപ്പക്ഷി
text_fieldsവരണ്ട മണ്ണിനെയും മനസ്സുകളെയും മഴയിൽ കുളിർപ്പിച്ച ഒരു നാടോടിക്കഥയിലൂടെ പ്രകൃതിയും പക്ഷികളും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള പാരസ്പര്യത്തെ അടയാളപ്പെടുത്തുകയാണ് ഡോ. ഹരികൃഷ്ണൻ. ‘വെനസ്വേലൻ ട്രൂപിയാലുക’ളെയും പ്രകൃതിയുമായുള്ള അവയുടെ ആത്മബന്ധത്തെയും കുറിച്ച് ഡോ. ഹരികൃഷ്ണൻ തന്റെ ഫേസ്ബുക്ക് വാളിൽ പങ്കുവെച്ച കുറിപ്പ് ഹൃദ്യവും മനോഹരവുമാണ്. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയുടെ ദേശീയ പക്ഷിയാണ് ‘ട്രൂപിയാൽ’. ബ്രസീലിൽ വെച്ചെടുത്ത പക്ഷിയുടെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഡോ. ഹരികൃഷ്ണന്റെ പോസ്റ്റിലൂടെ കടന്നുപോവാം...
‘പണ്ടൊരു നാൾ വെനസ്വേലെയിലെ അപൂരെ നദി വറ്റിവരണ്ടുപോയത്രെ. അതിന്റെ കരയിലെമ്പാടും കടുത്ത വരൾച്ചയായിരുന്നു ഫലം. ചോളക്കൃഷി പാടെ നശിച്ചു. കന്നുകാലികൾ മെലിഞ്ഞുണങ്ങി. ഒരു തുള്ളി മഴക്കുവേണ്ടി ജനങ്ങൾ കൂട്ടത്തോടെ പ്രാർത്ഥിച്ചു.
ചൂടിലും പട്ടിണിയിലും വലഞ്ഞ് വൃദ്ധനായ ഒരു പാവം കൃഷിക്കാരൻ ഉണങ്ങിവിണ്ട പാടഭൂമിയിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് വരമ്പത്തിരുന്നു പാടുന്ന ഒരു ട്രൂപ്പിയാൽ പക്ഷിയെ അയാൾ കണ്ടത്. പിറ്റേദിവസം അയാളുടെ പറമ്പിന്റെ വേലിപ്പുറത്തായിരുന്നു അതിന്റെ പാട്ട്. പിന്നീടുള്ള ഓരോ പ്രഭാതങ്ങളിലും ട്രൂപ്പിയാൽ വന്നു പാടി. പാടിയതെല്ലാം ഒരേ ഗീതം. മൂന്നു സ്വരങ്ങൾ മാത്രമുള്ള ഹ്രസ്വകൂജനം. ദീനമായ ഒരു അപക്ഷയാണോ അതെന്നു കൃഷിക്കാരൻ സംശയിച്ചു.
അന്നു രാത്രി കൃഷിക്കാരന്റെ സ്വപ്നത്തിലായിരുന്നു ട്രൂപ്പിയാലിന്റെ വരവ്.
അതിങ്ങനെ സംസാരിച്ചു. ‘മുത്തച്ഛാ, എനിക്കറിയാം മഴ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന്. അവിടെ നിന്നതിനെ കൂട്ടിക്കൊണ്ടുവരാനും അറിയാം. പക്ഷെ, എനിക്കൊരു വാക്കു തരണം. നിങ്ങളും നിങ്ങളുടെ കുട്ടികളും ഒരിക്കലും ഞങ്ങളെ കെണിവെച്ചുപിടിച്ച് കൂട്ടിലടക്കരുത്. ഞങ്ങളെ സ്വതന്ത്രരായി പാടാനനുവദിക്കൂ. എങ്കിൽ ഞങ്ങളുടെ പാട്ട് എന്നും നിങ്ങൾക്ക് മഴയെ തന്നിരിക്കും’.
കൃഷിക്കാരൻ ഉണർന്നെഴുന്നേറ്റയുടനെ ഇക്കാര്യം ഗ്രാമവാസികളോടു പറഞ്ഞു. അവരെല്ലാവരും ഉണങ്ങിയ ഒരു ‘മൊരിച്ചേ പന’യുടെ ചുവട്ടിൽ ഒരുമിച്ചിരുന്ന് തീരുമാനമെടുത്തു. ഇനിമേലിൽ ട്രൂപ്പിയാലുകൾക്ക് ഹൗലകളില്ല. ഹൗല എന്നാൽ സ്പാനിഷിൽ പക്ഷിക്കൂട്.
തീരുമാനത്തിന്റെ കഥ ഗ്രാമം മുഴുവനറിഞ്ഞു. അയൽഗ്രാമങ്ങളും കൗതുകത്തോടെ അതു ശ്രദ്ധിച്ചു. അടുത്ത ദിവസം രാവിലെയായിരുന്നു അത്ഭുതം. നൂറുകണക്കിനു ട്രൂപ്പിയാലുകൾ ഗ്രാമത്തിലേക്കു പറന്നെത്തി. ഈ മനോഹരപക്ഷികളെ ഇത്രയും എണ്ണമൊരുമിച്ച് ആദ്യമായിട്ടായിരുന്നു ഗ്രാമവാസികൾ കാണുന്നത്. ട്രൂപ്പിയാലുകൾ ഉണങ്ങിയ വയലുകൾക്കു ചുറ്റും വട്ടമിട്ടു പറന്നു. ഒരുമിച്ചു പാടി. വീണ്ടും വീണ്ടും ഉറക്കെയുറക്കെ. സ്ഫടികത്തെളിച്ചമുള്ള നാദമാധുരിയായിരുന്നു അത്.
അധികം വൈകിയില്ല. ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടി. ഇടിമിന്നലിന്റെ ഗർജ്ജനം ഗ്രാമവാസികൾ ആനന്ദാതിരേകത്തോടെ കേട്ടു. ഒരൊറ്റ മഴത്തുള്ളി എന്നോ മരണപ്പെട്ട പുൽനാമ്പിലേക്കു വീണു. അതവിടെ ഉരുണ്ടുകൂടി. ഭൂമി എന്നോ മറന്നുപോയ ഒരു ഓർമത്തുണ്ടായിരുന്നു അത്. ആ ഓർമയിൽ വയൽത്തലം വിറകൊണ്ടു. വീണ്ടുമൊരു തുള്ളി കൂടി നിലംപതിച്ചു. തുടർന്നായിരങ്ങൾ. ക്ഷമ ചോദിക്കുന്നതുപോൽ മൃദുലമായിരുന്നു അവയോരോന്നും. ജനങ്ങളുടെ മനസ്സിനെ ആകമാനം കുളിർപ്പിച്ചുകൊണ്ട് മഴത്തുള്ളികൾ തുരുതുരാ ഉതിർന്നുവീണു.
വയലിലെ വിള്ളലുകൾ ഉറങ്ങാൻ വെമ്പുന്ന കണ്ണുകളെന്നോണം അടഞ്ഞു. ട്രൂപ്പിയാലുകളാകട്ടെ, ഇലയില്ലാമരങ്ങളിലിരുന്നു ഇടവിടാതെ മഴപ്പാട്ടുകൾ പാടി. വിജയഗീതമായിരുന്നില്ല അത്. മറിച്ച്, ഏറെ നാൾ കാത്തിരുന്നു കിട്ടിയ അംഗീകാരത്തിന്റെ ഹർഷനാദം.
തുടർച്ചയായി മൂന്നു ദിവസമാണ് അപൂരെയിൽ മഴ പെയ്തത്. അന്നു മുതൽ കൃഷിക്കാന്റെ യനേരോ കുടുംബത്തിൽ ട്രൂപ്പിയാലിനെ പിടിക്കുന്നത് നിഷിദ്ധമായി. ഇന്നുമതു തുടരുന്നു. അപൂരെയുടെ കരയിൽ വസിക്കുന്നവർ ഇന്നും പറയും. ‘ദെഹാലോ ലീബ്രെ, കെ എൽ ത്രായ് എൽ അഗ്വ’. ഇതിനെയിങ്ങനെ മലയാളത്തിലാക്കാം. ‘അതിനെ സ്വതന്ത്രമായി വിടൂ, കാരണം അതു വെള്ളം കൊണ്ടുവരും’.
**
ഈ നാടോടിക്കഥയിലെ മഴപ്പക്ഷിയാണ് ചിത്രത്തിൽ. ബ്രസീലിൽ വെച്ചു കഴിഞ്ഞ യാത്രയിൽ ഞാൻ പകർത്തിയത്. വെനസ്വേലയിലും ബ്രസീലിലെ വെനസ്വേലൻ അതിർത്തികളിലുമിതിനെ കാണാം. ട്രൂപ്പ് അഥവാ സംഘം എന്നതിൽ നിന്നാണ് പക്ഷിക്ക് പേരു കിട്ടിയത്. പൊതുവെ കൂട്ടത്തോടെ കാണുന്ന കൂട്ടരായതുകൊണ്ട്.
മൂന്നു സ്പീഷീസുകളുണ്ട് ട്രൂപ്പിയാലുകൾ. ഈ ചിത്രത്തിലുള്ളത് കാമ്പോ ട്രൂപ്പിയാൽ. കാണാൻ വലിയ വ്യത്യാസമില്ലാത്ത വെനസ്വേല ട്രൂപ്പിയാലുകൾ വെനസ്വേലയുടെ ദേശീയപക്ഷിയാണ്. പിംഗലവും കറുപ്പും ചേർന്ന ദേഹവും ചിറയിലൊരു വെള്ളവരയും നോക്കിയാൽ ട്രൂപ്പിയാലുകളെ തിരിച്ചറിയാം. പിന്നെ തലയും കഴുത്തും മുഴുക്കറുപ്പും.
ഇക്ടിറസ് ജമക്കായി എന്നതു ശാസ്ത്രനാമം. പണ്ടു ഗ്രീക്കുകാർ ഇക്ടിറസ് എന്നൊരു പക്ഷിയുടെ കാഴ്ചയിൽ മഞ്ഞപ്പിത്തം സുഖപ്പെടുമെന്നു വിശ്വസിച്ചിരുന്നു. അതു പിന്നീട് പക്ഷിയുടേയും അസുഖത്തിന്റേതിന്റെയും പേരായി. പൊതുവെ മഞ്ഞക്കിളികളെയാണ് ഇക്ടിറസ് എന്നു വിളിക്കുക. തെക്കെ അമേരിക്കയിലതു ഓറഞ്ചിനെ കുറിക്കുന്നു. ജമക്കായി എന്നാൽ ടൂപ്പി ഗോത്രക്കാർ ഈ പക്ഷിക്കിട്ട പേരിന്റെ തുടർച്ചയും.
സുന്ദരനാണ് ഈ മഴക്കൂട്ടുകാരൻ, അല്ലേ?
❤️
-ഡോ. ഹരികൃഷ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

