ഹിമാലയത്തെ രക്ഷിക്കാൻ ചെറു ചുവടുമായി ബംഗാളിലെ ടൂർ ഓപറേറ്റർമാർ
text_fieldsഫോട്ടോ കടപ്പാട്: ഗെറ്റി ഇമേജസ്
കൊൽക്കത്ത: മനുഷ്യ സ്വാധീനത്താൽ നാശോൻമുഖമാവുന്ന ഹിമാലൻ പരിസ്ഥിതിയെ സംരക്ഷിക്കാനായി വടക്കൻ ബംഗാളിലെ ടൂർ ഓപറേറ്റർമാർ കൈകോർക്കുന്നു. കിഴക്കൻ ഹിമാലത്തിൽ സുസ്ഥിര വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിനുള്ള ഒരു കരടു രേഖ തയാറാക്കിയതായി ടൂർ ഓപറേറ്റർമാരുടെ സമിതി അവകാശപ്പെട്ടു. ഹിമാലയൻ ഹോസ്പിറ്റാലിറ്റി ആന്റ് ടൂറിസം ഡെവലപ്മെന്റ് നെറ്റ്‍വർക്ക്( എച്ച്.എച്ച്.ടി.ഡി.എൻ) തയാറാക്കിയ കരടുരേഖ പശ്ചിമ ബംഗാൾ ടൂറിസം ഡിപ്പാർട്ട്മെന്റിനു കൈമാറും. പാരസ്ഥിതിക ഉപഭോഗം, തദ്ദേശീയ ജനതയുടെ ശാക്തീകരണം, സാംസ്കാരിക പരിരക്ഷണം, സാമ്പത്തിക വളർച്ച എന്നിങ്ങനെ വിവിധ തലങ്ങളെ സ്പർശിക്കുന്നതാണിത്.
ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനങ്ങളിലൂടെ ഹിമാലയൻ പരിസ്ഥിതിയെ മാലിന്യ രഹിതമാക്കുക എന്നതിനാണ് തങ്ങൾ ഊന്നൽ നൽകുന്നതെന്ന് സമിതിയുടെ സെക്രട്ടറി സമ്രത്ത് സന്യാൽ പറഞ്ഞു. മേഖലയുടെ ബൃഹത്തായ സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുന്നതിനായി തദ്ദേശീയ കലാരൂപങ്ങൾ, ഉൽസവങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. ട്രക്കിങ്, ജലവിനോദങ്ങൾ എന്നിവയും നടത്തും. സെപ്റ്റംബർ 27നു നടക്കുന്ന ലോക ടൂറിസം ഡേയോട് അനുബന്ധിച്ച് റാലി നടത്തുമെന്നും എച്ച്.എച്ച്.ടി.ഡി.എൻ പറഞ്ഞു.
ഹിമാലയൻ പർവതനിരകളിലും നദികളിലും തടാകങ്ങളിലും അരുവികളിലും മൈക്രോപ്ലാസ്റ്റിക് നിക്ഷേപവും ശേഖരണവും നിരവധി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മൈക്രോപ്ലാസ്റ്റിക് വളരെക്കാലം ഹിമാനികളിൽ കുടുങ്ങിക്കിടക്കുകയും മഞ്ഞ് ഉരുകുമ്പോൾ നദികളിലേക്ക് എത്തുകയും ചെയ്യുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഒരു നിർണായക ജലസ്രോതസ്സാണ് ഹിമാലയൻ മേഖല. ഇത് സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ നിരവധി പ്രധാന നദികളുടെ പ്രഭവ കേന്ദ്രമാണ്. ടൂറിസവുമായും അല്ലാതെയും ബന്ധപ്പെട്ട് അധികരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അശാസ്ത്രീയ നിർമാർജനം ഹിമാലയൻ മേഖലയിൽ മണ്ണ്, ജല മലിനീകരണത്തിന് കാരണമാവുകയും അതിന്റെ ജൈവവൈവിധ്യത്തെ തകർക്കുകയും ചെയ്യുന്നു. ഇത് താഴെയുള്ള ജന സമൂഹങ്ങൾ ആശ്രയിക്കുന്ന ശുദ്ധജല സ്രോതസ്സുകളെയടക്കം പ്രതികൂലമായി ബാധിക്കുന്നു.
അസമിലെ റാംസർ സ്ഥലമായ ഡീപോർ ബീലിൽ, ചതുപ്പുനിലങ്ങളിൽ നിന്നുള്ള മത്സ്യങ്ങൾ മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ചു തുടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരിൽ, നമ്പുൾ ഉൾപ്പെടെയുള്ള നദികളിൽ വർധിച്ചുവരുന്ന മലിനീകരണം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഇന്റഗ്രേറ്റഡ് മൗണ്ടൻ ഇനിഷ്യേറ്റീവ് വിത്ത് സീറോ വേസ്റ്റ് ഹിമാലയസ് നടത്തിയ പഠനത്തിൽ ഹിമാലയൻ മേഖലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ, പ്രത്യേകിച്ച് പുനഃരുപയോഗം ചെയ്യാൻ കഴിയാത്തവ വർധിക്കുന്നതായി കാണിക്കുന്നു. 2022ൽ നടത്തിയ ഹിമാലയൻ ക്ലീൻ അപ്പ് മാലിന്യ ഓഡിറ്റ് ഫലങ്ങൾ കാണിക്കുന്നത് 92.7ശതമാനം മാലിന്യവും പ്ലാസ്റ്റിക് ആണെന്നും അതിൽ 72ശതമാനവും പുനഃരുപയോഗം ചെയ്യാൻ കഴിയാത്തവയുമാണെന്നുമാണ്.
അതിവേഗത്തിലുള്ളതും ആസൂത്രണമില്ലാത്തതുമായ നഗരവൽക്കരണവും മാറിക്കൊണ്ടിരിക്കുന്ന ഉൽപാദന, ഉപഭോഗ രീതികളുമാണ് ഇന്ത്യൻ ഹിമാലയൻ മേഖലയിലെ പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധിക്ക് കാരണം. വിനോദസഞ്ചാരികളുടെ തിരക്കിൽ ഉണ്ടായ വർധനവ് പ്രശ്നം രൂക്ഷമാക്കി. പ്ലാസ്റ്റിക് മാലിന്യത്തിൽ മുങ്ങിത്താഴുന്ന ഉത്തരാഖണ്ഡിലെ പട്ടണങ്ങളുടെ ദുരവസ്ഥ എടുത്തുകാണിക്കുന്ന സോഷ്യൽ ഡെവലപ്‌മെന്റ് ഫോർ കമ്യൂണിറ്റീസ് ഫൗണ്ടേഷന്റെ റിപ്പോർട്ട് മിക്കവാറും എല്ലാ പർവത സംസ്ഥാനങ്ങളും സമാനമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

