കാലാവസ്ഥ മാറുന്നു; ദേശാടനപ്പക്ഷികൾ എത്തിത്തുടങ്ങി
text_fieldsകാലിൽ മോതിരവുമായി കണ്ടെത്തിയ ഫ്ലമിംഗോ
കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥ മാറ്റത്തിന്റെ സൂചനകളുടെ പ്രകടനമായി ദേശാടനപ്പക്ഷികൾ എത്തിത്തുടങ്ങി. ഷുവൈഖ്, സുലൈബിഖാത്ത് ബീച്ചുകളിലും ജഹ്റ റിസർവിലുമുള്ള വേലിയേറ്റ ചെളിത്തട്ടുകളിൽ ഫ്ലമിംഗോകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വൈകാതെ കൂടുതൽ പക്ഷികൾ കുവൈത്ത് തീരങ്ങളിൽ എത്തിതുടങ്ങും.
വസന്തകാലത്തും ശൈത്യകാലത്തും പലതരം ദേശാടനപ്പക്ഷികളുടെയും ഈറ്റില്ലമാണ് കുവൈത്ത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയുള്ള സഞ്ചാരത്തിനിടെ എല്ലാ വർഷവും വിവിധ പക്ഷികൾ കുവൈത്തിലെത്തും. മധ്യേഷ്യ, കിഴക്കൻ യൂറോപ്പ്, സൈബീരിയൻ പ്രദേശങ്ങളിൽ നിന്ന് ഇന്ത്യ, പാകിസ്താൻ, ആഫ്രിക്കൻ പ്രദേശങ്ങളിലേക്കുള്ള പക്ഷികളുടെ ദേശാടനത്തിന്റെ പ്രധാന വഴിയാണ് ഇത്. 400ൽപരം ദേശാടനപ്പക്ഷികൾ ഈ ഘട്ടത്തിൽ കുവൈത്ത് മുറിച്ചുകടന്ന് യാത്ര ചെയ്യുന്നു.
കുവൈത്തിൽ ഏത് കാലാവസ്ഥയിലും ഭക്ഷണവും വെള്ളവും ലഭിക്കുന്ന പ്രത്യേക സംരക്ഷിത മേഖലകളുണ്ട്.
ജഹ്റ, സബാഹ് അൽ അഹ്മദ് നാചുറൽ റിസർവുകളിൽ ദേശാടനക്കിളികൾ ധാരാളം എത്താറുണ്ട്. ചൂട് ഇഷ്ടപ്പെടുന്ന പക്ഷികൾ വേനലിൽ എത്തി കുവൈത്തിൽ കൂടുതൽ കാലം തങ്ങും.
അതിനിടെ , കഴിഞ്ഞ ദിവസം പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ ഗവേഷകനായ ഉമർ അൽ ഷഹീൻ, കാലിൽ മോതിരം ധരിച്ച നിലയിൽ ജഹ്റ റിസർവിൽ ഫ്ലമിംഗോയെ കണ്ടെത്തി. ഇത് സംബന്ധിച്ച് ഫ്രാൻസിലെ പ്രത്യേക സംഘടനകളെ ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നാല് വയസ്സുള്ള പെൺ ഗ്രേറ്റർ ഫ്ലമിംഗോയിലാണ് ഇത് കണ്ടെത്തിയത്.
പക്ഷിക്ക് പിങ്ക് നിറമാണെന്നും ഏകദേശം 130 സെന്റീമീറ്റർ ഉയരവും 155 സെന്റീമീറ്റർ ചിറകുകളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആൽഗകളെയും സൂക്ഷ്മാണുക്കളെയും ഭക്ഷിക്കുന്നതിനാലാണ് ഇവക്ക് പിങ്ക് നിറം ലഭിക്കുന്നത്. കൂട്ടമായ ഫ്ലമിംഗോകൾ പ്രകൃതിദത്ത വേട്ടക്കാരിൽ നിന്ന് സ്യയം സംരക്ഷിക്കാൻ സഹായിക്കുകയും ഭക്ഷണം തിരയുന്ന പ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

