ഇനി ഏഴുവർഷം കാത്തിരിക്കണം
text_fieldsപയ്യന്നൂർ: ഏഴുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചൂരൽ തവിടിശ്ശേരി തുളൂർക്കാവിൽ നീല വസന്തമൊരുക്കി പൂമാലക്കുറിഞ്ഞി പൂക്കളുടെ വർണ്ണലോകം. നീരൊഴുക്കുചാലുകളുടെ കര പറ്റി വളരുന്ന 'സ്ട്രോബിലാന്തസ് ഇന്റഗ്രി ഫോളിയ' എന്ന സഹ്യപർവതത്തിലെ തനത് കുറിഞ്ഞിയിനമാണ് നീണ്ട ഇടവേളക്കു ശേഷം തവിടിശ്ശേരി തുളൂർക്കാവിൽ പൂത്തത്.
സാധാരണ നീല കുറിഞ്ഞി 12 വർഷത്തിലൊരിക്കലാണ് പൂക്കളിടാറുള്ളതെങ്കിൽ ഏഴുവർഷം കൂടുമ്പോഴാണ് കുറ്റിച്ചെടി നിറയെ ഇളംനീല നിറത്തിൽ പൂവണിയുന്നത്. കണ്ണൂർ ജില്ല പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കാവ് സന്ദർശിച്ച വിദഗ്ധ സംഘമാണ് കുറിഞ്ഞിയെയും കാവിലെ അപൂർവ സസ്യങ്ങളെയും തിരിച്ചറിഞ്ഞത്. കുറിഞ്ഞിക്കു പുറമെ, ഇലിപ്പ, കനി, മയിലെള്ള്, ചന്ദനം, കരിമരം ഏകനായകം, വെട്ടി, തുടങ്ങി സഹ്യപർവതത്തിലും ഇടനാടൻ ചെങ്കൽ കുന്നുകളിലും കാണുന്ന തനതു സസ്യങ്ങൾ വളരുന്നതും പള്ളം, പുൽമേട്, കാനം എന്നിവ ചേർന്നതുമായ സവിശേഷമായ ആവാസ സ്ഥാനമാണ് തുളൂർക്കാവും പരിസരവുമെന്ന് പഠന സംഘത്തിന് നേതൃത്വം നൽകിയ ഡോ. ഇ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
'എരിയോക്കോളൻ, യൂട്രിക്കുലേരിയ, നിംഫോയ്ഡസ്' തുടങ്ങിയവയുടെ വൈവിധ്യവും പാറ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വെള്ളത്തിന്റെ ലഭ്യതയനുസരിച്ച് വളരെ ചെറുതും വലുതുമായി വളരുന്ന 'എരിയോക്കോളൻ കുസ്പിഡാറ്റം' എന്ന തനത് ചൂത് ചെടി പാറക്കുളത്തോട് ചേർന്ന് വേനലിലും പൂത്തുനിൽക്കുന്നുണ്ട്.അനധികൃതമായി വൃക്ഷങ്ങളും വള്ളികളും വെട്ടി നശിപ്പിക്കുന്നതും ജൈവ വൈവിധ്യത്തിന്റെ നിലനിൽപിന് ഭീഷണിയാണ്.
അനിയന്ത്രിതമായ ചെങ്കൽ ഖനനവും ഭൂഗർഭ ജലചൂഷണവും പ്രദേശത്തെ ജനവാസയോഗ്യമല്ലാതാക്കുമെന്നും ചെങ്കൽ കുന്നുകളിലെ സസ്യജന്തുവൈവിധ്യം ഇല്ലാതാകുമെന്നും പഠന സംഘം നിരീക്ഷിച്ചു. ഡോ. രതീഷ് നാരായണൻ, ഡോ. പി. ബിജു, വി.സി. ബാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ജൈവവൈവിധ്യ വിദഗ്ധരും ജില്ല പരിസ്ഥിതി ഏകോപനസമിതി കൺവീനർ കെ.ഇ. കരുണാകരൻ, സി. ദിവാകരൻ, രമേശൻ കമ്മനന്തിട്ട തുടങ്ങിയവരും ഉൾപ്പെട്ട സമിതിയാണ് പഠനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

