കീടനിയന്ത്രണത്തിന് കൊണ്ടുവന്നു, ഒടുവിൽ വില്ലനായി: മെൽബണിനെ വിറപ്പിക്കുന്ന ഇന്ത്യൻ മൈനയുടെ കഥ
text_fieldsകൃഷിയിടങ്ങളിലെ കീടങ്ങളെ നിയന്ത്രിക്കാൻ 1862-ൽ ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലെ മെൽബണിലേക്ക് കൊണ്ടുവന്ന ഇന്ത്യൻ മൈന (Common Myna) ഇന്ന് ലോകത്തിലെ ഏറ്റവും അപകടകാരിയായ അധിനിവേശ പക്ഷികളിലൊന്നായി മാറിയിരിക്കുകയാണ്. ഒരുകാലത്ത് കർഷകരുടെ സഹായിയായി കണക്കാക്കിയിരുന്ന ഈ പക്ഷി ഇപ്പോൾ പ്രാദേശിക ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയായി മാറിയെന്നാണ് പരിസ്ഥിതി വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
തവിട്ടുനിറത്തിലുള്ള ശരീരവും മഞ്ഞ നിറത്തിൽ കണ്ണിന് ചുറ്റുമുള്ള വളയവും കൊക്കും ഉള്ള ഇന്ത്യൻ മൈന, നഗരപ്രദേശങ്ങളിലും പാർക്കുകളിലും സാധാരണ കാഴ്ചയാണ്. ഓസ്ട്രേലിയയിൽ പഴത്തോട്ടങ്ങളിലും പച്ചക്കറിത്തോട്ടങ്ങളിലും വിളകൾ നശിപ്പിച്ചിരുന്ന ഇലകളിലെ പുഴുക്കളെയും മറ്റ് കീടങ്ങളെയും നിയന്ത്രിക്കാനാണ് ഇന്ത്യൻ മൈനകളെ മെൽബണിൽ എത്തിച്ചത്. എന്നാൽ മനുഷ്യവാസ കേന്ദ്രങ്ങളോട് വളരെ എളുപ്പത്തിൽ പൊരുത്തപ്പെടുന്ന സ്വഭാവവും അതിവേഗ പ്രജനനശേഷിയും കാരണം ഇവയുടെ എണ്ണം നിയന്ത്രണാതീതമായി വർധിച്ചു.
പ്രാദേശിക പക്ഷികളുമായി ഭക്ഷണത്തിനും കൂടുണ്ടാക്കാനുള്ള ഇടങ്ങൾക്കുമായി ഇന്ത്യൻ മൈന മറ്റ് തദ്ദേശവാസികളായ പക്ഷികളുടെ കൂടുകൾ കൈയേറുകയും, മുട്ടകളും കുഞ്ഞുങ്ങളെയും നശിപ്പിക്കുകയും, ചെറിയ പക്ഷികളെ ആക്രമിച്ച് അവയെ കൂടുകളിൽ നിന്ന് ഓടിക്കുകയും തുടങ്ങിയ സ്വഭാവങ്ങൾ കാരണം നിരവധി പക്ഷികളുടെ നിലനിൽപ്പിന് ഇവ ഭീഷണിയായിട്ടുണ്ട്. നഗരങ്ങളിലും പാർക്കുകളിലും കൃഷിയിടങ്ങളിലും ഈ പക്ഷികൾ വൻതോതിൽ കാണപ്പെടുന്നത് പരിസ്ഥിതി സന്തുലിതാവസ്ഥയെ ബാധിക്കുന്നതായി പഠനങ്ങൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ മൈനയെ 2000-ൽ ഐ.യു.സി.എൻ ലോകത്തിലെ ഏറ്റവും അപകടകാരികളായ 100 അധിനിവേശ ജീവിവർഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ആ പട്ടികയിൽ ഇടം നേടിയിട്ടുള്ള വെറും മൂന്ന് പക്ഷികളിൽ ഒന്നാണ് ഇന്ത്യൻ മൈന എന്നതും ശ്രദ്ധേയമാണ്. ലോകത്തിന്റെ പല രാജ്യങ്ങളിലും ഈ പക്ഷിയുടെ എണ്ണം നിയന്ത്രിക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഒരു പ്രദേശത്തേക്ക് പുതിയ ജീവിവർഗങ്ങളെ കൊണ്ടുവരുമ്പോൾ അതിന്റെ ദീർഘകാല പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കൃത്യമായി വിലയിരുത്തേണ്ടത് അനിവാര്യമാണ്. പ്രത്യാഘാതങ്ങൾ എത്ര ഗുരുതരമാകാമെന്നതിന്റെ മികച്ച ഉദാഹരണമായാണ് ഇന്ത്യൻ മൈനയുടെ കഥയെ പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

