മനം കവരുന്ന വർണപ്പൂക്കളുടെ നിശബ്ദ അധിനിവേശം
text_fieldsവഴിയരികിലും കാട്ടുപൊന്തകളിലും കടും നിറങ്ങളിലെ പൂക്കളുമായി തലയാട്ടിനിൽക്കുന്ന, ചിലപ്പോൾ വീടുകളിലെ പൂന്തോട്ടങ്ങളെ അലങ്കരിക്കുന്ന ഈ ചെടി ഒരു അധിനിവേശ സസ്യമാണെന്ന് എത്രപേർക്കറിയാം...? കേരളത്തിലുടെനീളം അരിപ്പൂവ്, കിങ്ങിണി, കിണികിണി, കൊങ്കണി, വേലി പരുത്തി എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു. ചുവപ്പ്, പിങ്ക്, വെള്ള, മഞ്ഞ, നീല എന്നീ നിറങ്ങളിൽ മനോഹരമായ പൂക്കളോടുകൂടിയാണ് നമ്മുടെ നാട്ടിൽ പൊതുവേ കാണപ്പെടുന്നത്.
ഇപ്പോൾ നമ്മുടെ നാട്ടിൽ പരക്കെ കാണപ്പെടുന്ന ഈ സസ്യം അമേരിക്കയിലെ ഉഷ്ണമേഖല പ്രദേശത്ത് നിന്നാണ് യാത്ര തുടങ്ങിയത്. ഉഷ്ണ, ഉപോഷ്ണ, മിതശീതോഷ്ണ പ്രദേശങ്ങളിൽ ദശലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയാണ് ഈ സുന്ദരിച്ചെടി അതിന്‍റെ ‘നിശബ്ദ അധിനിവേശ’ത്തിലൂടെ കൈയടക്കിയത്. ‘വെർബെന’ കുടുംബത്തിൽപ്പെട്ട ഈ കുറ്റിച്ചെടിയുടെ ശാസ്ത്രീയ നാമം ‘ലന്താന കാമറ’ എന്നതാണ്.
അലങ്കാരത്തിനായി ലോകമെമ്പാടും വളർത്തുന്നുണ്ടെങ്കിലും തദ്ദേശീയ സസ്യങ്ങളെ നശിപ്പിക്കുന്ന ഒരു അധിനിവേശ സസ്യമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. നല്ല സൂര്യപ്രകാശവും നീർവാർച്ചയുള്ള മണ്ണും ചെടിയുടെ വളർച്ചക്ക് ആവശ്യമാണ്. ഇന്ത്യ ഉൾപ്പെടെ പലയിടത്തും ഇത് അതിവേഗം പടർന്ന് പിടിച്ച് തദ്ദേശീയ സസ്യങ്ങളുടെ വളർച്ചയെ തടയുന്നു. ഇവയുടെ പൂക്കളിൽ തേൻ ധാരാളം ഉളളതിനാൽ ചിത്രശലഭങ്ങൾ, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്. പക്ഷികൾ വഴി വിത്ത് വിതരണവും നടക്കുന്നു.
പരമ്പരാഗത വൈദ്യത്തിൽ ഇതിന് കാൻസർ, അൾസർ, ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് ചികിത്സയായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ സത്തിന് അണുബാധയെ തടയാനും വീക്കം കുറക്കാനുമുള്ള കഴിവുണ്ട്. കാഴ്ചക്ക് മനോഹരവും ചികിത്സക്ക് ഉപയോഗപ്രദവുമാണെങ്കിലും അതിവേഗം പടർന്ന് പിടിക്കുന്ന സ്വഭാവം കാരണം പരിസ്ഥിതിക്ക് ഭീഷണിയാണിത്. അതുകൊണ്ട് ഇതിനെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
പൂന്തോട്ടങ്ങളെ മോടിപിടിപ്പിക്കാൻ കൊളോണിയൽ കാലഘട്ടത്തിൽ ഡച്ചുകാർ അമേരിക്കയിൽ നിന്ന് ഇതിനെ യൂറോപ്പിലേക്ക് കൊണ്ടുവന്ന് നട്ടുവളർത്തുകയും ഏഷ്യയിലേക്ക് എത്തിക്കുകയും ചെയ്തതായാണ് ചരിത്രം പറയുന്നത്. പിന്നീട് നമ്മുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയും തദ്ദേശീയ സസ്യങ്ങൾക്ക് അപകടകരമാം വിധം പടർന്ന് പന്തലിക്കുകയും ചെയ്തു.
നമുടെ പശ്ചിമഘട്ടത്തിൽ ഇത് അധിനിവേശ സസ്യമാണെങ്കിലും പ്രദേശത്തിന്റെ ജൈവ വൈവിധ്യത്തിൽ വലിയ ആഘാതം ഉണ്ടാക്കിയതായി കാണുന്നില്ല. ഈർപ്പമുള്ള ചിലപ്രദേശങ്ങളിൽ മറ്റ് സ്പീഷീസുകളെ പോലെ വളരുന്നു എന്നു മാത്രം. ഇത് കാർഷിക മേഖലയിൽ കടന്നുകൂടുമ്പോൾ കന്നുകാലികൾക്ക് വിഷബാധയേൽക്കാൻ സാധ്യതയുള്ളത് കൊണ്ടും ഇടതൂർന്ന് വളരുന്നതുകൊണ്ടും കൃഷിഭൂമിയുടെ ഉല്പാദനക്ഷമത കുറക്കുന്നു.
ഇന്ത്യാ ഗവൺമെന്‍റ് പരിസ്ഥിതി വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി, ലന്താനയെ 'ഇന്ത്യയിലെ അധിനിവേശ സസ്യത്തിന്‍റെ കടന്നാക്രമണം പട്ടികയിൽ' ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അധിനിവേശ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് മാനദണ്ഡങ്ങൾ സ്വീകരിച്ചത്. ജൈവ-ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായ പ്രദേശങ്ങളുമായി ചുരുങ്ങിയ സമയത്തിനുള്ളിൽ പൊരുത്തപ്പെടാനുള്ള കഴിവാണ് സസ്യത്തെ ആഗോളതലത്തിൽ ആശങ്കാജനകമാകാനുള്ള കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

