സിമിലിപാലിലെ ‘മെലാനിസ്റ്റിക് ടൈഗർ’ നാഷണല്‍ ജോഗ്രഫിക് മാസികയുടെ കവര്‍ ചിത്രത്തില്‍
text_fieldsഭുവനേശ്വര്‍: നാഷണല്‍ ജോഗ്രഫിക് മാസികയുടെ കവര്‍ച്ചിത്രത്തില്‍ ഇടം നേടി ഒഡിഷയിലെ മയൂര്‍ഭഞ്ചില്‍ സ്ഥിതി ചെയ്യുന്ന സിമിലിപാല്‍ കടുവ സങ്കേതത്തിലെ അപൂര്‍വ കടുവ. ഇന്ത്യൻ ഫോട്ടോഗ്രാഫറായ പ്രസൻജീത് യാദവ് പകർത്തിയ സിമിലിപാലിലെ കറുത്ത കടുവയുടെ ചിത്രം നാഷണൽ ജിയോഗ്രാഫിക് മാഗസിന്‍റെ 2025 ഒക്ടോബർ ലക്കത്തിന്‍റെ കവറായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അത്യപൂര്‍വ കടുവയുടെ ചിത്രം പകര്‍ത്താന്‍ 120 ദിവസത്തെ സമയമാണ് നാഷണല്‍ ജോഗ്രഫിക്കിന്റെ ഫോട്ടോഗ്രഫര്‍ കൂടിയായ പ്രസന്‍ജീത് യാദവിന് വേണ്ടിവന്നത്. ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി, പ്രതിപക്ഷ നേതാവ് നവീന്‍ പട്‌നായിക് എന്നിവര്‍ സംസ്ഥാനത്തിന്റെ പ്രധാന ആകര്‍ഷണമായ കടുവകള്‍ അന്താരാഷ്ട്ര മാസികയുടെ കവര്‍ച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു.
ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിമിലിപാൽ കടുവാ സങ്കേതം കറുത്ത കടുവകളുടെ ഏക ആവാസകേന്ദ്രമാണ്. ഈ കടുവകൾ ശരിക്കും ഒരു പ്രത്യേക ഇനമല്ല മറിച്ച് മെലാനിസ്റ്റിക് ടൈഗർ എന്ന് അറിയപ്പെടുന്ന അപൂർവമായ നിറഭേദമുള്ള കടുവകളാണ്. സാധാരണ ബംഗാൾ കടുവകളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത് ഇവയുടെ കടുത്ത കറുത്ത വരകളാണ്. ഈ കടുവകൾക്ക് സാധാരണ കടുവകളെ അപേക്ഷിച്ച് കട്ടിയുള്ളതും അടുത്തടുത്തുള്ളതുമായ വരകളുണ്ട്. ചിലപ്പോൾ ഈ വരകൾ അവയുടെ ഓറഞ്ച് നിറത്തിലുള്ള രോമങ്ങൾക്കിടയിൽ കൂടിച്ചേർന്നതായി തോന്നും. ഇത് സ്യൂഡോ-മെലാനിസം എന്നറിയപ്പെടുന്ന ഒരു അപൂർവ ജനിതക വ്യതിയാനം (gene mutation) കാരണമാണ്.
സിമിലിപാലിലെ കടുവാ ജനസംഖ്യ താരതമ്യേന ചെറുതായതിനാൽ ഇത്തരം ജനിതകമാറ്റങ്ങൾ അടുത്ത തലമുറകളിലേക്ക് കൈമാറാനുള്ള സാധ്യത കൂടുതലാണ്. 2023ലെ കണക്കുകൾ പ്രകാരം സിമിലിപാൽ ടൈഗർ റിസർവിൽ ഏകദേശം 10 കറുത്ത കടുവകളുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സവിശേഷതയാണ് സിമിലിപാലിനെ ലോകമെമ്പാടുമുള്ള വന്യജീവി സ്നേഹികളുടെയും ഗവേഷകരുടെയും ശ്രദ്ധാകേന്ദ്രമാക്കുന്നത്.
2024 ജനുവരിയില്‍ ഒഡിഷയിലെ സിമിലിപാലില്‍ മെലനിസ്റ്റിക് കടുവകളെ കാണുന്നതിനായി ഒരു സഫാരി പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അന്നത്തെ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തുവിട്ടത്. മെലനിസ്റ്റിക് കടുവകളെ കാണുന്നതിനായുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സഫാരി കേന്ദ്രമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2025 ഏപ്രിലിലെ കണക്കുകള്‍ പ്രകാരം സിമിലിപാല്‍ കടുവ സങ്കേതത്തിലുള്ള 40 റോയല്‍ ബംഗാള്‍ കടുവകളിൽ പതിനെട്ടോളം കടുവകൾക്ക് മെലനിസ്റ്റിക് സവിശേഷതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

