കാക്കക്കും പൂച്ചക്കും വിട്ടുകൊടുത്തില്ല; താജുദ്ദീൻ കൂടൊരുക്കി, ഇരട്ടത്തലച്ചിയുടെ സങ്കടം മാറി
text_fieldsഇരട്ടത്തലച്ചി പക്ഷികൾക്ക് ഭക്ഷണം നൽകുന്ന താജുദ്ദീൻ
മേൽപറമ്പ് (കാസർകോട്): അഞ്ചുവർഷമായി വീടിന്‍റെ പരിസരത്ത് കൂടിയിട്ട്. പലതവണ മുളച്ചെടികൾക്കിടയിൽ മാറിമാറി കൂടൊരുക്കി മുട്ടയിട്ടു. ഒന്നും വിരിഞ്ഞില്ല. എല്ലാം കാക്ക കൊത്തിക്കുടിച്ചും പൂച്ച കൊണ്ടുപോയും ഇല്ലാതായി. ആഹാരം തേടി തിരികെയെത്തുേമ്പാഴേക്കും ഒഴിഞ്ഞ കൂടിനു മുകളിലിരുന്നു കരയുന്ന ഇണകളായ ഇരട്ടത്തലയൻ പക്ഷികൾ അഞ്ചുവർഷമായി ചെമ്പിരിക്ക ബൈത്തുൽ ഫാത്തിമയിലെ താജുദ്ദീന് നനവാർന്ന കാഴ്ചയായിരുന്നു.
മനുഷ്യനുമായി അടുക്കാത്തതാണ് ബുൾബുൾ എന്ന് അറിയപ്പെടുന്ന ഇൗ പക്ഷികൾ. എങ്കിലും ഒാരോതവണയും മുട്ടകൾ നഷ്ടപ്പെട്ടതിെൻറ സങ്കടംപേറി താജുദ്ദീെൻറ വീടിെൻറ പരിസരത്ത് തന്നെ കളിച്ചുകൊണ്ടിരിക്കും. അങ്ങനെ പക്ഷികളുടെ സങ്കടം താജുദ്ദീന്‍റേത് കൂടിയാവുകയായിരുന്നു. ഒടുവിൽ, വീടിനോട് ചേർന്ന് കാർ പോർച്ചിെൻറ തൂണിണു മുകളിൽ സുരക്ഷിതമായ കൂടൊരുക്കി കൊടുത്തു. ആ കൂട്ടിലേക്ക് അവർ ഇരുവരും സധൈര്യം സസ്നേഹം പറന്നിറങ്ങി.
അധികം വൈകാതെ തന്നെ അതിൽ മുട്ടയിട്ടു. മൂന്നെണ്ണം. കാക്കക്കും പൂച്ചക്കും എത്താൻ കഴിയാത്തവിധം പക്ഷികൾ സുരക്ഷിതമായി മുട്ടകൾക്കുമേൽ അടയിരുന്നു. താജുദ്ദീെൻറയും കുടുംബത്തിെൻറയും വീടിനകത്തേക്കും പുറത്തേക്കുമുള്ള നിരന്തര പെരുമാറ്റം ഇവർക്ക് പേടിയുമായില്ല. അങ്ങനെ നോക്കിയിരിക്കെ മുട്ട വിരിഞ്ഞു. കുഞ്ഞുങ്ങളായി.
കുഞ്ഞുങ്ങളെ വീട്ടുകാരെ ഏൽപിച്ച് ഇരട്ടത്തലച്ചി പക്ഷികൾ ധാന്യം തേടാൻ പോകും. അതിനിടയിൽ താജുദ്ദീെൻറ വകയായി പക്ഷികൾക്ക് ചാമ്പങ്ങയും മറ്റും കൊടുക്കും. താജുദ്ദീെൻറ കൈയിൽ നിന്നു തന്നെ ഇവ കൊത്തിപ്പറിച്ചുകൊണ്ടിരിക്കും. ഇപ്പോൾ വീട്ടുകാരുമായി നല്ല അടുപ്പം.
പിരിയാൻ പറ്റാത്ത പാകത്തിൽ അടുത്തിരിക്കുന്ന ഇരട്ടത്തലച്ചിയും കുഞ്ഞുങ്ങളും ഇനി പിരിഞ്ഞുപോകുമോയെന്നാണ് താജുദ്ദീെൻറ പേടി. 'കുഞ്ഞുങ്ങൾ കണ്ണുതുറന്നിട്ടുണ്ട്. ചൂടുകാരണം വെള്ളം കൊടുക്കും. അതു കൈയിൽ നിന്നു തന്നെ കുടിക്കും. വീടുമായി ഇണങ്ങുന്ന പക്ഷിയായി ഇരട്ടത്തലച്ചി മാറി -പൊതുപ്രവർത്തകൻ കൂടിയായ താജുദ്ദീൻ പടിഞ്ഞാറിന്‍റെ വാക്കുകളിൽ നിറയുന്നത് സഹജീവി സ്നേഹം മാത്രം.