Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂപ്പർ എൽ നിനോ; കുടിവെള്ളം മുട്ടാതിരിക്കാൻ ഒരു നെൽകൃഷി സീസൺ ഉപേക്ഷിക്കണമെന്ന് കർഷകരോട് തെലങ്കാന മുഖ്യമന്ത്രി

text_fields
bookmark_border
സൂപ്പർ എൽ നിനോ; കുടിവെള്ളം മുട്ടാതിരിക്കാൻ ഒരു നെൽകൃഷി സീസൺ ഉപേക്ഷിക്കണമെന്ന് കർഷകരോട് തെലങ്കാന മുഖ്യമന്ത്രി
cancel

ഹൈദരാബാദ്: സൂപ്പർ എൽ നിനോയെ തുടർന്നുള്ള കടുത്ത വരൾച്ചയുടെ പശ്ചാത്തലത്തിൽ കുടിവെള്ളം സംരക്ഷിക്കാൻ ഒരു സീസണിലെ നെൽകൃഷി ഒഴിവാക്കണമെന്ന് കർഷകരോട് അഭ്യർഥിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അടുത്ത എട്ട് മുതൽ പത്ത് മാസം വരെ സംസ്ഥാനത്തെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ കർഷകരുടെ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

“കർഷകർ എല്ലായ്‌പ്പോഴും ജനങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം നൽകിയിട്ടുണ്ട്. ഇത്തവണ തെലങ്കാനയിലെ കുടിവെള്ള വിതരണം ഉറപ്പാക്കാൻ അവരുടെ സഹായം ആവശ്യമാണ്,” രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് മഴയുടെ ലഭ്യതയിൽ വലിയ കുറവുണ്ടായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ഒക്ടോബർ പകുതിയോടെ തെലങ്കാനയിൽ 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതോട സംസ്ഥാനം ഗുരുതരമായ ജലപ്രതിസന്ധിയാണ് നേരിടുന്നത്. അണക്കെട്ടുകളിലെ ജലശേഖരവും സാധാരണ നിലയേക്കാൾ വളരെ താഴെയാണ്. നിലവിൽ ഏകദേശം 200 ടി.എം.സി അടി വെള്ളമാണ് സംസ്ഥാനത്തെ അണക്കെട്ടുകളിലുള്ളത്. ഈ സമയത്ത് സാധാരണയായി 462 ടി.എം.സി അടി വെള്ളമാണ് ലഭിക്കേണ്ടത്.

“പതിറ്റാണ്ടുകളായി നമ്മൾ കണ്ടതിനേക്കാൾ ഏറ്റവും രൂക്ഷമായ എൽ നിനോയാണിത്. ഇത് സംസ്ഥാനത്തെ ജല, വൈദ്യുതി മേഖലകളിൽ വലിയ സമ്മർദം സൃഷ്ടിച്ചിരിക്കുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൺസൂൺ വരെ നിലവിലുള്ള ജലം പരമാവധി സംരക്ഷിച്ച് ഉപയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജലം ഉപയോഗിക്കുന്ന മേഖല കൃഷിയായതിനാൽ കുടിവെള്ളത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി ഒരു നെൽകൃഷി ഒഴിവാക്കണമെന്നാണ് കർഷകരോടുള്ള അഭ്യർഥന.

തെലങ്കാനയിൽ ഏകദേശം 13 ലക്ഷം ഹെക്ടർ സ്ഥലത്ത് കർഷകർ നെൽകൃഷി നടത്തിയിട്ടില്ലെന്നാണ് കണക്ക്. അതേസമയം 53 ലക്ഷം ഹെക്ടറിൽ നെൽകൃഷി ചെയ്തിട്ടുണ്ട്. ജലക്ഷാമം നിലവിൽ കൃഷി ചെയ്തിരിക്കുന്ന നെൽവിളയെയും ബാധിച്ചേക്കും. അതേസമയം, നിലവിലെ എൽ നിനോ ഇതുവരെയുള്ളതിൽ ഏറ്റവും ശക്തമായതാകാൻ സാധ്യതയുണ്ടെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ വിലയിരുത്തൽ.

ഡിസംബറോടെ എൽ നിനോ ഏറ്റവും ശക്തിയിലെത്തിയേക്കുമെന്നാണ് പ്രവചനം. പസഫിക് സമുദ്രത്തിലെ നിനോ 3.4 മേഖലയിൽ സമുദ്രോപരിതല താപനില സാധാരണയേക്കാൾ 3.4 ഡിഗ്രി സെൽഷ്യസ് ഉയർന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻകാല സൂപ്പർ എൽ നിനോ സംഭവങ്ങളായ 1982-83, 1997-98, 2015-16 എന്നിവയെ അപേക്ഷിച്ച് നിലവിലെ പ്രതിഭാസത്തിന്റെ ആഘാതം വ്യത്യസ്തമായിരിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോളതാപനം എൽ നിനോയുടെ സ്വഭാവത്തെയും പ്രത്യാഘാതങ്ങളെയും കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.

എൽ നിനോയുടെ ഫലമായി കാർഷിക മേഖലയിലുണ്ടാകുന്ന നഷ്ടമാണ് പ്രധാന ആശങ്കകളിലൊന്ന്. ദരിദ്രവും വികസ്വരവുമായ രാജ്യങ്ങളെയാണ് ഇതിന്റെ ആഘാതം കൂടുതൽ ബാധിക്കുക. ആഗോള ഭക്ഷ്യസുരക്ഷ ഇതിനകം യുദ്ധങ്ങളും വരൾച്ചയും മൂലം സമ്മർദത്തിലായിരിക്കെയാണ് സൂപ്പർ എൽ നിനോയുടെ വരവ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Super El Nino; Telangana Chief Minister asks farmers to skip one paddy cultivation season to prevent drinking water shortage
Next Story