ആഫ്രിക്കൻ ഒച്ചുകളെ തുരത്താനുള്ള വിദ്യയുമായി അധ്യാപിക
text_fieldsഹൈദരാബാദിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഒച്ചിനെ കെണിയിലാക്കി നശിപ്പിക്കുന്ന ഉപകരണവുമായി ഡോ. ആസിഫ
കുന്ദമംഗലം: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കണ്ടുവരുന്ന ആഫ്രിക്കൻ ഒച്ചുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട പഠനത്തിലൂടെ ശ്രദ്ധേയമാകുകയാണ് ഒരു അധ്യാപിക. പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി അധ്യാപികയായ ഡോ. കെ.പി. ആസിഫയാണ് വ്യത്യസ്തമായ പഠനം നടത്തിയത്. കാർഷിക സസ്യങ്ങളെ തിന്നു നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രോജക്ട് ആണ് അവതരിപ്പിക്കുന്നത്.
ഒച്ചുകൾ പപ്പായ, മരച്ചീനി പോലുള്ള ചെടികളുടെ ഇലകൾ വളരെ പെട്ടെന്ന് തിന്നു നശിപ്പിക്കുന്നതോടൊപ്പംതന്നെ ഒച്ചിന്റെ പുറംതോട് നിർമിക്കാനാവശ്യമായ കാൽസ്യം ലഭ്യമാക്കുന്നതിന് വേണ്ടി കോൺക്രീറ്റ് ബിൽഡിങ്ങുകൾ, മതിലുകൾ എന്നിവയും തിന്നു നശിപ്പിക്കുന്നു. മൺസൂൺ കാലത്ത് കാണാറുള്ള ഒച്ചുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കേരളത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേപ്പ്, പുകയില എന്നീ ചെടികളുടെ ഇലകളിൽനിന്നു നിർമിച്ച സത്തുകൾ ഇത്തരം ഒച്ചുകളുടെ നിർമാർജനത്തിന് ഫലപ്രദമാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഒച്ചുകളെ കെണിയിലാക്കി നശിപ്പിക്കാനുള്ള ഒരു ഉപകരണവും ഈ പ്രോജക്ടിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഒച്ചുകളെ നശിപ്പിച്ച ശേഷം വളമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പ്രോജക്ട്. പെരുവയൽ പഞ്ചായത്തിലെ വെള്ളിപറമ്പ് ഭാഗത്താണ് ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയത്. മുൻ വാർഡ് മെംബർ സൈദത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ഈ പഠനത്തിന് സഹായകമായിട്ടുണ്ട്. എട്ടാം ക്ലാസിലെ ജൈവകീട നിയന്ത്രണം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കൂളിലെ വിദ്യാർഥികളായ കെ.സി. ദേവനന്ദ, ആരാധ്യ എസ്. നായർ, എം. ഹൃദ്യ, എം. അഭിജിത്ത് എന്നിവരുടെ സഹകരണത്തോടെയാണ് അധ്യാപിക പ്രോജക്ട് പൂർത്തിയാക്കിയത്. സ്നെയിൽ സാപ് എന്നാണ് ഒച്ചിനെ പിടിച്ച് നശിപ്പിക്കാനുള്ള ഉപകരണത്തിന് പേരിട്ടിരിക്കുന്നത്.
2025 ജൂലൈ മുതലാണ് പ്രോജക്ട് ആരംഭിച്ചത്. നിലവിൽ ഇതിന്റെ ബേസിക് മോഡൽ ആണ് തയാറാക്കിയത്. കുറച്ചുകൂടി വികസിപ്പിച്ച ശേഷം വിപണിയിൽ ലഭ്യമാക്കാനാണ് ഉദ്ദേശ്യമെന്ന് അധ്യാപിക പറഞ്ഞു. വേപ്പ്, പുകയില എന്നിവയുടെ സത്തുകളുടെ സ്റ്റാൻഡേഡൈസേഷൻ, ഒച്ചുകളെ നശിപ്പിക്കാനുള്ള ഉപകരണത്തിന്റെ മെച്ചപ്പെടുത്തൽ എന്നിവ നടത്തി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഒരു ഉൽപന്നമായി മാർക്കറ്റിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെന്നും ആസിഫ പറഞ്ഞു.
പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ടീച്ചേഴ്സ് പ്രോജക്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രോജക്ട് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് തെരഞ്ഞെടുത്തു. നിലവിൽ ഹൈദരാബാദിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുക്കുകയാണ് ഡോ. കെ.പി. ആസിഫ. കണ്ണൂർ സ്വദേശിയായ ആസിഫയുടെ ഭർത്താവ് സഹീറുദ്ദീൻ കോഴിക്കോട് ജി.എസ്.ടി ആൻഡ് കസ്റ്റംസ് സൂപ്രണ്ട് ആണ്. മക്കൾ: മുഹമ്മദ് ഷാൻ, ഫൈഹ റഹ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

