27 വർഷം മുമ്പ് കടലിൽ മുക്കിയ ടാങ്ക്; ഇന്ന് പവിഴപ്പുറ്റുകളുടെയും മത്സ്യങ്ങളുടെയും 'വീട്'
text_fieldsഒരുകാലത്ത് യുദ്ധഭൂമിയിൽ ആകാശത്തേക്ക് വെടിയുതിർക്കാൻ ഉപയോഗിച്ചിരുന്ന ഒരു സൈനിക വാഹനം. ഇന്ന് അതേ വാഹനം കടലിനടിയിൽ പവിഴപ്പുറ്റുകൾക്കും മത്സ്യങ്ങൾക്കും ചെമ്മീനുകൾക്കും ഞണ്ടുകൾക്കും അഭയകേന്ദ്രം. ജോർഡാനിലെ അഖബ തീരത്തുള്ള ‘ദ ടാങ്ക്’ എന്ന കൃത്രിമ പവിഴപ്പുറ്റിന്റെ കഥ ഇങ്ങനെയാണ്.
1999 സെപ്റ്റംബറിലാണ് അമേരിക്കൻ നിർമിത M42 ‘ഡസ്റ്റർ’ ആന്റി-എയർക്രാഫ്റ്റ് വാഹനം കടലിൽ മുക്കിയത്. ജോർഡാൻ റോയൽ ആർമിയിൽ ഉപയോഗിച്ചിരുന്ന വാഹനത്തെ ജോർദാനിലെ റോയൽ മറൈൻ കൺസർവേഷൻ സൊസൈറ്റി ആണ് കൃത്രിമ പവിഴപ്പുറ്റായി മാറ്റിയത്. ഏകദേശം 5.8 മീറ്റർ നീളമുള്ള വാഹനമാണിത്.
അഖബ ടൂറിസം ഡയറക്ടറേറ്റ്, അക്കാബ മറൈൻ പാർക്ക്, ജോർഡാനിലെ സമുദ്ര സംരക്ഷണ സംഘടന എന്നിവ ചേർന്ന് പുറത്തിറക്കിയ 'റെക്ക്സ് ഓഫ് അഖബ' (Wrecks of Aqaba) ഫോട്ടോബുക്കിലാണ് ടാങ്കിനെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. അഖബയിലെ പ്രധാന ഡൈവിങ് കേന്ദ്രങ്ങളിലൊന്നായാണ് ടാങ്കിനെ വിശേഷിപ്പിക്കുന്നത്.
വർഷങ്ങളോളം കടലിനടിയിൽ കിടന്നതോടെ ടാങ്കിന്റെ ഭാഗങ്ങളിൽ സോഫ്റ്റ് കോറലുകളും സ്പോഞ്ചുകളും വളർന്നു. വിവിധയിനം വർണാഭമായ മത്സ്യങ്ങളും ഇവിടെ എത്തിത്തുടങ്ങി. ടാങ്കിലെ ചെറിയ വിടവുകളും വിള്ളലുകളും ചെമ്മീൻ, ഞണ്ട്, കടൽനക്ഷത്രം തുടങ്ങിയ ജീവികൾക്ക് സുരക്ഷിതമായ ഇടമായി മാറി.
ലയൺഫിഷുകളും ടാങ്കിന് ചുറ്റും കാണപ്പെടുന്നു. ഡാംസൽഫിഷുകൾ ഉൾപ്പെടെയുള്ള ചെറുമത്സ്യങ്ങളും പവിഴപ്പുറ്റുകളിലും ടാങ്കിന്റെ വിള്ളലുകളിലും കഴിയുന്ന ബ്ലെന്നികളുമാണ് ഇവിടത്തെ മറ്റ് സ്ഥിരം സാന്നിധ്യങ്ങൾ.
കടലിലെ ഒരു ‘വീട്’
തീരത്തുനിന്ന് ഏകദേശം 80 മീറ്റർ അകലെയാണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്. 6 മുതൽ 8 മീറ്റർ വരെയാണ് ആഴം. ഒഴുക്ക് കുറവായതിനാൽ തുടക്കക്കാർക്കും ഇവിടെ ഡൈവിങ് നടത്താം. 20 മുതൽ 40 മീറ്റർ വരെയാണ് വെള്ളത്തിനടിയിലെ കാഴ്ചപരിധി. സ്നോർക്കലിങ്ങിനും ഫ്രീഡൈവിങിനും അനുയോജ്യമായ കേന്ദ്രം കൂടിയാണിത്.
സമുദ്രജീവികളുടെ ആവാസകേന്ദ്രങ്ങളായി കൃത്രിമ പവിഴപ്പുറ്റുകൾക്ക് ചില സാഹചര്യങ്ങളിൽ പ്രയോജനം ചെയ്യാനാകുമെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. 2019ൽ 'പ്ലോസ് വണ്ണിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ അഖബ ഉൾക്കടലിന്റെ വടക്കൻ ഭാഗത്തെ കൃത്രിമ, പ്രകൃതിദത്ത പവിഴപ്പുറ്റുകളിൽ സമുദ്രജീവികളുടെ വളർച്ച താരതമ്യം ചെയ്തിരുന്നു. കൃത്രിമ പവിഴപ്പുറ്റുകളിൽ ചില വിഭാഗം ജീവികളുടെ ജൈവഭാരം കൂടുതലായിരുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
പ്രകൃതിക്ക് പകരമാകില്ല
കൃത്രിമ പവിഴപ്പുറ്റുകൾ സമുദ്രജീവികൾക്ക് പുതിയ ആവാസകേന്ദ്രങ്ങൾ നൽകാൻ സഹായിക്കുമെങ്കിലും അവ പ്രകൃതിദത്ത പവിഴപ്പുറ്റുകൾക്ക് പകരമല്ല. അഖബ ഉൾക്കടലിൽ 300ലേറെ ഇനം ഹാർഡ്, സോഫ്റ്റ് കോറലുകളും 510ലേറെ ഇനം മത്സ്യങ്ങളുമുണ്ടെന്നാണ് അധികൃതരുടെ കണക്ക്. കടലിൽ മുക്കിയ ടാങ്ക് സമുദ്രജീവികൾക്ക് പുതിയൊരു ആവാസകേന്ദ്രവും സന്ദർശകർക്ക് വ്യത്യസ്തമായ ഡൈവിങ് അനുഭവവുമാണ് നൽകുന്നത്.
ഒരു കാലത്ത് യുദ്ധത്തിന്റെ ഭാഗമായിരുന്ന ഒരു യന്ത്രം ഇന്ന് സമുദ്രജീവന്റെ ഭാഗമായിരിക്കുന്നു. 27 വർഷം കൊണ്ട് M42 ‘ഡസ്റ്റർ’ മാറിയത് ഒരു യുദ്ധവാഹനത്തിൽ നിന്ന് കടലിലെ ഒരു ചെറിയ ആവാസവ്യവസ്ഥയിലേക്കാണ്. മനുഷ്യൻ ഉപേക്ഷിച്ച ഒരു വസ്തുവിനെ പ്രകൃതി എങ്ങനെ ലോകത്തിന്റെ ഭാഗമാക്കി മാറ്റുന്നു എന്നതിന്റെ കൗതുകകരമായ ഉദാഹരണമായി അഖബയിലെ ‘ദ ടാങ്ക്’ തുടരുന്നു.

