ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ പരിധിയിൽ ഖനനം നിരോധിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. അത്തരം പ്രവർത്തനങ്ങൾ വന്യജീവികൾക്ക് അപകടകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെടൽ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.
സാരന്ദ വന്യജീവി സങ്കേതം, സസംഗ്ദാബുരു കൺസർവേഷൻ റിസർവ് എന്നിവയുടെ കീഴിലുള്ള പ്രദേശങ്ങളെ ജാർഖണ്ഡിലെ ഒരു സംരക്ഷണ കേന്ദ്രമായി വിജ്ഞാപനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹരജികൾ പരിഗണിക്കുകയായിരുന്നു ബെഞ്ച്.
‘സംരക്ഷിത പ്രദേശത്തിന്റെ ഒരു കിലോമീറ്ററിനുള്ളിലെ ഖനന പ്രവർത്തനങ്ങൾ വന്യജീവികൾക്ക് അപകടകരമാകുമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗോവ സംസ്ഥാനത്തെ സംബന്ധിച്ചാണ് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചതെങ്കിലും, അത്തരം നിർദേശങ്ങൾ പാൻ-ഇന്ത്യ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് തങ്ങൾ കണ്ടെത്തിയെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഉള്ളിലും അത്തരം ദേശീയോദ്യാനത്തിന്റെയോ വന്യജീവി സങ്കേതത്തിന്റെയോ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലും ഖനനം അനുവദനീയമല്ലെന്ന് ഉത്തരവിടുന്നതായും ബെഞ്ച് പറഞ്ഞു.
വനാവകാശ നിയമം അനുസരിച്ച് പ്രദേശത്തെ ആദിവാസികളുടെയും വനവാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കുകയും സംസ്ഥാന സർക്കാറിനോട് ഇതിന് വ്യാപക പ്രചാരം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.
പരിസ്ഥിതി സമ്പന്നമായ സാരന്ദ മേഖലയെ റിസർവ് വനമായി പ്രഖ്യാപിക്കാൻ തീരുമാനമെടുക്കാൻ നേരത്തെ ബെഞ്ച് ജാർഖണ്ഡ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
പശ്ചിമ സിംഗ്ഭൂം ജില്ലയിലെ സാരന്ദ, സസംഗ്ദാബുരു വനപ്രദേശങ്ങളെ യഥാക്രമം വന്യജീവി സങ്കേതമായും സംരക്ഷണ റിസർവായും വിജ്ഞാപനം ചെയ്യാനുള്ള ദീർഘകാലമായി നിലനിൽക്കുന്ന ഒരു നിർദേശവുമായി ബന്ധപ്പെട്ടതായിരുന്നു വിഷയം.
31,468.25 ഹെക്ടർ എന്ന യഥാർത്ഥ നിർദേശത്തിന് പകരം 57,519.41 ഹെക്ടർ പ്രദേശം വന്യജീവി സങ്കേതമായി വിജ്ഞാപനം ചെയ്യാൻ നിദേശിച്ചതായി സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ നേരത്തെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

