അധിനിവേശ സസ്യവ്യാപനം ജൈവ വൈവിധ്യം നഷ്ടപ്പെടുത്തുന്നതായി പഠന റിപ്പോർട്ട്
text_fieldsകോന്നി: മലയോര മേഖലയിൽ അധിനിവേശ സസ്യങ്ങളുടെ വ്യാപനം ജൈവ വൈവിധ്യ നഷ്ടമുണ്ടാക്കുന്നതായി സ്പാരോ നേച്ചർ കൺസർവേഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തി. 61 ഇനം അധിനിവേശ സസ്യങ്ങളും പ്രാദേശികമായി അധിനിവേശ സ്വഭാവം പ്രകടിപ്പിക്കുന്ന 7 ഇനങ്ങളും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. കാട്ടുപൊന്നാംകണ്ണി, ചുവന്ന കാട്ടുചീര, മാങ്ങാനാറി, കളർചേമ്പ്, നായതുളസി, പൊട്ടൻകലംപൊട്ടി, മഞ്ഞവയറ, ധ്യതരാഷ്ട്ര പച്ച, പോതുഹുല്ല്, ഞൊട്ടാഞൊടിയൻ, തോട്ടപ്പയർ, മുടിയൻപച്ച, കുമ്മിണിപ്പച്ച തുട ങ്ങിയ സസ്യങ്ങൾ മലയോര മേഖലയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി കണ്ടെത്തി.
വീടുകളിൽ അലങ്കാര സസ്യങ്ങളായി വളർത്തുന്ന അധിനിവേശ സസ്യങ്ങളുടെ പട്ടികയിൽ പെടുന്നതുമായ തേൻപൂവള്ളി, കേശവർധിനി, മാണിക്യച്ചെമ്പഴുക്ക, ചെമ്പഴുക്ക, ഹെലിക്കോണിയ, വേലിപ്പരത്തി തുടങ്ങിയവ പുറത്തേക്ക് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. മെക്സിക്കൻ സൂര്യകാന്തിയും-അഗ്ലോനിമയും പോലുള്ള അലങ്കാര സസ്യങ്ങൾ വീടുകളിൽ നിന്ന് ഉപേക്ഷിച്ച ശേഷം പൊതു സ്ഥലങ്ങളിലേക്കു വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ട്.
മുള്ളൻപായൽ, കുളവാഴ, ആഫ്രിക്കൻ പായൽ, മുട്ടപ്പായൽ, മഞ്ഞപ്പായൽ തുടങ്ങിയ ജലസസ്യങ്ങൾ തോടുകളിലും കുളങ്ങളിലും വളർന്നിട്ടുണ്ട്. പേപ്പർ നിർമാണത്തിനുപയോ ഗിക്കുന്ന പേപ്പർ മൾബറി എന്ന വിദേശ വൃക്ഷത്തിന്റെ വ്യാപനം അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളിൽ രൂക്ഷമാണ്. തോടുകളിൽ വളരുന്ന സസ്യങ്ങൾ കാരണം വെള്ളമൊഴുക്ക് തടസ്സപ്പെടുകയും ജലജീവികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.
വനങ്ങൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ, നദീതീരങ്ങൾ എന്നിവയുടെ സ്വാഭാവിക ഘടനയിൽ മാറ്റം വരുത്തുകയും പക്ഷികൾ, പ്രാണികൾ, മറ്റു വന്യജീവികൾ എന്നിവയുടെ നിലനിൽപിനെ ബാധിക്കുകയും ചെയ്യും. അധിനിവേശ സസ്യങ്ങളുടെ വ്യാപനം നിയന്ത്രിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജൈവ വൈവിധ്യ മാനേജ്മെന്റ് സമിതികൾ, വനംവകുപ്പ്, കൃഷി വകുപ്പ്, പൊതുജനങ്ങൾ എന്നിവയുടെ ഇടപെടൽ വേണം.
സ്പാരോ നേച്ചർ കൺസർവേഷൻ ഫോറം സെക്രട്ടറി ചിറ്റാർ ആനന്ദന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ഡോ. സണ്ണി മൈക്കിൾ, അംഗങ്ങളായ പ്രേംചന്ദ് ഇളകൊള്ളൂർ, ആർ. ചിഞ്ചു, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ല കോഓഡിനേറ്റർ ആർ. കാവ്യ, ഗ്രീൻ ലിങ്ക് ഇക്കോ അംഗങ്ങളായ അരുൺ സി. രാജൻ, നിരുപമ രാജ്, രഹ നവാസ്, ആർ. അരുന്ധതി എന്നിവർ സർവേയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

