ഗംഗാനദി 1300 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചാവസ്ഥയിലെന്ന് ഐ.ഐ.ടി പഠനം
text_fieldsവറ്റിവരണ്ട ഗംഗാനദി
ന്യൂഡൽഹി: 1300 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചാവസ്ഥയാണ് ഗംഗാനദി നേരിടുന്നതെന്ന് റിപ്പോർട്ട്. ഐ.ഐ.ടി ഗാന്ധിനഗറും അരിസോണ യൂനിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നി രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി നിലവിൽ അതിന്‍റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഭാവിയിൽ ചൂട് കൂടുന്നതിന് അനുസരിച്ച് അതിന്‍റെ തോത് വർധിക്കുമെന്നും പഠനം പറയുന്നു. അമേരിക്കൻ പീയർ റിവ്യുഡ് സയന്‍റിഫിക്ക് ജേണലായ പ്രൊസീഡിംങ് ഓഫ് ദി നാഷനൽ അക്കാദമി ഓഫ് സയൻസിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ലോകത്തിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുളള പ്രദേശങ്ങളിൽ ഒന്നായ ഗംഗാനദീതട തീരങ്ങളിലെ ജലസുരക്ഷ, കാർഷിക മേഖല, വൈദ്യുതി ഉൽപാദനം എന്നിവയെ കുറിച്ചുളള ആശങ്കകളും പഠനത്തിൽ പ്രതിപാദിക്കുന്നു.
പാലിയോ ക്ലയ്മെന്‍റ് റെക്കോർഡ്സ്, നൂതനജല ശാസ്ര്ത മാതൃകകൾ, ഇസ്ട്രുമെന്റ് മോഡലുകൾ എന്നിവ ഉപയോഗിച്ചാണ് 13 നൂറ്റാണ്ടുകൾക്കിടയിലെ ഗംഗാനദിയുടെ പഴയ നീരൊഴുക്കിനെ കുറിച്ച് പഠനം നടത്തിയത്. 1990കളുടെ തുടക്കത്തിൽ നദിയുടെ നീരൊഴുക്ക് 16,18 നൂറ്റാണ്ടുകളിലെ വലിയ വരൾച്ചയെക്കാൾ കടുത്തതായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.
അവസാന മൂന്ന് പതിറ്റാണ്ടുകളിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന വരൾച്ചയെയും നദി അഭിമുഖീകരിച്ചു. 2004 -2010 കാലങ്ങളിൽ അനുഭവപ്പെട്ട വരൾച്ച സഹസ്രബ്ദത്തിലെ ഏറ്റവും വലിയ വരൾച്ചയായി കണക്കാക്കുന്നുവെന്ന് ഐ.ഐ.ടി ഗാന്ധിനഗറിലെ ദീപേഷ് സിംങ് ചുപ്ഹൽ ചൂണ്ടിക്കാണിച്ചു.
1991-2020ന് ഇടയിൽ രണ്ട് വലിയ വരൾച്ചയും നദി അനുഭവിച്ചു. 1991-97 മുതൽ 2004-10 വരെ പത്തിലേറെ തവണ ദീർഘകാലം നീണ്ടുനിൽക്കുന്നതും, 1300 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വലിയ വരൾച്ചയും ഉണ്ടായി. ഗംഗാതാഴ്വരയിൽ മൺസൂൺ മഴ സ്ഥിരമായി കുറയുന്നത് വരൾച്ചക്കിടയാക്കുന്നു. വരൾച്ച പ്രധാനമായും മൺസൂൺ വ്യതിയാനവുമായി ബന്ധപ്പെട്ടതാണെങ്കിലും മനുഷ്യ പ്രേരിത ഘടകങ്ങൾ കാരണമായിട്ടുണ്ടെന്നും പഠനം പറയുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂടും വായുമലിനീകരണവും കാരണം ദുർബലമാകുന്ന വേനൽക്കാല മൺസൂൺ 1950കൾ മുതൽ തന്നെ മഴയുടെ അളവിൽ 10 ശതമാനം ഇടിവുണ്ടാക്കി. പടിഞ്ഞാറൻ പ്രദേശങ്ങളിലാവട്ടെ 30ശതമാനവും കുറഞ്ഞു.
താപനില ഉയരുന്നത് ജലത്തിന്‍റെ സ്വഭാവികതയിൽ മാറ്റം സംഭവിക്കുന്നു. വേനൽക്കാല മൺസൂൺ മഴയുടെ കുറവാണ് നദികളുടെ ഒഴുക്ക് കുറക്കുന്ന പ്രധാന ഘടകം. കാലാവസ്ഥ വ്യതിയാനം കാരണം ഭാവിയിൽ ഗംഗയുടെ ഒഴുക്ക് 5ശതമാനം മുതൽ 35 ശതമാനം വരെ കുറയാൻ സാധ്യത ഉണ്ട്.
അമിതമായി ഭൂഗർഭജലം ഉപയോഗിക്കുന്നതും നീരൊഴുക്ക് കുറക്കാൻ കാരണമായി. ഇത് നദിയുടെ അടിയൊഴുക്ക് കുറക്കുകയും വേനൽക്കാലത്ത് നദി വളരെ പെട്ടെന്ന് വരളാനും കാരണമാകുന്നു. മഴ കുറയുകയും ഭൂഗർഭജലത്തിന്‍റെ അമിതമായ ഉപയോഗത്താലും കൃഷി, ജലസേചനം, കുടിവെളളം വിതരണം എന്നിവയെയെല്ലാം ഗുരുതരമായി ബാധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥ വ്യതിയാനം മൂലം മഴ വർദ്ധിക്കുന്നതിനാൽ 2040 ലോടെ വരൾച്ചയെ മറികടക്കാൻ സാധിക്കും എന്നാണ് പ്രവചിക്കുന്നത്. എന്നാൽ, ഭൂഗർഭ ജലനിരക്കിന്‍റെ ചൂഷ്ണം അധികമാകുന്നതിൽ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ തിരിച്ചുവരവ് അസാധ്യമാവും. ഗംഗനദിയും അതിന്‍റെ താഴ്വരെയും ഇന്ത്യയുടെ മൊത്തം ജി.ഡി.പിയുടെ 40 ശതമാനമാണ് സംഭാവന നൽകുന്നത്. രാജ്യത്തിന്‍റെ കാർഷിക മേഖലയെ നിലനിർത്തുന്നതിന് ദീർഘകാല വരൾച്ചകൾ ആവർത്തിച്ച് വരുന്നത് ഇല്ലാതാവാണം. അതിനാൽ ഭൂഗർഭ ജല നിയന്ത്രണം, മികച്ച മൺസൂൺ പ്രവചനം, സുസ്ഥിര ഭൂഗർഭ ജല പരിപാലനം, ജലസംരക്ഷണ പദ്ധതികൾ എന്നിവ ആവശ്യമാണെന്നും പഠനം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

