ഇന്ത്യൻ മഹാസമുദ്രം ചുട്ടുപൊള്ളുന്നു; ശക്തമായ എൽ നിനോ ഇന്ത്യയുടെ കാലാവസ്ഥ തകിടം മറിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പസഫിക് സമുദ്രത്തിൽ രൂപംകൊണ്ടിരിക്കുന്ന ശക്തമായ എൽ നിനോ പ്രതിഭാസം വരാനിരിക്കുന്ന മാസങ്ങളിൽ ഇന്ത്യയുടെ കാലാവസ്ഥയെ കാര്യമായി സ്വാധീനിച്ചേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വടക്കുകിഴക്കൻ മൺസൂൺ, ശീതകാലാവസ്ഥ, ഒക്ടോബർ, ഡിസംബർ മാസങ്ങളിലെ ചുഴലിക്കാറ്റ് എന്നിവയെല്ലാം ഇതിന്റെ ഫലമായി മാറിമറിഞ്ഞേക്കാം. ബുധനാഴ്ച നടന്ന മാധ്യമ സംവാദത്തിലാണ് കാലാവസ്ഥാ നിരീക്ഷകർ ഈ മുന്നറിയിപ്പ് നൽകിയത്.
പരമ്പരാഗതമായി എൽ നിനോ കൊണ്ട് രൂപപ്പെടുന്ന വരൾച്ച എന്ന രീതിയിൽ മാത്രമായിരിക്കില്ല ഇതിന്റെ ആഘാതമെന്നും, അതിവേഗം ചൂടുപിടിക്കുന്ന ഇന്ത്യൻ മഹാസമുദ്രം ഇതിന് കൂടുതൽ സങ്കീർണ്ണത നൽകുന്നുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങൾ, കടുത്ത ചൂട്, അതിതീവ്ര മഴ എന്നിവക്കുള്ള സാധ്യത ഇത് വർധിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ റോക്സി മാത്യു കോൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള എൽ നിനോ അസാധാരണമാംവിധം ശക്തമാണെന്നും നവംബറോടെ ഇത് അതിന്റെ പാരമ്യത്തിൽ എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തെ ഉപരിതല താപനില നിലവിൽ സാധാരണയേക്കാൾ 2.6° മുതൽ 3° വരെ കൂടുതലാണെന്നും ചില പ്രദേശങ്ങളിൽ ഇത് ഇനിയും കൂടുമെന്നും കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. 2027 ഏപ്രിൽ-മെയ് മാസത്തോടെ ഈ പ്രതിഭാസം ദുർബലപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അതിനുശേഷവും മാസങ്ങളോളം ഇതിന്റെ അവശേഷിക്കുന്ന ചൂട് ആഗോള കാലാവസ്ഥയെ സ്വാധീനിച്ചേക്കാം.
എൽ നിനോയും ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂടും ഒന്നിച്ചുചേരുമ്പോഴുള്ള തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചാണ് ചർച്ച പ്രധാനമായും നടന്നത്. ശരത്കാലത്തും ശീതകാലത്തും അതിശക്തമായ എൽ നിനോ തുടരാൻ 90 ശതമാനത്തിലധികം സാധ്യതയുണ്ടെന്ന് യു.എസിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ ഏറ്റവും പുതിയ വിലയിരുത്തലുകളൾ വ്യക്തമാക്കുന്നത്.
കാലാവസ്ഥക്ക് പുറമെ സമുദ്രത്തിലെ ജീവജാലങ്ങളെയും ഈ പ്രതിഭാസം ബാധിച്ചേക്കാമെന്ന് കൊച്ചിയിലെ സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് എക്കോളജിയിലെ ശാസ്ത്രജ്ഞയായ സ്മിത ബി.ആർ പറഞ്ഞു. എൽ നിനോ കാലഘട്ടത്തിലെ ദുർബലമായ കാറ്റ് അറബിക്കടലിലെ സമുദ്രോത്പന്നങ്ങളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നും, ഇത് മത്സ്യബന്ധനത്തെയും മത്സ്യങ്ങളുടെ പ്രജനനത്തെയും ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനം ആഗോള കാലാവസ്ഥാ രീതികളെ നിരന്തരം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണെന്നും, പണ്ടൊക്കെ അപൂർവ്വമായി കണ്ടിരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ ഇപ്പോൾ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മെൽബൺ സർവകലാശാലയിലെ ഗവേഷകയായ ഹിമാദ്രി സെയ്നി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

