Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

500 ഹെക്ടർ വരെയുള്ള ഖനന പദ്ധതികൾക്ക് ഇനി സംസ്ഥാനങ്ങൾക്ക് അനുമതി നൽകാം; കേന്ദ്രം പരിധി ഉയർത്തി

text_fields
bookmark_border
500 ഹെക്ടർ വരെയുള്ള ഖനന പദ്ധതികൾക്ക് ഇനി സംസ്ഥാനങ്ങൾക്ക് അനുമതി നൽകാം; കേന്ദ്രം പരിധി ഉയർത്തി
cancel

ന്യൂഡൽഹി: 500 ഹെക്ടർ വരെ വിസ്തൃതിയുള്ള കൽക്കരി ഇതര ഖനന പദ്ധതികൾക്ക് ഇനി സംസ്ഥാനതലത്തിൽ പാരിസ്ഥിതിക അനുമതി നൽകാം. നേരത്തേ 250 ഹെക്ടർ വരെയുള്ള പദ്ധതികൾക്കായിരുന്നു സംസ്ഥാനതല സമിതികൾക്ക് അനുമതി നൽകാനുള്ള അധികാരം. പരിധി ഉയർത്തിയതോടെ വലിയ ഖനന പദ്ധതികളുടെ അനുമതി നടപടികൾ കൂടുതൽ വികേന്ദ്രീകരിക്കുകയാണ് കേന്ദ്രസർക്കാർ.

2006-ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ) വിജ്ഞാപനത്തിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഈ മാറ്റം നടപ്പാക്കിയത്. സംസ്ഥാനതല സമിതികൾക്ക് കൽക്കരി ഖനന പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ രണ്ട് പതിറ്റാണ്ടിന്റെ അനുഭവമുണ്ടെന്നതാണ് ഭേദഗതിക്ക് കേന്ദ്രം ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം.

ഇതിനുള്ള കരട് വിജ്ഞാപനം ഈ വർഷം ജൂലൈയിൽ പുറത്തിറക്കിയിരുന്നു. നവംബർ 18-നാണ് ഭേദഗതി ഔദ്യോഗികമായി വിജ്ഞാപനം ചെയ്തത്. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിൽ നടപ്പാക്കിയ 2006-ലെ ഇ.ഐ.എ വിജ്ഞാപനത്തിലാണ് മാറ്റം വരുത്തിയത്.

ഭേദഗതി പ്രകാരം 250 ഹെക്ടറിന് മുകളിൽ 500 ഹെക്ടർ വരെ വിസ്തൃതിയുള്ള കൽക്കരി ഇതര ഖനന പദ്ധതികൾ ഇനി സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതികൾക്ക് പരിശോധിക്കാം. ഇത്തരം പദ്ധതികൾക്ക് സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റികൾക്ക് അനുമതി നൽകാനും കഴിയും. ഇതോടെ കേന്ദ്രതലത്തിലുള്ള പരിശോധനയും അനുമതിയും ഒഴിവാകും.

കഴിഞ്ഞ 20 വർഷത്തിനിടെ സംസ്ഥാനതല അധികാരികൾ നേടിയ പരിചയം, പരിസ്ഥിതി അനുമതിക്കായുള്ള അപേക്ഷകൾ പരിവേഷ് പോർട്ടൽ വഴി ഓൺലൈനായി കൈകാര്യം ചെയ്യുന്നത്, സംസ്ഥാന-കേന്ദ്ര വിദഗ്ധ സമിതികളുടെ സമാനമായ പ്രവർത്തന പരിചയം എന്നിവയാണ് മന്ത്രാലയം ഭേദഗതിക്ക് അനുകൂലമായി ചൂണ്ടിക്കാട്ടിയത്. 500 ഹെക്ടർ വരെയുള്ള കൽക്കരി ഖനന പദ്ധതികൾ വിലയിരുത്താനുള്ള അധികാരം നേരത്തേ തന്നെ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

വിദഗ്ധ ഉപദേശക സമിതിയുടെ ശിപാർശയെ തുടർന്നാണ് ഭേദഗതി കൊണ്ടുവന്നത്. ജൂലൈ 27-ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിരുന്നു. പുതിയ തീരുമാനം സംസ്ഥാനതല പരിസ്ഥിതി അധികാരികളുടെ ഉത്തരവാദിത്തം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - States can now approve mining projects up to 500 hectares; Centre raises limit
Next Story