Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്രയാത്രക്ക് വിരാമം; കടലിന്റെ ആഴങ്ങളിൽ ഇനി പുതിയ ജീവിതം; ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റാകാൻ 'എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ്സ്'

text_fields
bookmark_border
news
cancel

ഫ്ലോറിഡ: ഒരുകാലത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ ആഡംബര യാത്രകളുടെയും വേഗതയുടെയും പ്രതീകമായിരുന്ന അമേരിക്കയുടെ പ്രശസ്ത കപ്പൽ 'എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ്സ്' ഒടുവിൽ കടലിന്റെ ആഴങ്ങളിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റാക്കി മാറ്റുന്നതിന്റെ ഭാഗമായി ബുധനാഴ്ച ഫ്ലോറിഡ തീരത്തെ മെക്സിക്കൻ ഉൾക്കടലിൽ കപ്പൽ മനഃപൂർവം മുക്കി. അമേരിക്കയിൽ നിർമിച്ച ഏറ്റവും വലിയ യാത്രാക്കപ്പലായിരുന്ന ഇതിന്റെ ഏകദേശം 75 വർഷം നീണ്ട ചരിത്രത്തിനാണ് ഇതോടെ തിരശ്ശീല വീണത്.

ഏകദേശം 300 മീറ്റർ നീളമുള്ള കപ്പലിന്റെ അവസാന യാത്ര കാണാൻ നിരവധി പേരാണ് കടൽത്തീരത്തും ബോട്ടുകളിലുമായി എത്തിയത്. ടഗ് ബോട്ടുകളുടെയും വിനോദസഞ്ചാര ബോട്ടുകളുടെയും അകമ്പടിയോടെയാണ് കപ്പൽ കടലിലേക്ക് കൊണ്ടുപോയത്. ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പുകൾക്കുശേഷമായിരുന്നു ചരിത്രപ്രസിദ്ധമായ കപ്പലിനെ കടലിൽ മുക്കിയത്.

കടലിൽ മുക്കുന്നതിന് മുന്നോടിയായി പരിസ്ഥിതിക്ക് ദോഷകരമായേക്കാവുന്ന വസ്തുക്കളെല്ലാം കപ്പലിൽനിന്ന് നീക്കം ചെയ്തിരുന്നു. അവശേഷിച്ച ഇന്ധനം, വയറുകൾ, ചില്ലുകൾ, വായുസഞ്ചാര സംവിധാനങ്ങളുടെ ഭാഗങ്ങൾ തുടങ്ങിയവയും ഒഴിവാക്കി. ഡൈവിങ് നടത്തുന്നവർക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളും നീക്കം ചെയ്തു.

കപ്പൽ നിയന്ത്രിതമായി കടലിൽ താഴുന്നതിനായി പുറംചട്ടയിലും 12 ഡെക്കുകളിലുമായി പ്രത്യേക ദ്വാരങ്ങൾ നിർമിച്ചു. സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാതെയാണ് കപ്പൽ മുക്കിയത്. സമുദ്രജീവികൾക്ക് കപ്പലിനുള്ളിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് സഞ്ചരിക്കാനും കഴിയുന്ന തരത്തിൽ പ്രത്യേക പാതകളും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ കപ്പലിന്റെ അവശിഷ്ടങ്ങൾ പുതിയൊരു സമുദ്ര ആവാസവ്യവസ്ഥയായി മാറുമെന്നാണ് പ്രതീക്ഷ.

ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കപ്പൽ മുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ വളരെ സാവധാനത്തിലായിരുന്നു കപ്പൽ താഴ്ന്നത്. മണിക്കൂറുകൾ പിന്നിട്ടതോടെ കപ്പലിന്റെ അടിഭാഗത്ത് നിർമിച്ച ദ്വാരങ്ങളിലൂടെ വെള്ളം ഇരച്ചുകയറി. തുടർന്ന് കപ്പൽ ഇടതുവശത്തേക്ക് ചരിഞ്ഞ് പതുക്കെ കടലിനുള്ളിലേക്ക് താഴുകയായിരുന്നു. അവസാന നിമിഷങ്ങളിൽ കപ്പൽ കടലിൽ അപ്രത്യക്ഷമാകുന്നതിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തു.

ഫ്ലോറിഡയിലെ ഡെസ്റ്റിൻ തീരത്തുനിന്ന് അകലെയുള്ള മെക്സിക്കൻ ഉൾക്കടലിൽ 180 അടി താഴ്ചയിലാകും കപ്പൽ നിലയുറപ്പിക്കുക. കപ്പലിന്റെ മുകൾഭാഗം കടൽനിരപ്പിൽനിന്ന് ഏകദേശം 50 അടി താഴെയായിരിക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. കപ്പലിന്റെ ഉൾഭാഗത്തെ അറകളിൽ വെള്ളം പൂർണമായി നിറഞ്ഞാൽ 30 മുതൽ 60 മിനിറ്റിനുള്ളിൽ കടലിന്റെ അടിത്തട്ടിലെത്തുമെന്നാണ് പദ്ധതിയുടെ വക്താവ് വാറൻ ജോൺസ് അറിയിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള കാലഘട്ടത്തിൽ ആഡംബരത്തിന്റെയും സാങ്കേതിക മികവിന്റെയും പ്രതീകമായിരുന്നു എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ്സ്. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സമ്പന്നരും പ്രശസ്തരുമായ നിരവധി യാത്രക്കാരെ വഹിച്ചിരുന്ന കപ്പൽ ലോകത്തിലെ ഏറ്റവും വേഗമേറിയ യാത്രാക്കപ്പലെന്ന ഖ്യാതിയും സ്വന്തമാക്കിയിരുന്നു. എന്നാൽ വാണിജ്യ വിമാനയാത്രകൾക്ക് പ്രചാരം വർധിച്ചതോടെ 1969-ൽ കപ്പൽ സർവിസ് അവസാനിപ്പിച്ചു.

സർവിസ് അവസാനിപ്പിച്ചതിനുശേഷം ഏകദേശം 30 വർഷത്തോളം ഫിലാഡൽഫിയയിൽ കെട്ടിയിട്ട നിലയിലായിരുന്നു കപ്പൽ. ഒടുവിൽ ആക്രിയായി പൊളിച്ചുവിൽക്കപ്പെടുമെന്ന ഘട്ടത്തിലാണ് ഫ്ലോറിഡയിലെ ഒകാലൂസ കൗണ്ടി അധികൃതർ ഇടപെട്ടത്. 1.3 കോടി ഡോളറിന്റെ പദ്ധതിയുടെ ഭാഗമായി കപ്പൽ വാങ്ങുകയായിരുന്നു. കപ്പലിനെ ആക്രിക്കടയിലേക്ക് പോകാതെ സംരക്ഷിക്കാൻ വർഷങ്ങളോളം ശ്രമിച്ചിരുന്നതായി എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ്സ് കൺസർവൻസിയുടെ പ്രതിനിധിയായ ജോൺസ് പറഞ്ഞു.

യുഎസ് കോസ്റ്റ് ഗാർഡിന്റെയും മറ്റ് ബന്ധപ്പെട്ട ഏജൻസികളുടെയും അനുമതി ലഭിച്ചതിനുശേഷം കപ്പൽ അലബാമയിലെ മൊബൈലിലുള്ള കപ്പൽശാലയിലേക്ക് മാറ്റി. കടലിൽ മുക്കുന്നതിനാവശ്യമായ ഒരുക്കങ്ങൾ അവിടെയാണ് പൂർത്തിയാക്കിയത്. പിന്നീട് ഫ്ലോറിഡ തീരത്തേക്ക് കൊണ്ടുപോയി അവസാന യാത്രയ്ക്ക് തുടക്കമിട്ടു.

നേരത്തെ മുങ്ങിയ കപ്പലുകളുടെയും കോൺക്രീറ്റ് നിർമിതികളുടെയും അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമിച്ച 500-ലധികം ചെറു കൃത്രിമ പവിഴപ്പുറ്റുകൾ ഡെസ്റ്റിൻ-ഫോർട്ട് വാൾട്ടൺ ബീച്ച് മേഖലയിലുണ്ട്. ഈ ശൃംഖലയിലേക്കാണ് എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ്സും ഇനി ചേരുന്നത്. കപ്പൽ മുങ്ങിയതിനു പിന്നാലെ തന്നെ അവശിഷ്ടങ്ങൾ കാണാൻ ഡൈവിങ് സംഘങ്ങൾ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഒരുകാലത്ത് ആയിരക്കണക്കിന് യാത്രക്കാരെ വഹിച്ചിരുന്ന ചരിത്രകപ്പൽ ഇനി സമുദ്രജീവികളുടെ പുതിയ ആവാസകേന്ദ്രമായി മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - An end to the historic journey; a new life in the depths of the ocean; 'SS United States' to become the world's largest artificial reef
Next Story