നേപ്പാളിന് പിന്നാലെ ഇന്ത്യക്കും ഭീഷണി? സിക്കിമിൽ 40 ഹിമാനി തടാകങ്ങൾ അപകടസാധ്യതയിൽ
text_fieldsഗാങ്ടോക്ക്: 1000-ത്തിലേറെ പേരുടെ ജീവനപഹരിച്ച നേപ്പാൾ പ്രളയം പ്രകൃതി മനുഷ്യനുയർത്തുന്ന ഭീഷണിയുടെ നേർസാക്ഷ്യമാണ്. ഇതിനിടെയാണ് ഇപ്പോൾ ഇന്ത്യക്ക് ആശങ്ക നൽകിക്കൊണ്ട് ഏറ്റവും പുതിയ വാർത്ത പുറത്ത് വരുന്നത്. ഹിമാലയത്തിൽ കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന ഭീഷണികൾക്കിടെ സിക്കിമിൽ അപകടസാധ്യതയേറിയ 40 ഹിമാനി തടാകങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഇവയിൽ 16 എണ്ണം ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ളതാണ്. സിക്കിമിൽ 2023-ൽ ഉണ്ടായ ഹിമാനി വിസ്ഫോടന പ്രളയത്തിന്റെ നടുക്കം മാറും മുമ്പേ പുതിയ ഭീഷണികൾ ഉയരുന്നത് ദുരന്തനിവാരണ സംവിധാനങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്. ഷാക്കോ ചോ എന്ന തടാകമാണ് ഏറ്റവും അപകടസാധ്യതയേറിയത്.
മഞ്ഞ് മലകളും പാറകളും അടർന്ന് വീണതാണ് നേപ്പാൾ ദുരന്തത്തിന്റെ പ്രധാനകാരണം. എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾക്ക് ഹിമാലയൻ ജനവാസകേന്ദ്രങ്ങൾ കൂടുതൽ വിധേയമാകുമെന്ന ആശങ്ക ഇത് ഉയർത്തുന്നു. മുന്നൊരുക്കങ്ങളുടെ ഭാഗമെന്നോണം ഹിമാനി തടാകങ്ങൾ നിരീക്ഷിക്കുന്നതിനായി ഉപഗ്രഹ ചിത്രങ്ങളും റിമോട്ട് സെൻസിങ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ടെന്ന് സിക്കിം പ്രിൻസിപ്പൽ സെക്രട്ടറി സന്ദീപ് താംബെ അറിയിച്ചു. രണ്ട് തടാകങ്ങൾ കാറ്റഗറി ബി യിലും ഒമ്പതെണ്ണം കാറ്റഗറി സി യിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
മഞ്ഞ് ഉരുകുമ്പോൾ അവയ്ക്കു ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടന്നാണ് ഹിമാനി തടാകങ്ങൾ രൂപപ്പെടുന്നത്. അമിതമായി വെള്ളം നിറഞ്ഞും മണ്ണിടിച്ചിലോ ഭൂചലനമോ മൂലവും ഇത്തരം തടാകങ്ങളുടെ തടയണ തകരുമ്പോൾ വൻതോതിൽ വെള്ളവും ചെളിയും അവശിഷ്ടങ്ങളും താഴേക്ക് കുത്തിയൊഴുകുന്നു. ഇതിനെയാണ് ഹിമാനി തടാക വിസ്ഫോടന പ്രളയം (ജി.എൽ.ഒ.എഫ്) എന്ന് വിളിക്കുന്നത്.
ഇത്തരം ദുരന്തങ്ങളുടെ പ്രത്യാഘാതം സിക്കിം നേരത്തെ തന്നെ അനുഭവിച്ചിട്ടുണ്ട്. 2023 ഒക്ടോബറിലാണ് അവസാനമായി സിക്കിമിൽ ഹിമാനി വിസ്ഫോടന പ്രളയം ഉണ്ടായത്. അന്ന് 60-ഓളം പേർ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു. ചുങ്താങ് അണക്കെട്ട് പൂർണമായും തകർന്നു.
ഷാക്കോ ചോ തടാകത്തെയാണ് അപകടസാധ്യതയേറിയ തടാകമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. തടാകത്തിൽ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടുത്തിയ വിശദമായ പദ്ധതി റിപ്പോർട്ട് ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ഇതിന്റെ പ്രാഥമിക റിപ്പോർട്ട് ജൽശക്തി മന്ത്രാലയത്തിനും കൈമാറി.
ഓരോ തടാകത്തിനും ഒരേ തരത്തിലുള്ള പരിഹാരം പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. തടാകങ്ങളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുകയോ പമ്പ് ചെയ്യുകയോ ചെയ്യാം. നിലവിലുള്ള നീർചാലുകൾ മെച്ചപ്പെടുത്തി പുതിയവ നിർമിക്കുക, പാറക്കൂട്ടങ്ങളുടെ അളവ് കുറച്ച് സുരക്ഷാ മതിലുകൾ നിർമിക്കുക, തടാകത്തിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി തുരങ്കങ്ങൾ നിർമിക്കുക തുടങ്ങിയ മാർഗങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

