രാജസ്ഥാനിലെ ചുരുവിൽ ശക്തമായ പൊടിക്കാറ്റിൽ വ്യാപക നാശം; ജനങ്ങൾ പരിഭ്രാന്തിയിൽ
text_fieldsചുരു: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗങ്ങൾ അതിരൂക്ഷമായി തുടരുന്നതിനിടെ, രാജസ്ഥാനിലെ ചുരുവിൽ ശക്തമായ പൊടിക്കാറ്റ് ഉണ്ടായി. ശനിയാഴ്ച ഉച്ചയോടെ പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം പ്രദേശത്ത് കനത്ത പരിഭ്രാന്തി പരത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മേഖലയിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത്. തെളിഞ്ഞ കാലാവസ്ഥയ്ക്ക് പിന്നാലെ ആകാശം കറുത്തിരുണ്ടു. പൊടിക്കാറ്റ് അതിശക്തമായതോടെ കാഴ്ച പരിധി മീറ്ററുകളിലേക്ക് ചുരുങ്ങി. പെട്ടെന്നുണ്ടായ മാറ്റത്തിൽ പകച്ചുപോയ ജനങ്ങൾ സുരക്ഷിത താവളങ്ങൾ തേടി പരക്കം പാഞ്ഞു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റിന്‍റെ ശക്തി കാരണം വാഹനം ഓടിക്കുന്നവരും പരിഭ്രാന്തിയിലായി. ഇന്ത്യയിലെ തന്നെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിൽ ഒന്നാണ് ചുരു. അതേസമയം തന്നെ, തണുപ്പുകാലത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്ന സ്ഥലവും ഇതാണ്.
എന്നാൽ, ഇത്തവണ സ്ഥിതി അതീവ ഗുരുതരമാണ്. രാവിലെ 11 മണിയോടെ തന്നെ തെരുവുകൾ വിജനമാകുന്ന സ്ഥിതിവിശേഷമാണുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്ന താപനിലയാണ് ഇവിടെ രേഖപ്പെടുത്തുന്നത്. വർഷം തോറും വേനൽക്കാലം കൂടുതൽ കടുപ്പമേറിയതാകുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പകലിനെപ്പോലെ തന്നെ രാത്രികളിലും ചൂട് സഹിക്കാനാവാത്ത അവസ്ഥയാണ്.
താർ മരുഭൂമിയോട് ചേർന്നു കിടക്കുന്ന ചുരുവിൽ അന്തരീക്ഷത്തിലെ ഈർപ്പം വളരെ കുറവാണ്, മേഘാവൃതമായ അന്തരീക്ഷവും അപൂർവ്വമാണ്. ചുരുവിലെ ഈ കാലാവസ്ഥാ മാറ്റം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനയാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇവിടുത്തെ ശരാശരി വേനൽക്കാല താപനിലയിൽ 1.5 ഡിഗ്രി സെൽഷ്യസിലധികം വർധനയാണുണ്ടായിരിക്കുന്നത്. പെട്ടെന്നുണ്ടായ ചൂടുകാറ്റ് പ്രദേശത്തെ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

