Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13 ശതമാനം മഴക്കുറവ് മാത്രം: കോടികൾ ചെലവിട്ട് ജലസംരക്ഷണം; എന്നിട്ടും രാജ്യം വരൾച്ചയിൽ

text_fields
bookmark_border
news
cancel
camera_alt

ഫോട്ടോ കടപ്പാട് ഫ്രീ പ്രസ്സ് ജേണൽ

ന്യൂഡൽഹി: രാജ്യത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ 13 ശതമാനം കുറവ് മാത്രമാണെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ രൂക്ഷമായ വരൾച്ച. നീണ്ട വരണ്ട കാലയളവും പ്രാദേശികമായി വലിയ മഴക്കുറവും മണ്ണിലെ ഈർപ്പം നഷ്ടപ്പെടുന്നതും വിളനാശവുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഐ.ഐ.ടി ഗാന്ധിനഗറിന്റെ ഇന്ത്യ ഡ്രോട്ട് മോണിറ്റർ കണക്കുപ്രകാരം രാജ്യത്തിന്റെ 70.6 ശതമാനം പ്രദേശവും വരണ്ടതോ വരൾച്ചാ സാഹചര്യത്തിലോ ആണ്.

മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് സ്ഥിതി കൂടുതൽ ഗുരുതരം. കർണാടകയിലെ 240 താലൂക്കുകളിൽ 217 എണ്ണവും മഹാരാഷ്ട്രയിലെ 358 താലൂക്കുകളിൽ 265 എണ്ണവും ഇതിനകം വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ 21 ജില്ലകളിലെ 388 മണ്ഡലങ്ങളും വരൾച്ചാബാധിത പട്ടികയിലുണ്ട്.

ദേശീയ ശരാശരിയിലെ മഴക്കുറവ് മുൻകാലത്തെ വലിയ വരൾച്ചാ വർഷങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും പ്രാദേശിക സാഹചര്യങ്ങൾ വ്യത്യസ്തമാണ്. 1987ലും 2002ലും രാജ്യത്തെ മൺസൂൺ മഴയിൽ 19 ശതമാനം കുറവുണ്ടായിരുന്നു. 2015ൽ 14 ശതമാനമായിരുന്നു കുറവ്. ഇത്തവണ ജൂണിൽ മാത്രം 40 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ മഴയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും ഓഗസ്റ്റിൽ വീണ്ടും 16.3 ശതമാനം കുറവുണ്ടായി.

മഴക്കുറവ് മാത്രമല്ല വരൾച്ച പ്രഖ്യാപനത്തിന് പരിഗണിക്കുന്നത്. മഴയുടെ അളവ്, വരണ്ട കാലയളവ്, വിളകളുടെ സ്ഥിതി, മണ്ണിലെ ഈർപ്പം, സസ്യാവരണം, ജലലഭ്യത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണ് സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കുന്നത്.

വരൾച്ച ആവർത്തിക്കുന്നതിന് പിന്നാലെ രാജ്യത്തെ ജലസംരക്ഷണ പദ്ധതികളുടെ ഫലപ്രാപ്തിയും ചർച്ചയാകുകയാണ്. എം.ജി.എൻ.ആർ.ഇ.ജി.എ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ദശലക്ഷക്കണക്കിന് ജലസംരക്ഷണ സംവിധാനങ്ങൾ നിർമിച്ചിട്ടുണ്ട്. 2025 വരെ 62.89 ലക്ഷം ജലവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തിയാക്കിയതായാണ് കണക്ക്. 7.61 ലക്ഷം പ്രവൃത്തികൾ പുരോഗതിയിലുമുണ്ട്.

2023-24 മുതൽ 2026-27 ജൂൺ 30 വരെ ജലവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി 1.353 ലക്ഷം കോടി രൂപ ചെലവഴിച്ചതായും കേന്ദ്ര കണക്കുകൾ വ്യക്തമാക്കുന്നു. നീർത്തട വികസന പദ്ധതികളിലൂടെയും ലക്ഷക്കണക്കിന് ജലസംഭരണ സംവിധാനങ്ങൾ നിർമിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എന്നിട്ടും മഴയുടെ വിതരണത്തിൽ ചെറിയ മാറ്റമുണ്ടാകുമ്പോൾ തന്നെ കാർഷിക മേഖലകൾ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ജലസംഭരണ സംവിധാനങ്ങൾ ആവശ്യമായ സ്ഥലങ്ങളിലാണോ നിർമിച്ചിരിക്കുന്നത്, അവ കൃത്യമായി പരിപാലിക്കുന്നുണ്ടോ, നീണ്ട വരൾച്ചയെ നേരിടാൻ ആവശ്യമായത്ര വെള്ളം സംഭരിക്കാനാകുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇതോടെ ഉയരുന്നത്.

2026ലെ വരൾച്ച രാജ്യത്തെ കാർഷിക മേഖല ഇപ്പോഴും മൺസൂണിന്റെ സമയത്തെയും വിതരണത്തെയും എത്രമാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് വീണ്ടും വ്യക്തമാക്കുകയാണ്. പതിറ്റാണ്ടുകളായുള്ള ജലസംരക്ഷണ നിക്ഷേപങ്ങൾ യഥാർഥത്തിൽ വരൾച്ചാ പ്രതിരോധശേഷിയായി മാറിയിട്ടുണ്ടോ എന്നതും ഇനി പരിശോധിക്കേണ്ടതുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Only 13% rainfall deficit: Despite crores spent on water conservation, country faces drought
Next Story